രചന : ഷബ്‌നഅബൂബക്കർ✍

ദരിദ്രനായതിൽ പിന്നെയാണ്
അയാളൊരു ബലിക്കാക്കയായി
പരിണമിക്കപ്പെട്ടത്.
അരികിൽ കാണുമ്പോഴൊക്കെയും
ആട്ടിയകറ്റാനും ആത്മസാധൂകരണത്തിനായി
മാത്രം മാടിവിളിക്കാനുമുള്ളൊരു
ബലിക്കാക്ക.
അതിൽ പിന്നെയാണ് അയാളുടെ
തീരുമാനങ്ങൾ മാനഭംഗത്തിനിരയായത്,
കിനാവുകളെ ചങ്ങലയ്ക്കിടപ്പെട്ടത്,
കുടിക്കുന്ന വെള്ളം പോലും
ഉപ്പു വീണ് മലിനമായത്,
വായിലേക്ക് വെക്കുന്ന ഓരോ
വറ്റും എണ്ണി തിട്ടപ്പെടുത്താൻ
ആളുകളെത്തിയത്,
പത്തുപൈസ തൊണ്ടയിൽ
കുടുങ്ങിയിട്ടെന്ന പോലെ
ഓരോ ഉരുളയും ചവച്ചിറക്കാൻ
കഷ്ടപ്പെട്ടുപോയത്…
ഇല്ലായ്മയിൽ വീണു പോയപ്പോഴാണ്
പലരും അയാളെ താക്കോൽ
കൊടുത്തോടിക്കുന്ന പാവയേ
പോലൊരു കളിപ്പാട്ടമാക്കിയത്..
അതിൽ പിന്നെയാണ്
മണ്ണടിഞ്ഞ അടിമത്തത്തിന്റെ
ഭീകരത കണ്ടതും
അവഗണിക്കപ്പെടുന്നതിന്റെ
നിസ്സഹായത അറിഞ്ഞതും,
ആശ്രിതരുടെ മിഴിയിൽ അയാളെ
ഓർത്തുള്ള വേദനയും നിരാശയും
പടർന്നതും.
ഉടുപ്പുകൾക്കും ഉപയോഗവസ്തുക്കൾക്കും
നര ബാധിച്ചതും
അയാളുടെ വാക്കുകൾക്ക് മൂല്യമിടിഞ്ഞതും
ഉരുക്കിയൊഴിച്ച ഒരു കൂട്ടം വാക്കിനാൽ
പൊള്ളലേൽക്കപ്പെട്ടതും
കടപ്പാടിന്റെ മഹാ പർവ്വതങ്ങൾ താണ്ടിയതും
അവിടെനിന്ന് വിധേയത്വത്തിന്റെ അഴമുള്ള
ഗർത്തത്തിലേക്ക് ഇടറി വീണതുമെല്ലാം
ദാരിദ്രത്തിന്റെ മായ്ക്കപ്പെടാനാവാത്ത
കൈനീട്ടങ്ങളായിരുന്നു.

By ivayana