രചന : ബാബുരാജ്✍
എനിക്ക്
നിന്നോടു പറയാനുള്ളത്
ദൂരേക്കു പറന്നു പോകുന്ന
പക്ഷികളെ കുറിച്ചാണ് !
കടലിനു മുകളിൽ ചക്രവാളത്തെ
തൊട്ട ഒരു പക്ഷി നമുക്കു മുന്നിൽ
ചുവന്നു പറക്കുന്നുണ്ട്!
കരിമേഘങ്ങളിൽ തൊട്ട പക്ഷി
കറുപ്പിൻ്റെ ഇരുട്ടുമായി നമ്മുടെ
രാത്രികൾക്കൊപ്പവും
പറക്കുന്നുണ്ട്!
ജീവിതത്തിൻ്റെ അവശിഷ്ടങ്ങൾ
കൊത്തി പറക്കുന്ന പക്ഷികൾ !
(രണ്ട്)
അവറ്റകൾക്ക് ജീവിതത്തിൻ്റെ
കയ്പ്പും മധുരവും ഉപ്പും
തിരിച്ചറിയില്ലെന്നോ?
മീനമാസത്തിലെ സൂര്യനെ
കൊത്തി താഴെയിട്ടത്
ആ പക്ഷിയാണ്!
ബലിഷ്ടകായനായ ആ ഗരുഡൻ.
ശവങ്ങൾ നിരന്നു കിടക്കുന്ന
മരുഭുമിയാണ് അവൻ്റെ
കാഴ്ച്ചകൾക്ക് പൂർണ്ണതയേറ്റുന്നത് i
പച്ച മണക്കുന്ന പുലരിയുടെ
പൂക്കളിൽ ഇന്നലെ വിയർത്തി –
റങ്ങിയ തേൻകണം
ഏതു പക്ഷിയാണ് കൊത്തി
പറന്നകന്നത്?
(മൂന്ന്)
സ്വപ്നങ്ങളുടെ ജീവാണുക്കളിലും
രക്തം പുരണ്ട രാത്രികളിലും
ചുണ്ടിൽ ചേർത്തുവച്ച
വിങ്ങലുകളുടെ ദുരിതങ്ങൾ
ഏതു പക്ഷിയാണ് ചിറകടിച്ച്
കുടഞ്ഞിട്ടു പോയത്?
പക്ഷികളെല്ലാം പൊയ്മുഖ –
ങ്ങളാണ്!
ചരടു പൊട്ടിയ പട്ടം പോലെ
അതെവിടെയെങ്കിലും
വീഴാതിരിക്കില്ല!
(നാല്)
ദുരിതങ്ങൾ കൊണ്ടു കൊക്കു-
നിറയ്ക്കുന്ന നിങ്ങൾ എൻ്റെ
പൂന്തോട്ടത്തിലെ പൂവുകളെ –
പോലും തൊട്ടു പോകരുത്!?
എൻ്റെ പൂക്കളുടെ ഗാലക്സിക-
ളിൽ പോലും നിങ്ങളുടെ
കണ്ണുകൾ പതിയരുത്.
എൻ്റെ കളിചിരികളിൽ നിന്ന്
ഞാനവൾക്കേകിയ
മധുരം കൂടി ബാക്കിയുണ്ട്!
അതിൽ നീ പങ്കുപറ്റുകയുമരുത്.
കാരണം………?
നിങ്ങൾ ദൂരേക്കു പറന്നു
പോകുന്നവർ മാത്രമാകുന്നു!