രചന : സന്തോഷ് പെല്ലിശ്ശേരി ✍
ഡിസംബർ , നീയൊരു കുളിർത്താരകം പോൽ ,
ദിനങ്ങളുടെയൊടുവിലൊരവസാന താരം …
ദീപ്തമാം ഉണ്ണീശോപ്പിറവി തന്നോർമ്മകളിൽ ,
ദിശ കാട്ടി വാനിലൊരു പൊൻതാരകം നിൽപ്പൂ.
വർഷത്തിന്നവസാന മാസമാണെങ്കിലും
വളരെപ്പതിഞ്ഞുള്ള ചിന്തകളുടെ മാസം..
വലുതായിരുന്നോരു പ്രതീക്ഷകൾ , സ്വപ്നങ്ങൾ..
വഴിയായ് വിചിന്തനം ചെയ്തിടും മാസം..
പനിനീർക്കണങ്ങൾ പെയ്യുന്ന മാസം ,
പച്ചിലകളോരോന്നായ് പൊഴിയ്ക്കുന്ന മാമരം ,
പതിയെയിനി നമ്മളും മടങ്ങേണ്ടവരെന്ന –
പരമാർത്ഥപ്പൊരുളത് പറയുന്ന മാസം..
പുലരുവാൻ കാക്കുന്ന കാവൽക്കാരെന്ന പോൽ
പുതുവർഷപ്പുലരിയെ കാത്തിരിക്കുമ്പോൾ ,
പുനർജനിയെന്നോണം നൂണ്ടു കടക്കുന്ന ,
പുണ്യമാം മണ്ഡലകാലത്തിൻ മാസം..
നേട്ടങ്ങൾ കോട്ടങ്ങൾ , മാറാത്ത മാരികൾ…
നേത്രാംബു തൂകിയ സുഖദുഃഖനിമിഷങ്ങൾ..
നേരൊത്ത ചിന്തയാൽ കഴിഞ്ഞവയെ മനനം ചെയ്ത് ,
നേരിൻ്റെ പുലരിയ്ക്കായ് സ്വയം എരിയുന്ന മാസം…