രചന : ഒ.കെ.ശൈലജ ടീച്ചർ ✍

മേലെപ്പറമ്പിലെ അച്ചുതൻ നായർ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. രണ്ടാൺമക്കൾ ഉന്നത വിദ്യാഭ്യാസം നേടി അമേരിക്കയിൽ എഞ്ചിനീയർമാരായി കുടുംബ സമേതം സസുഖം താമസിക്കുമ്പോഴും നാട്ടിൽ അച്ഛന്റെയും അമ്മയുടേയും കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു.


പിന്നെ അദ്ദേഹത്തിന്റെ ഭാര്യയാണെങ്കിൽ സരസ്വതി ദേവിയാണെന്നു തന്നെ പറയാം. അത്രയ്ക്ക് സൗന്ദര്യവും ഐശ്വര്യവും നിറഞ്ഞ കുടുംബിനി . മാത്രവുമല്ല ആ പവിഴാധരങ്ങളിലൂടൊഴുകി വരുന്ന ഗാനമാധുരി എത്ര തന്നെ ആസ്വദിച്ചാലും മതിയാവില്ല. നല്ലൊരു പാചകക്കാരിയും കൂടിയാണ് കേട്ടോ അവർ.
പുലർകാലെ എഴുന്നേറ്റ് ഒരു കട്ടൻ കാപ്പിയും കുടിച്ചു പ്രകൃതി ഭംഗിയാസ്വദി ച്ചൊരു നടത്തമുണ്ട് നമ്മുടെ അച്ചുതൻ നായർക്ക് . അതിനിടയിൽ വഴിയിൽ വെച്ച് വേണ്ടപ്പെട്ട സുഹൃത്തുക്കളെ കണ്ട് കുശലാന്വേഷണവും നടക്കും. പലതും പരിദേവനങ്ങളായിരിക്കും.


നാട്ടിലെ ഒട്ടുമിക്ക കുടുംബ പ്രശ്നങ്ങളും ഈ പ്രഭാത സവാരിക്കിടയിലെ കുളിർ കാറ്റിനൊപ്പം അച്ചുതൻ നായരെ തേടിയെത്തും.
” മാഷെ എന്തെങ്കിലുമൊരു പരിഹാരം കാണണേ . ഒന്നുമില്ലെങ്കിലും ഞങ്ങളുടെ കരയോഗം പ്രസിഡന്റല്ലേ. ഒരു തീർപ്പുണ്ടാക്കിത്തരണേ”
നിറഞ്ഞൊഴുകുന്ന കണ്ണീരോടെ, തൊഴുകൈയോടെ ദീനരായി പറയുന്ന ഓരോ കദന കഥകളും അച്ചുതൻ നായർ സാകൂതം കേൾക്കും . പിന്നീട് അതിനൊരു പരിഹാരമാലോചിച്ചു കണ്ടെത്തും.


ചിലതൊക്കെ അദ്ദേഹത്തിന് തന്നെ വിനയായ അവസ്ഥയുമുണ്ടായിട്ടുണ്ട്. പ്രഭാത സവാരി കഴിഞ്ഞു വന്നു നീണ്ട വായനയാണ്. അത് കഴിഞ്ഞ് കുളിയും, കാപ്പി കുടിയും കഴിഞ്ഞ് മൂപ്പർ തന്റെ തൂലികയെടുക്കും.
തന്റെ കാതിൽ പതിഞ്ഞ ചില പരിദേവനങ്ങൾക്കുള്ള പരിഹാരം തന്റെ അക്ഷരങ്ങൾ ആണെന്നറിയാവുന്ന അദ്ദേഹം തൂലിക പടവാളാക്കിക്കൊണ്ട് അഗ്നി പോൽ ജ്വലിക്കുന്ന അക്ഷരങ്ങൾ കൊണ്ട് കുറ്റം ചെയ്തവരുടെ കണ്ണ് തുറപ്പിക്കും. അസ്ത്രങ്ങളായ അക്ഷരങ്ങൾ കൊണ്ട് പലർക്കും മുറിയും കൊള്ളേണ്ടിടത്ത് കൊള്ളുമ്പോൾ താനേ ഉണരും. തിരിച്ചറിയും. അതാണക്ഷരങ്ങൾ!


