രചന : വാസുദേവൻ. കെ. വി✍

ദൈവപുത്രപ്പിറവി ഓർമ്മപ്പെടുത്തി രാവിൽ തിളങ്ങുന്ന താരകങ്ങൾ.
വൈദ്യുതിവെളിച്ചം പകർന്ന് ചോട്ടിലും വർണ്ണനക്ഷത്രങ്ങൾ തൂങ്ങിയാടുന്ന ചാരുത.പിറവിക്കും, ഉയിർത്തെഴുന്നേൽപ്പിനും പ്രകൃതിപോലും ശാന്തസുന്ദരം.
“…വലകരമതിനെ ഉയർത്തി
വലിയോരിടയനാം യാഹോവൻ
കനിവൊടനുഗ്രഹമണയ്ക്കാൻ
തുണയ്ക്കായി വരണേ..
ഒരുമിച്ചൊരേക മനസ്സായി
ശ്രുതിചേർത്തു നീതി നിറവായി
സുവിശേഷ സുഖം കലരുന്ന ജനം
നിറയും നിലമായി പോരുളായി നെറിയായി
പകരാവോ ..
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ കൈതെന്നലിൽ
വർഷം പകർന്നോശാനാ..”, “അച്ഛാ പുലിക്കൂടുണ്ടാക്കണ്ടേ? ..”
ഉണ്ണിയേശുവിനെയും, കുഞ്ഞാടുകളെയും, പിതാവിനെയുമൊക്കെ കൈയിലെടുത്തു ചിന്നവൾ!!..
‘പുലിക്കൂട് അല്ലാടി.. പുൽക്കൂട്.’ മൂത്തവൾ തിരുത്തുന്നു..
പുൽക്കൂട് ഒരുങ്ങി പ്രകാശം ചൊരിഞ്ഞപ്പോൾ ഈരടികൾ ഉതിർന്നു..
” ആത്മാവിൻ തിങ്കൾ കുളിർ പൊന്നും നിലാ തേൻതുള്ളി “….
തെറ്റില്ലാതെ മനഃപാഠമാക്കി മൂന്നാം ക്ലാസ്സുകാരി പാടുന്നു.
അതേ മികച്ചത് പതിയും ചിന്ന മനസ്സുകളിൽ..
ഉണ്ണിക്കണ്ണന്റെ ഗുരുവായൂർ സന്നിധിയിലും ചെന്ന് “സർവ്വമംഗള മംഗല്യേ…” എന്ന് ചൊല്ലുന്നവർക്കിടയിൽ കുട്ടികൾ ഓശാനപ്പെരുന്നാൾ ശീലുകളും കരോളും ചേർന്നുപാടുമ്പോൾ അതിശയം.
” അടയാളങ്ങളും അത്ഭുതങ്ങളും കണ്ടെങ്കിൽ മാത്രമേ നിങ്ങൾ എന്നേ വിശ്വസിക്കുകയുള്ളൂ” –
എന്ന സുവിശേഷവചനത്തിൽ കഥാവികാസം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’. അതേ ചുരുളിയിൽ മുഖം ചുളിഞ്ഞ മഹാൻ. കുട്ടനാട്ടിലെ കുമരങ്കരി ഗ്രാമത്തെയും അവിടുത്തെ പുരാതന സിറിയൻ പള്ളിയെയും അവലംബ മാക്കിയെടുത്ത ആമേൻ. ആലപ്പുഴജില്ലയിലെ കാവാലം, പൂച്ചക്കൽ, തുറവൂർ തൈക്കാട്ടുശ്ശേരി കായലോര ഗ്രാമങ്ങളിൽ ആമേൻ സിനിമാ ലൊക്കേഷൻ.
പ്രേക്ഷകർക്ക് മറക്കാനാവാത്ത പള്ളി
പൂർണ്ണമായും സെറ്റിട്ട് ചെയ്തത്. അരവിന്ദാക്ഷന്റെ കുഞ്ഞു വീട് സോളമന്റെ വീടായി. അവിടെ തന്നെ തൊട്ടപ്പൻ സിനിമയും ചിത്രീകരിക്കപ്പെട്ടത്.
