രചന : സിജി സജീവ് ✍️

അവളിലേക്കെത്തുന്നവരുടെ ഇച്ഛ യ്ക്കനുസരിച്ച് അവളുടെ പേരുകൾ മാറിമറിഞ്ഞു കൊണ്ടിരുന്നു,, ശങ്കരയ്യർക്കു അവൾ കാമാക്ഷി,പിഷാരടി മാഷിന് കമലം വെളിയത്തെ വാസൂന് അവളെ യക്ഷി എന്നു വിളിക്കാനാണ് ഇഷ്ട്ടം,, പനമുകളിലിരുന്ന്‌ അവൻ നീട്ടി വിളിക്കുമ്പോൾ ആ വിളി ഇഷ്ടപ്പെട്ടിട്ടും പെണ്ണ് വല്ലാതെ ദേഷ്യം ഭാവിച്ചു,വസൂനോട് അവൾക്ക് ചെറിയ പ്രണയം തോന്നിയിരുന്നു,, അതവൾ പക്ഷേ പറഞ്ഞില്ല.. കോരയോട് എന്നാൽ എന്തുകൊണ്ടോ അവൾ ഇഷ്ട്ടം പ്രകടിപ്പിച്ചു,, എന്തുകൊണ്ടെന്നാൽ അവൻ കാര്യം കഴിഞ്ഞു കടം പറഞ്ഞിട്ടില്ല കൂടാതെ പതിവിൽ കൂടുതൽ കൊടുത്തിരുന്നു.. അവന്റെ സ്വർഗ്ഗാരോഹണ വേളയിലെ തെറിവിളി പലപ്പോഴും അറപ്പുളവാക്കിയിരുന്നുവെങ്കിലും അവളുടെ ലക്ഷ്യം ആ പുതുമണം മാറാത്ത പിടക്കുന്ന നോട്ടീനെ ചുറ്റിപ്പറ്റി നിന്നു…


കരപ്രമാണിയായ നാണു നായരുടെ മൂന്നു പെണ്മക്കളിൽ,മൂന്നാമത്തെ സന്താനമായാണ് കമലാക്ഷി ജന്മം കൊണ്ടത്,, ആവിശ്യത്തിലധികം സ്വത്തും നിലവും ഉണ്ടായിരുന്നു നാണു നായർക്ക്..


ചിന്നമ്മാളിനെ കെട്ടികൊണ്ടുവരുമ്പോൾ അവരുടെ മരുമക്കത്തും കൂടി വന്നു ചേർന്നു..
കമലാക്ഷി അത്ര വലിയ സുന്ദരിയൊന്നും ആയിരുന്നില്ല.. ചേച്ചിമാർ രണ്ടുപേർക്കും ഗോതമ്പിന്റെ നിറമായിരുന്നു,, കമലാക്ഷിക്കു മാത്രം ഒരു ഉളുമ്പു വെളുപ്പ്,, എന്നാൽ വയസ്സറിയിച്ച നാൾ മുതൽ കമലാക്ഷിയിൽ എന്തോ ഒരു ഭാവം മിന്നി മറഞ്ഞു.അവളുടെ കെട്ടിലും മട്ടിലും എല്ലാം എന്തോ ഒരിത്,, ചേട്ടത്തിമാരേക്കാൾ അംഗലാവണ്യം പൊടിക്ക് മുൻപിൽ,, മൂന്നാളും ഒന്നിച്ചു സ്കൂളിൽ പോയാലും അമ്പലത്തിൽ പോയാലും വഴിയോരത്തു നിൽപ്പോരുടെ കണ്ണുകൾ കമലാക്ഷിയെ മാത്രം മൊത്തിക്കുടിച്ചു,


ഓണത്തിനും തിരുവാതിരയ്ക്കും പ്രധാന ചടങ്ങുകൾക്കെല്ലാം വീട്ടിലെത്തുന്ന ആണാളിനെല്ലാം അവളെ വെറുതെ ഒന്ന് തട്ടാനും മുട്ടാനും തോന്നിപ്പോന്നുകൊണ്ടിരുന്നു,, കമലാക്ഷി അതൊക്കെ ഒരെതിർപ്പും കൂടാതെ നന്നായി ആസ്വദിച്ചു,,


വെകിളിപിടിച്ച മട്ടിലുള്ള കമലാക്ഷി യുടെ ഇളക്കങ്ങളെ ചേട്ടത്തിമാർ പലപ്പോഴും വിലക്കി,, തേങ്ങാ പുരയുടെ ഇരുണ്ട കോണിൽ നിന്നും തേങ്ങയിടാൻ വന്ന പ്രായത്തിനും മൂത്ത മണിയന്റെ നെഞ്ചിൽ പൂണ്ടടക്കം പുണർന്നു നിൽക്കുന്ന അവളെ അങ്ങനെ ആദ്യമായി ചിന്നമ്മാള് കലി തീരും വരെ തല്ലി,,


പേരുദോഷം കേൾപ്പിച്ചു ചേട്ടത്തിമാരെ വീട്ടിൽ നിർത്തിപ്പോകുമോന്നു കരുതി അവരെ മാസവ്യത്യാസത്തിൽ ഓരോ ചെക്കന്മാരുടെ കൈകളിലേൽപ്പിച്ചു വിട്ടു..
രണ്ടാളുടെ കല്യാണം അടുപ്പിച്ചു നടത്തി ഏതാണ്ട് പൊട്ടിയ അവസ്ഥയിലാണ് നാണു നായർ ഇനി എങ്ങനെയെങ്കിലും കമലാക്ഷിയെ കൂടി ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കണമല്ലോ എന്നു ചിന്തിക്കുന്നത്..