അതറിയാവുന്ന തൂലികയാണ് അച്ചുതൻ നായരുടേതെന്ന് മനസ്സിലാക്കിയ പലരും ഫോണിലൂടെയും തങ്ങളുടെ കദന കഥ വിവരിക്കും മിക്കതും ദാമ്പത്യ പ്രശ്നങ്ങളായിരിക്കും.
എന്ത് ചെയ്യാം ചിലതൊക്കെ കുരുക്ക് പിടിച്ചതായിരിക്കും. അഴിച്ചെടുക്കാനേറെ പ്രയാസമുള്ളത്. കണ്ണീരിന്റെ ഉപ്പ് കൊണ്ട് കുതിർന്നു പോയതുമുണ്ടാകും. എന്ത് തന്നെയായാലും ജാതി മത കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, ലിംഗവ്യത്യസമില്ലാതെ അവയൊക്കെ പുഷ്പം പോലെ കൈകാര്യം ചെയ്യാൻ ബഹു മിടുക്കനാണ് വെളുത്തു മെലിഞ്ഞു ആരോഗ്യവാനും സുന്ദരനുമായ നമ്മുടെ അച്ചുതൻ നായരെന്ന മദ്ധ്യവയസ്ക്കൻ . കാന്താരിയെന്നും അദ്ദേഹത്തിനൊരു ഇരട്ടപ്പേരുണ്ടേ ….. സ്നേഹത്തിൽ മാത്രമല്ല അരിശത്തിനും മുൻപനാണ്.


അതിനിടയിൽ ഒരു ദിവസം കാവിലുങ്കിയെടുത്തുടുത്തു തലയിൽ ഒരു തോർത്ത് കെട്ടി തന്റെ തൂമ്പായുമായി പറമ്പിലിറങ്ങിയതായിരുന്നു പതിവ് പോലെ . ഗേറ്റ് പൂട്ടിയിട്ടില്ലായിരുന്നു. ഒരു എഴുപത് വയസ്സ് തോന്നിക്കുന്ന വൃദ്ധൻ പതുക്കെ വീടിനു നേരെ നടന്നു വരുന്നത് കണ്ടു. അച്ചുതൻ നായർ പറമ്പിന്റെ വടക്കേമൂലയിൽ നിന്നും ആ കാഴ്ച കണ്ടപ്പോൾ തന്നെ വേഗം മുറ്റത്തേക്കു വന്നു.


അവശനായ ആ വ്യദ്ധനൊരു നമ്പൂതിരിയാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലായി.
” ഇവിടുത്തെ സാറിനെയൊന്ന് കാണാൻ പറ്റുമോ ?”
ദയനീയമായിരുന്നു ആ സ്വരം . വൃദ്ധന്റെ രൂപവും ഭാവവും കണ്ടപ്പോൾത്തന്നെ മനുഷ്യസ്നേഹിയായ അച്ചുതൻ നായരുടെ മനസ്സലിഞ്ഞു.
“എന്താണ് തിരുമേനി …. വാ… കയറിയിരിക്കൂ.”


അദ്ദേഹത്തിന്റെ ശോഷിച്ചുണങ്ങിയ കൈ പിടിച്ചു വരാന്തയിൽ കയറ്റി അവിടെ കസേരയിൽ ഇരുത്തി.
” സുഭദ്രേ ഒന്നിങ്ങു വരൂ .”
അകത്ത് നോക്കി ഭാര്യയെ വിളിച്ചപ്പോഴേക്കും ആ വീട്ടമ്മ പൂമുഖവാതിൽക്കലെത്തി.
” അച്ചുവേട്ടൻ വിളിച്ചുവോ”
ഭവ്യതയോടെയവർ തിരുമേനിയെ നോക്കി കൈകൂപ്പി.
“നീ കാപ്പിയും പലഹാരവും ഇങ്ങ് എടുത്തോളൂ”
ഭർത്താവത് പറയുമ്പോഴേക്കും കുലീനയായ സുഭദ്രാമ്മ കാപ്പിയും പലഹാരവും തിരുമേനിക്ക് നൽകി.
” കഴിച്ചോളൂ. എന്നിട്ട് പറയാം.”
അച്ചുതൻ നായരുടെ പുത്ര സഹജമായ സ്നേഹം അനുഭവിച്ചപ്പോൾ ആ സാധുവിന്റെ കണ്ണുകൾ ധാര ധാരയായി ഒഴുകി. ഇരുകൈകളും കൂപ്പി അദ്ദേഹം ആ ദമ്പതികളെ തൊഴുതു. തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു.


