രചന : ബിനു. ആർ. ✍
രാത്രിയിൽ കൊതുകിന്റെ മൂളക്കം ഒരു ശല്യമായി തീരവേ,ഗോവിന്ദൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. എങ്ങനെ കിടന്നാലും കൊതുക് ചെവിയിൽ മൂളുന്നു. ചരിഞ്ഞുകിടന്ന് തലയിണകൊണ്ട് മറ്റേചെവി മൂടിയാലും, പുതപ്പെടുത്ത് തലവഴിയെ പുതച്ചാലും കമഴ്ന്നു കിടന്ന് ചെവി രണ്ടും അടച്ചുപിടിച്ചാലും കേൾക്കാം അലോസരത്തിന്റെ പടുകുഴിയിലേക്കുള്ള ആ മൂളക്കം.
എഴുന്നേറ്റിരിക്കുമ്പോൾ ഗോവിന്ദന് ചുമതുടങ്ങും. തൊണ്ടയിലെന്തോ തടയുന്നതുപോലെയാണത്.ഒടുവിൽ ചുമച്ചു ചുമച്ച് കുറേ കഫവും മറ്റും തുപ്പിക്കളയുമ്പോൾ ഒരാശ്വാസമാണ്. കുറച്ചുകഴിയുമ്പോൾ പിന്നെയും തുടങ്ങും ചുമ.
നെല്ലിയമ്പതിയിൽ പോയിട്ട് ഇന്നലെരാത്രിയാണ് വന്നത്. ലോറിയിൽ അവിടത്തേയ്ക്കുള്ള അരിയും മറ്റും കൊണ്ടുപോയി ഇറക്കിയിട്ടു മടങ്ങിവരുമ്പോഴേയ്ക്കും എപ്പോഴും രാത്രിയാവും.
നെല്ലിയമ്പതിയിലെ വരണ്ട തണുത്ത കാറ്റിന് ചുമപിടിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് ആ നാട്ടുകാരുപറയും, ദാക്ഷായണിയും പറയും. ബീഡിവലിയും തണുത്ത കാറ്റുമാണ് ഗോവിന്ദന് ഈ ചുമ നൽകിയത്.
നിലത്ത് ദാക്ഷായണി പ്രഭാകരനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നു. ഗോവിന്ദന്റെ നിറുത്താതെയുള്ള ചുമ ദാക്ഷായണിയുടെ ഉറക്കം കെടുത്തി. അവൾ തിരിഞ്ഞുമറിഞ്ഞു കണ്ണും തിരുമി എഴുന്നേറ്റിരുന്നു.യൗവനം നിറഞ്ഞ അവളുടെ മാറിടം ബ്ലാസ്സിനുള്ളിൽ ഒതുങ്ങാതെ പുറത്തേക്കു ചാടി. ഇരുട്ടിന്റെ പ്രകാശത്തിലും അയാളതുകണ്ടു.
”നല്ലചുമ യുണ്ടല്ലോ ഞാൻ കുറച്ചു വെള്ളം അനത്തട്ടെ. “
അവൾ മുടി അഴിച്ചുലച്ചു കെട്ടിവയ്ക്കുന്നതിനിടയിൽ ചോദിച്ചു.അവളുടെ മാറിടത്തിന്റെ കുലുക്കം ശ്രദ്ധിക്കുന്നതിനിടയിലും അയാൾ പറഞ്ഞു,
“കുറച്ചു ചുക്കും കുരുമുളകും കൂടി ഇട്.”
ഉറക്കത്തിന്റെ അലസ്യത്തിൽ അവൾ മുണ്ടുകുടഞ്ഞുടുത്തുകൊണ്ട് അകത്തേയ്ക്കുനടക്കുമ്പോൾ ദാക്ഷായണിയെ ഇന്നലെക്കണ്ടതുപോലെ ഗോവിന്ദൻ നോക്കിയിരുന്നു.
