രചന : സെഹ്റാൻ✍

കരിമ്പനയിൽ നിന്നും ഊർന്നിറങ്ങി
ഇരുളിലേക്കവൾ നെഞ്ഞുവിരിച്ചപ്പോൾ
ഇരുകറുപ്പുകളുമിണചേർന്നൊന്നായ്
വിവർത്തനത്തിനതീതമാം ഭാഷയിൽ പിറുപിറുത്തു.
മൂർച്ചയുള്ള കോമ്പല്ലുകളും,
കൂർത്ത നഖങ്ങളും
തനിക്കുണ്ടെന്ന് തന്നെയവൾ
സ്വയം ഓർമ്മപ്പെടുത്തി.
ഒത്തുതീർപ്പിന് വഴങ്ങാത്ത
കൊഴുത്ത ഇരുട്ട്
കണ്ണുകളിൽ ഭിത്തികെട്ടുമ്പൊഴും
തീർത്തും കാൽപ്പനികമായൊരു
രാത്രിയെ നിലനിർത്താനാവും
അവൾ പരിശ്രമിക്കുക.
അതിനായി, രക്തം തളംകെട്ടിയ
തെരുവുകളെ പായപോൽ
മടക്കിച്ചുരുട്ടി വെയ്ക്കും.
വിളറിവെളുത്ത പകലുകളുടെ
ശാസനങ്ങളുടെ ചൂണ്ടുവിരലുകൾ
വെട്ടിത്തുണ്ടമാക്കിയ മടവാൾ
മടക്കിയ പായച്ചുരുളിനകത്ത് തിരുകും.
തുടയിടുക്കിൽ പൊറ്റകെട്ടിയ
തേവിടിശ്ശിയെന്ന വാക്കിന് മീതെ
അവജ്ഞയോടെ ആർത്തവ രക്തമൊഴുക്കും.
കാൽപ്പനികമായ രാത്രിയുടെ
നിശബ്ദതയിൽ ശിവ്കുമാർ ശർമ്മയും,
ചൗരസ്യയും ഒരു ജുഗൽബന്ദിക്ക്
തിരികൊളുത്തും.
അന്തരീക്ഷം സംഗീതമയമാകുമ്പോൾ
പുഞ്ചിരിയോടെ രാജാവ്
ഇരുകാതുകൾ വിടർത്തും.
അയാളുടെ ചുണ്ടിലൂടിറ്റിയ മുന്തിരിവീഞ്ഞ്
താടിരോമങ്ങളിലൂടൊഴുകും.
കൊട്ടാരത്തിന് വെളിയിലവളുടെ
കാൽപ്പനികരാത്രി അശാന്തതയിൽ
ഉഷ്ണിക്കും.
പകലിന്റെ മാറിൽ എപ്പോഴോ
ജീവനറ്റുകിടന്നിരുന്ന കുട്ടിയുടെ
കറുത്ത ശരീരം തെരുവുനായ്ക്കൾ
കടിച്ചിഴച്ച് ഇരുൾമറവിലേക്ക്
കൊണ്ടുപോകുന്നതവൾ കാണും.
പകലിനു നേരെ അടഞ്ഞിരുന്ന
അവന്റെ നീരുവിങ്ങിയ കൺപോളകൾ
ഇരുളിലേക്ക് തുറക്കാനൊരുങ്ങി
പരാജയപ്പെട്ട് വീണ്ടും നിശ്ചലതയിൽ
വിറങ്ങലിക്കും.
മടങ്ങാനൊരുങ്ങുമ്പോൾ അവളുടെ
കരിമ്പന അപ്രത്യക്ഷമാകും.
മൂർച്ചയുള്ള കോമ്പല്ലുകളും,
കൂർത്ത നഖങ്ങളും മിഥ്യയാകും.
പകലിന്റെ പാളിയപ്പോൾ
കണ്ണാടിപോൽ തിളങ്ങും.
മുനകൂർത്ത കല്ലുകളവളുടെ ദേഹത്ത്
ചുവന്ന മുറിവുകൾ മെനയും.
കുലത്തിന്റെ കുടിലുകൾ തീയിൽ
വേവുന്ന വിളറിയ പകലിലവൾ
നീരുവിങ്ങിയ കുഞ്ഞിക്കണ്ണുകളുടെ
ദു:സ്വപ്നം കാണും.
കാൽപ്പനികരാത്രിയിൽ എഴുന്നുനിൽക്കുന്ന കരിമ്പനമുകളിലിരുന്ന്
പിന്നെയും തന്റെ പല്ലുകളും, നഖങ്ങളും
രാകിമിനുക്കി മൂർച്ചകൂട്ടും!

സെഹ്റാൻ

By ivayana