രചന : സുദേവ്. ബി✍

വെറുതേയിനിവയ്യ,പൈതലേ
സമയംവൈകി,യൊരുങ്ങു, പോയിടാം
അവരോടിനിയെന്തു ചൊല്ലിടാ
നപമാനിച്ചുചിരിക്കയാണവർ !

അഴകിൻപുതുമോടിയില്ല പോ-
ലവരേവേണ്ടവിധത്തിലായിനിൻ
വരിതൊട്ടുതലോടിയില്ലനാ
മപരാധംപറയേണമെന്നവർ

മകളേ!ക്ഷമയേകുമോപിതാ-
വൊരു നാടൻ മൊഴി,വേർത്തുവേലയാൽ
അറിവീലവളർത്തിടേണ്ടതാം
നവനീയാങ്ഗലമായരീതികൾ

മുടിയിൽ കതിരൊന്നു,വെച്ചു പോയ്
ചെറുതായ് ചന്ദനമൊന്നു,തൊട്ടു പോയ്
തിരിവെച്ചരിയിൽകുറിച്ചുപോയ്
മകളെ,ഞാനതുമായ്ച്ചിടേണമോ

നുണയോതരുതെന്നു കുഞ്ഞിമോൾ-
ക്കറിയാം ദീക്ഷയതൊന്നുമാത്രമേ
യിവനേകിയതുള്ളു,വേരുകൾ
ഇനിയുംമണ്ണിലഗാധമാകയാൽ

നഗരാധിപ കേട്ടുകൊള്ളുകി –
ന്നിവളെ നാടുകടത്തുമെങ്കിലീ
നഗരംമരുഭുമിയായിടും
ഖരമാലിന്യമെഴുന്ന വാക്കിനാൽ

കവിതേ, ഇനി വയ്യ പൈതലേ
ഇളമിക്കുന്ന പദങ്ങളാലെ നാം
എവിടേക്കിനിപോയിടേണമീ
നഗരംനമ്മെയകറ്റിടുന്നു ! വാ

തെരുകൂവുകയാണു പുറ്റു പോൽ
വളരും ഗദ്യസമുച്ചയങ്ങളിൽ
മൃതഭാഷയിരുമ്പുകമ്പികൾ
നിറയേപച്ചവരച്ചു ഭ്രാന്തിയിൽ !

ഒരു വേള വിചാരമാർന്നവൾ
ചുമരില്ലക്ഷരമാലകോറവേ
ഹരിതാർദ്രത ഞാറ്റുവേലകൾ
ഇടവപ്പാതി കനത്തു പെയ്യുവാൻ.

സുദേവ്. ബി

By ivayana