കപ്യാർ സോളമന്
നാട്ടുപ്രമാണി കോൺട്രാക്ടർ ഫിലിപ്പോസിന്റെ മകൾ ശോശന്നയോട് പ്രണയം . ബാൻഡ് മാസ്റ്ററായിരുന്ന എസ്തപ്പാനാശാന്റെ മകൻ . ബോട്ടപകടത്തിൽ അച്ഛനെയും സഹോദരിമാരെയും നഷ്ടപ്പെട്ട സോളമൻ . കുമരങ്കരിയിൽ എത്തുന്ന വട്ടോളിയച്ചൻ സോളമന്റെ പ്രണയത്തിന് പിന്തുണനൽകുന്നു . ശോശന്നയുടെ കല്യാണം കുടുംബക്കാർ ഉറപ്പിക്കുമ്പോൾ സോളമനും ശോശന്നയും വട്ടോളിയച്ചന്റെ സഹായത്തോടെ ഒളിച്ചോടാൻ ശ്രമിക്കുന്നു. പരാജയപ്പെടുകയും തുടർന്ന് വരുന്ന ബാൻഡ് മത്സരത്തിൽ കുമരങ്കരിക്കാരുടെ ഗീവർഗ്ഗീസ് ബാൻഡ് സംഘം വിജയിക്കുകയാണെങ്കിൽ സോളമന് ശോശന്നയെ കെട്ടിച്ചുതരുമെന്ന് പെണ്ണിന്റെ പിതാവ് ചാലഞ്ച് ഇട്ടു . ഇതിനിടയിൽ പള്ളിയിലെ പ്രധാന അച്ചനായ ഫാ. അബ്രഹാം ഒറ്റപ്ലാക്കൻപള്ളി പൊളിച്ച് പുതിയത് പണിയാൻ തീരുമാനിക്കുന്നു. തുടർന്നുള്ള രംഗങ്ങൾ ‘പഞ്ചവടിപ്പാലം’ സിനിമ ഓർമ്മിപ്പിക്കുന്നു.
കെ.ജി. ജോർജിനെ ഗുരുതുല്യനായി കാണുന്ന ലിജോ. “ജെല്ലിക്കെട്ട് ” ലിജോയുടെ മറ്റൊരു ഹിറ്റ്‌. ആമേൻ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് മറുനാടൻ മലയാളി പ്രശാന്ത് പിള്ള. സാക്ഷാൽ എ ആർ റഹ്മാന്റെ ടീമംഗം. കവി കാവാലത്തിന്റെ വരികൾ കൊണ്ട് വരുംതലമുറകൾക്കു ഹൃദ്യമായൊരു ക്രിസ്ത്യൻ ഭക്തി ഗാനം…. സിനിമയിൽ ഗ്രാഫിക് അഴകോടെ അത് ടൈറ്റിൽ സോങ്ങ്‌.
‘ആത്മാവിൻ തിങ്കൾ കുളിർ പൊന്നും നിലാ.. .”
മാമ്മോദീസ മുക്കപ്പെടാത്ത കാവാലവും, പ്രശാന്ത് പിള്ളയും കവിതാ മോഹനും, ശ്വേതയും, പ്രീതിയും ശങ്കറും.. ..
അതാണ് കലയിലെ മത സൗഹാർദ്ദസാക്ഷ്യം.
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം –
പ്രിയ സ്നേഹിതർക്കു മുൻ‌കൂർ ക്രിസ്തുമസ് ആശംസകൾ..
” ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ കൈതെന്നലിൽ
വർഷം പകർന്നോശാനാ..
പള്ളിമണി ണാം ണാം ..
ഉള്ളലിയും ളാം നാം
അല്ലലൊഴിവാകാൻ ഒന്നുചേരാം..
ഹല്ലെലൂയ..”

By ivayana