ആറുകൊല്ലം മുമ്പ് നെല്ലിയാമ്പതിയിലെ കൊച്ചുകണ്ണന്റെ ചാരായക്കടയിൽ,ചാരായം അടിയ്ക്കുന്നതിന് അന്നാദ്യമായി തന്റെ ഗുരുവും മാർഗദർശ്ശിയുമായ യോസേഫിന്റെ കൂടെ ഗോവിന്ദൻ കയറി.യോസേഫ് നെല്ലിയമ്പതിയിലേക്ക് അരിയും പലവ്യഞ്ജനങ്ങളും എത്തിക്കുന്ന ലോറിയുടെ ഡ്രൈവറാണ്.
അന്ന് ഗോവിന്ദന് പത്തൊമ്പത്തുവയസ്സ് -ഇരുപതുവയസ്സ് പ്രായം. ഒരുചിമിട്ടന്റെ ആകൃതിയും പ്രകൃതിയും.മീശ കരിക്കട്ടയ്ക്ക് വരച്ചതുപോലെയെ ആയിട്ടുള്ളു.
ഷാപ്പിൽ ചെന്നു കയറുമ്പോൾ അച്ചായൻ പറഞ്ഞു.
“ചാരായം അടിക്കുന്നതുകൊള്ളാം ഗോവിന്ദാ, എന്റെ വണ്ടി നാറ്റിച്ചേക്കരുത്.”
പൊരിച്ച ഇറച്ചി വായിൽനിന്ന് തൊണ്ടയിലേയ്ക്ക് തള്ളുവനായാണ് ആദ്യകവിൾ കുടിച്ചത്. പുറകെതിന്ന കപ്പയ്ക്ക് ഇറങ്ങുവാനുള്ള എളുപ്പത്തിനാണ് രണ്ടാമത്തെ കവിൾ കുടിച്ചത്. വായ് ശുചീകരിക്കാനാണ് ബാക്കിമുഴുവൻ കുടിച്ചത്.
പുതിയ പറ്റുകാരന് നീരിനോടുള്ള ആധി കൂടിയപ്പോഴാണ് പനമ്പുമറകൊണ്ടടച്ച മുറിയിക്കകത്ത് കുപ്പിവളച്ചിരിയും പൊട്ടിച്ചിരിയും കേട്ടത്. നോക്കിയപ്പോൾ കണ്ടത്!, ഇഴതീർത്തുനെയ്ത പനമ്പ് മഞ്ഞച്ചിരി ചിരിക്കുന്നു.
വീണ്ടും പകുതിയോളം നീര് ഗ്ലാസിലൊഴിച്ച് വായിലേക്കൊറ്റക്കമഴ്ത്തുകമഴ്ത്തി. കൂട്ടിനായി ഒരു കുത്തുകപ്പയും വായിലേയ്ക്ക് തള്ളിക്കയറ്റി. വായും കവിളും തള്ളി, കിഴങ്ങിനെ അകത്തെക്കുപോകുവാനായി ഒരുക്കുമ്പോൾ കണ്ണും തള്ളി. അപ്പോൾ വീണ്ടും കേട്ടു അകത്തുനിന്നും പൊട്ടിച്ചിരിയുടെ ഒരു പൂത്തിരി.
വായിൽ നിറഞ്ഞിരുന്ന കപ്പയെ തൊണ്ടയിലേയ്ക്ക് തള്ളിയിറക്കി ഗോവിന്ദൻ അച്ചായനോട് ഈർഷ്യയോടെ ചോദിച്ചു,
“ആ പെണ്ണ് ഇത്തിരിനേരമായല്ലോ കിടന്നിളക്കുന്നത്, എന്തോ കണ്ടിട്ടാ?”
“അത് അകത്തിരുന്നു കളിക്കുകയോ മറ്റോ ആകും “.
ആശാൻ ശാന്തനായി പറഞ്ഞു. അയാളിൽ പറ്റ് കയറിത്തുടങ്ങിയിരുന്നു. അയാൾ ഇടയ്ക്കിടെ കഴുത്തിൽ വട്ടം ചുറ്റിയിരുന്ന തോർത്ത്കൊണ്ട് മുഖംവടിച്ചു തുടയ്ക്കുന്നുണ്ടായിരുന്നു.
ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്ന് ഗോവിന്ദൻ വീണ്ടും ഇറച്ചിയും കപ്പയും ചേർത്ത് അണ്ണാക്കിലേയ്ക്ക് തള്ളിക്കയറ്റി. അകത്ത് ചിരി പൂത്തിരി മത്താപ്പായി ചളുങ്ങി ചിളുങ്ങി ചീറ്റിയറഞ്ഞു..
ഗോവിന്ദൻ ചാടിയെഴുന്നേറ്റു, പിന്നെ ആശാനോടാക്രോശിച്ചു,
“അവളുടെ ചിരി ഇന്നുഞാൻ നിറുത്തും.”
അച്ചായൻ അയാളെ തടഞ്ഞു. കൈയ്യിൽ പിടിച്ചു ബലമായി ഇരിക്കാൻ ആവശ്യപ്പെട്ടു.പിന്നെ കുറച്ചു ഗൗരവം കലർത്തി പറഞ്ഞു..
“നീയവിടെയിരിക്ക്. നീ കളിപടിപ്പിക്കാൻ ചെല്ലണത് കണ്ണന്റെ മകളോടാണ്. അത് നന്നാവില്ല. പിന്നെ നിനക്ക് നെല്ലിയാമ്പതി കാണാൻ പറ്റിയെന്നുവരില്ല.”
ആശാൻ കുപ്പിയിലുണ്ടായിരുന്നത് ഊറ്റിക്കുടിച്ചു. അകത്ത് വീണ്ടും പൊട്ടിച്ചിരിയുടെ മത്താപ്പ്.
“ഒരു നൂറ്റമ്പത് കൂടി.”
അച്ചായൻ വിളിച്ചുപറഞ്ഞു. കൊച്ചുകണ്ണന്റെ മകളുടെ ചിരിയോടുള്ള പക അച്ചായന്റെ ശബ്ദത്തിനേക്കാൾ ഉച്ചത്തിലായി
.”ഒരു നൂറ്റമ്പത് എനിക്കും.”
കൊച്ചുകണ്ണൻ നൂറ്റമ്പതിന്റെ രണ്ടു കുപ്പി ചാരായം മേശമേൽ തല്ലിയലച്ചു കൊണ്ടുവച്ചു. ഗോവിന്ദൻ അയാളെ സൂചിയുടെ കൂർമ്മതയോടെ ഒന്നു നോക്കി. കൊച്ചുകണ്ണൻ ഒരു പുശ്ചത്തിന്റെ മേൽക്കൊമ്പുമായി യോസഫിനോടായി ആരാഞ്ഞു.
“യോസഫെ ഏതാ ഈ ചെക്കൻ “
“എന്റെ കിളിയാ “
“ങ് അവനൊരു കിളിതന്നെയാ!”
കണ്ണൻ അവനെയൊന്നിരുത്തി നോക്കി.
“എടാചെറുക്കാ ആശാന്റൊപ്പം അടിക്കണ്ട കരളുവാടും.”
“നിങ്ങൾക്ക് കാശു കിട്ടിയാൽ പോരേ, ഉപദേശം വേണ്ട.”
കണ്ണന്റെ പെണ്ണിനോടുള്ള പക മുഴുവൻ ഗോവിന്ദന്റെ ആ ശബ്ദത്തിൽ ഉണ്ടായിരുന്നു.അവൻ കൊച്ചുകണ്ണനെ ഒന്നടിമുടി ഒരു സൂചിയുടെ കൂർമ്മതയോടെ നോക്കി.
ഒരു കൊമ്പൻവള്ളം പോലെ മേൽമീശ ചുണ്ടിന്റെ മുകളിൽ വിരാജിക്കുന്നു. ചുണ്ട് ആ കാടുകൾക്കിടയിലെവിടെയോ കുടുങ്ങിക്കിടക്കുന്നു. ഉപ്പന്റെതുപോലുള്ള ചുവന്ന കണ്ണുകൾ അതിന് അകമ്പടിസേവിക്കുന്നു. താടിയ്ക്കുതാഴെയുള്ള അരിമ്പാറക്കെട്ട് അതിനൊരു ഭീകരതയും നൽകുന്നു.
