രചന : ഗഫൂർ കൊടിഞ്ഞി.✍

അനാഥത്തെരുവിൽ നിന്ന്
ആയിരത്തൊന്നു രാവുകളുടെ
ആകാശക്കോട്ടകൾ തേടി
ആരവമുയർത്തി വന്നവൻ മെസ്സി
ക്രിസ്മസ് മരങ്ങൾ പൂത്തുല്ലസിച്ച
അറേബ്യൻ ഉത്സവവേദികൾ
ഉന്മാദത്തിൻ്റെ അലയൊലിയിൽ
ആടിത്തിമർക്കുമ്പോൾ
മിശിഹായുടെ ജന്മദിനങ്ങൾ
നീണാൾ നിലനിൽക്കട്ടെ
എന്ന പ്രാർത്ഥനയും
ആശീർവാദവുമുരുവിട്ട്
അബ്രഹാമിൽ ചെന്ന് മുട്ടി.
മെസ്സിയെന്ന ഇതിഹാസം
മിശിഹാക്കപ്പുറം പന്തുരുട്ടി
ഇസ്ഹാഖിൻ്റെ പരമ്പര ഓർമ്മിപ്പിച്ചു.
ഗാലറിയിലിരുന്ന് അബായയിട്ട്
ഇസ്‌മയേൽ സന്തതികൾ
പരമ്പരയുടെ ബന്ധം പുതുക്കി.
കാൽപന്തു കളി
കേവലം ഒരു കളിയല്ല.
വീണ്ടെടുക്കുന്ന
ചരിത്രം കൂടിയാണ്.
അതിൽ നിന്ന്
പുതിയ പാഠം
ഉൾക്കൊള്ളലുമാണ്.

ഗഫൂർ കൊടിഞ്ഞി.

By ivayana