കൊണ്ടു പിടിച്ച് ആലോചനകൾ വന്നു,, ഉള്ളതിൽ കേമമെന്ന് തോന്നിയ ഒന്നിലേക്ക് ആലോചന മുറുകി.. ചിന്നമ്മാളിന്റെ വീതം വിറ്റുകിട്ടിയ പണം കൊണ്ട് കമലാക്ഷിയെ ഇറക്കി വിട്ടു,,


അത്രക്കങ്ങട് കേമം എന്നു പറയാനാവില്ല എന്നാലും തരക്കേടില്ലാത്ത ഒരു സർക്കാരുദ്യോഗസ്ഥൻ തന്നെ ഓരിക്ക് അവളുടെ തുടിപ്പിൽ ഭ്രമം മൂത്ത് അവളെ തന്നെ മതീന്നങ്ങട് ഒറ്റ പിടിത്തം,, അങ്ങനെ നാണു നായർ ഒരുവിധം രക്ഷപെട്ടു..
എന്നാൽ കല്യാണം കഴിഞ്ഞു പുതുമോടി നീർന്നിട്ടും വർഷം ഒന്നു കഴിഞ്ഞിട്ടും പുതിയ വിശേഷമൊന്നും അവൾക്ക് പറയാനുണ്ടായിരുന്നില്ല..
ആദ്യമൊക്കെ കമലാക്ഷി തന്റെ ദിനങ്ങൾ നന്നായി ആസ്വദിച്ചു,, ഇതുവരെ അറിയാതിരുന്നൊരു ലോകത്തിന്റെ വാതിൽ അവൾക്കായി തുറന്നു കിട്ടിയപ്പോൾ അവൾ സർവ്വം മറന്നതിൽ ലയിച്ചു..


മാസങ്ങൾ പോകെ വിശേഷം തിരക്കുന്നവരോട് അവൾ ഒന്നുമില്ല ഒന്നുമില്ല എന്നു പറഞ്ഞു പറഞ്ഞു മടുത്തു തുടങ്ങി,,
പതിയെ പതിയെ കമലാക്ഷി ഒറ്റപ്പെട്ടു തുടങ്ങി,, ഉടയാത്ത അവളുടെ അഴകിലേക്ക് അനേകം കണ്ണുകൾ പറന്നു വന്നു കൊണ്ടിരുന്നു എന്നാൽ അവളുടെ ഭർത്താവിനു മാത്രം അവളോടൊരു അവജ്ഞ തോന്നി തുടങ്ങി,, അയാൾ വളരെ ചിന്തിച്ചു കാര്യങ്ങൾ മുന്നോട്ടു നീക്കി,,


കമലാക്ഷിയേ ഒരു ദിവസം വെറുതെ വീടുവരെ പോയി വരാമെന്നു പറഞ്ഞു കൂട്ടികൊണ്ടു പോയി അവളുടെ വീട്ടിലാക്കി,, പിന്നെ അയാൾ വന്നില്ല..
പതിയെ കമലാക്ഷിക്കു കാര്യം മനസ്സിലായി തന്നെ അയാൾ എന്നേക്കുമായി ഉപേക്ഷിച്ചു കടന്നതാണെന്ന്,, കാരണം അയാൾ പോയി അയാളുടെ അമ്മാവന്റെ മോളെ കൂട്ടികൊണ്ട് വന്നു പോലും..


കമലാക്ഷിക്കു ആ ഒരു പ്രവൃത്തി തന്റെ ചങ്കിൽ കത്തിയിറക്കും പോലെ തോന്നി,,
മകളുടെ അവസ്ഥയിൽ നാണു നായരും ചിന്നമ്മാളും നന്നേ ദുഃഖിച്ചു,, എന്നാൽ പതിയെ ആ ദുഃഖം അവളോടുള്ള വെറുപ്പായി മാറാൻ മാസങ്ങൾ വേണ്ടി വന്നില്ല..
കമലാക്ഷി വീണ്ടും തമാശകൾ തുടങ്ങി,, അവളെ തേടി രാത്രിയുടെ മറപ്പറ്റിപലരും വരാൻ തുടങ്ങി,,


ആരോടൊക്കെയോ ഉള്ള വാശി പോലെ അവൾ അവൾക്ക് മുന്നിൽ വന്നു പെടുന്ന ആണുങ്ങളെയെല്ലാം അവളിലേക്ക് ആകർഷിപ്പിച്ചു,, രാത്രിയിൽ അവളുടെ കിടക്കയിൽ അവരെ എത്തിക്കാനായി അവൾ എല്ലാത്തരം അഭ്യാസങ്ങളും ഇറക്കിക്കൊണ്ടിരുന്നു..