അയാൾ ഗോവിന്ദന്റെ തോളത്തൊന്നു പിടിച്ചു. അതിന് ഇരുമ്പിനെക്കാളും ബലമുണ്ടെന്നു തോന്നി. അവൻ സർവ്വശക്തിയുമെടുത്ത് ആ കൈ തട്ടി മാറ്റി. അമർഷം സോഡയുടെ നുരയ്ക്കുന്ന കുമിളകൾക്കൊപ്പം പതഞ്ഞുയർന്നു..
പിന്നെയും പനമ്പിനുള്ളിൽ നിന്നും പെണ്ണിന്റെ ചിരിയുയർന്നു. ഗോവിന്ദൻ ചാടി എഴുന്നേറ്റ് ഡസ്ക് തള്ളിമാറ്റി. കുപ്പിയുടെ അടപ്പ് തിരിച്ചുയർത്തി അങ്ങനെതന്നെ വായിലേയ്ക്ക് കമഴ്ത്തി. തൊണ്ടമുതൽ വയറുവരെ ആസകലം എരിഞ്ഞു. മുമ്പിൽ നിൽക്കുന്ന കണ്ണനെ ഓരം കൊണ്ടു തള്ളിമാറ്റി. നടന്നു മാറി.
അതു കണ്ട് കണ്ണന്റെ ഭാവം മാറി.പുശ്ചമോ ദേഷ്യമോ പരിഹാസമോ ഇതെല്ലാമോ വന്നു കടന്നുപോയി.
ഗോവിന്ദൻ നേരെ മുറ്റത്തിന് മൂലയ്ക്കിരിക്കുന്ന ചുക്കിച്ചുളിഞ്ഞ അലുമിനിപാത്രത്തിൽ നിന്നും ചിരട്ടയിൽ വെള്ളമെടുത്ത് കൈയ്യും മുഖവും കഴുകി. വായിൽ ഒരു കവിൾ നിറയെ വെള്ളമെടുത്ത് ആരോടോ ഒക്കെയുള്ള പകപോലെ ശക്തമായി കുലുക്കുഴിഞ്ഞ് ചിതറിച്ചുതുപ്പിയപ്പോൾ കൊച്ചുകണ്ണനോടും അവന്റെ പെണ്ണിനോടുമുള്ള ദേഷ്യം മഴവില്ലായി വിരിഞ്ഞു.
“അപ്പാ….” “അപ്പോ…”അകത്തുനിന്നും പെണ്ണിന്റെ കരച്ചിൽ..ഒടുവിൽ,
” അപ്പാ “.. അതൊരു ദയനീയ കരച്ചിലായി മാറി.
കണ്ണനും യോസേപും പനമ്പുമാറയ്ക്കകത്തേയ്ക്ക് ഓടി. തുറിച്ചകണ്ണുംആരോടൊയൊക്കെയുള്ള പകയുമായി വാതിൽക്കൽ നിൽക്കുന്നു ഗോവിന്ദൻ.
കണ്ണൻ ആക്രോശിച്ചുകൊണ്ട് ഗോവിന്ദന്റെ നേരെ പാഞ്ഞടുത്തു. ഗോവിന്ദൻ പെട്ടെന്ന് അവളുടെ അടുത്തുചേന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. പിന്നെ കണ്ണനോടായി ആക്രോശിച്ചു.
“ഇവളെ എനിക്ക് തരുവാൻ കച്ചകെട്ടിക്കോ.”
അത് കേട്ട് കണ്ണനും യോസേപും പെണ്ണും സ്തബ്ധരായി നിന്നുപോയി.പനമ്പുമറയ്ക്കിടയിലൂടെ ഒരു കാറ്റും കടന്നുപോയി.
പിന്നത്തെ വരവിന് ദാക്ഷായണിയെ ഗോവിന്ദൻ കെട്ടി.
പിന്നെ പ്രഭാകരനുണ്ടായി. പിന്നെ… പിന്നെ..
നെല്ലിയാമ്പതിയിൽ നിന്നും ചുമയുമായി വന്നു.