” ഞാനിവിടെയടുത്തുള്ള ക്ഷേത്രത്തിൽ വന്നതായിരുന്നു. കുറച്ചകലെയുള്ള മനക്കാട്ട് ഇല്ലത്താണ് താമസം. ഈ വഴി പോയപ്പോൾ ഇവിടുത്തെ സാറിനെയൊന്ന് കണ്ടിട്ടു പോകാമെന്ന് കരുതി കയറിയതാണ്. അങ്ങാണ് സാറെന്ന് ഞാൻ കരുതിയില്ല. ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും .”
കാപ്പിയും പലഹാരവും കഴിച്ചപ്പോൾ ആ വൃദ്ധ വദനത്തിൽ വിരിഞ്ഞ നിർവൃതി പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. സ്നേഹം നിറഞ്ഞ ആ പ്രാതൽ ആ സാധു തിരുമേനിക്ക് അമ്യതിന് തുല്യമായിരുന്നു. അത്രയ്ക്ക് സ്വാദിഷ്ടമായിരുന്നു സുഭദ്രാമ്മയുടെ കൈപുണ്യം.


” ഞാനിറങ്ങട്ടെ സാറേ” തിരുമേനി പതുക്കെ എഴുന്നേറ്റു പടികളിറങ്ങി. അച്ചുതൻ നായർ അദ്ദേഹത്തെ ചേർത്ത് പിടിച്ചു കൊണ്ട് ഗേറ്റ് വരെ അനുഗമിച്ചു. തന്റെ പോക്കറ്റിലുണ്ടായിരുന്ന കുറച്ചു രൂപയെടുത്ത് തിരുമേനിയുടെ മേൽ മുണ്ടിന്റെയറ്റത്ത് കെട്ടിക്കൊടുത്തു.
“അയ്യോ സാറേ എനിക്കൊന്നും വേണ്ട. ഞാൻ വന്നത് പൈസക്ക് വേണ്ടിയല്ല. ഈ പൈസ വേണ്ടായിരുന്നു.”
യാചനാസ്വരത്തിലത് പറയുമ്പോൾ ദയനീയമായ ആ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കമുണ്ടായിരുന്നു.


“സാരമില്ല തിരുമേനി . മകൻ തന്നതാണെന്ന് മാത്രം കരുതിയാൽ മതി. എന്നെ മകനായി കണ്ടോളൂ എന്ത് പ്രയാസമുണ്ടെങ്കിലും, ആവശ്യമുണ്ടെങ്കിലും എന്നോട് തുറന്നു പറയാൻ മടിക്കേണ്ട.”
സ്നേഹവും, കരുതലും നിറഞ്ഞ അച്ചുതൻ നായരുടെ വാക്കുകൾ ശ്രവിച്ച മാത്രയിൽ വൃദ്ധ പിതാവിന്റെ ചുണ്ടുകൾ വിതുമ്പി. സാഗരത്തിലെന്ന പോലെ ആ ഹൃദയത്തിൽ അഴലിന്നലകൾ ഇളകി മറിയുന്നുണ്ടെന്ന് അച്ചുതൻ നായർ തിരിച്ചറിയുന്നുണ്ടായിരുന്നു.
തിരുമേനി കണ്ണിൽ നിന്ന് മറയുന്നത് വരെ അദ്ദേഹം ഗേറ്റിൽത്തന്നെ നിന്നു . മനുഷ്യന്റെ അവസ്ഥയെക്കുറിച്ചോർത്തു കൊണ്ട് .

ഒ.കെ.ശൈലജ ടീച്ചർ

By ivayana