അങ്ങനെ ആരുമറിയാതെ പലതും രഹസ്യമായി നടന്നു പോന്ന സാഹചര്യത്തിലാണ് അവൾക്ക് പറമ്പിൽ കള കൊത്താൻ വന്ന വേലുവിന്റെ കരിങ്കല്ലു പോലുള്ള മേനിയോട് കൊതി മൂത്തത്… മോരും വെള്ളവും ഇലയടയും അവൾ സമയാ സമയം സ്വന്തം കൈയ്കൊണ്ട് കൊടുത്തു.. മൃഷ്ടാന്നം സദ്യയൂട്ടി,, ഒരു മഴചാറ്റലിന്റെ പേരിൽ തേങ്ങാ പ്പുരയിൽ കയറിയ വേലുവിന്റെ പുറകെ കമലാക്ഷിയും കയറി,, മഴതോർന്നു മാനം തെളിഞ്ഞപ്പോൾ വേലുവിന്റെ മാനം പോയി ഒപ്പം കണ്ടു വന്ന നാണു നായരുടെയും,,എങ്ങനെയോ ആ കഥ നാലും കൂടുന്ന മുക്കിനു പാട്ടായി,, ചായപ്പീടികയിൽ വരുന്നവർക്ക് പറഞ്ഞു രസിക്കാനൊരു കാരണമായി.. പലരും ആ കഥ ആവർത്തിച്ചു കേട്ട് രതിമൂർച്ഛയടഞ്ഞു.. ഒക്കെയും പാട്ടാക്കിയത് വലിയ കേമത്തിൽ വേലു തന്നെയായിരുന്നു..


എങ്ങനെയെന്നറിയില്ല നാണു നായർ പെട്ടെന്ന് മരിച്ചു.. മാടനടിച്ചതാന്നൊക്കെ നാട്ടിൽ പറയുന്നു..
അങ്ങനെ ചിന്നമ്മാളും കമലാക്ഷിയും ആ വലിയ വീട്ടിൽ ഒറ്റപ്പെട്ടു,, ചേട്ടത്തിമാർ ഒരിക്കൽ പോലും ഭർത്താക്കന്മാരെയും കൂട്ടി ആ വീട്ടിലേക്കു വന്നില്ല..
അങ്ങനെയാണ് കമലാക്ഷി തന്റെ ഇച്ഛകൾ പതിയെ പതിയെ വ്യാപിപ്പിച്ചത്,, ഇപ്പോൾ അവൾക്ക് ആസ്വാദനത്തോടൊപ്പം അതൊരു ജീവനോപാധി കൂടിയായിരിക്കുന്നു…
അവൾ തന്റെ നിമിഷങ്ങൾ ക്ക് വിലപേശി,, കൂടുതൽ കൊടുക്കുന്നവരെ പ്രണയിക്കാൻ ശ്രമിച്ചു.. പ്രണയം തോന്നിയവരോട് അവൾ വിട്ടുവീഴ്ചകൾ ചെയ്തു,,


അങ്ങനെ ലോകത്തിൽ നൂറിൽ അൻപതു ശതമാനം വരുന്ന തന്റേതല്ലാത്ത കാരണത്താൽ പല വിധപീഡനങ്ങളാൽ വേശ്യാവൃത്തിയിലേക്ക് വന്നു പോകുന്ന സ്ത്രീകൾക്കു ബദലായി സ്വന്തം ആഗ്രഹനിവൃത്തിക്കായും സുഖലോലുപമായ ജീവിതസൗകര്യങ്ങൾക്കുമായും ഈ വഴി കമലാക്ഷിയേ പോലെ തിരഞ്ഞെടുക്കുന്നവരും ഒട്ടും കുറവല്ല..


കമലാക്ഷി മുറ്റത്തെ മുല്ല വള്ളിയിൽ നിന്നും മൊട്ടുകൾ പറിച്ചെടുത്തു വാഴ നാരിൽ കെട്ടിക്കൊണ്ട് ഇളം തിണ്ണയിൽ ഇരുന്നു,,ഇന്ന് വാസുവിന്റെ ഊഴമാണ്, അവളുടെ മുഖത്ത് ഒരു പുഞ്ചിരി കളിയാടും പോലെ, ചുണ്ടിൽ ഒരു മൂളിപ്പാട്ട് പാടുന്ന പോലെ..
ഒരു യക്ഷിയേ പോലെ അവളുടെ മുടിയപ്പോൾ അലക്ഷ്യമായി പുറം നിറഞ്ഞു വരാന്തയിൽവീണു കിടന്നിരുന്നു…

സിജി സജീവ്

By ivayana