മനുഷ്യത്വം തുളുമ്പുന്ന നേതാവ്

കത്തുന്ന കനൽപോലെ എരിഞ്ഞു തീരേണ്ട ഒരു ജീവിതം.

കരിവിളക്കിലെ അണയാത്ത തിരിനാളം പോലെ എല്ലാവരെയും അതിശയിപ്പിച്ചുക്കൊണ്ട് ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ലോകത്തിനു അതൊരു ആഘോഷയാത്രയിരുന്നു.

ജീവിതത്തിന്റെ നൂൽപാലം പൊട്ടിച്ച് അച്ഛനെയും അമ്മയെയും മരണം കൊണ്ടുപോയി..

ആഘോഷയാത്ര പിരിഞ്ഞപ്പോൾ എല്ലാം നഷ്ടപ്പെട്ട് ഞാൻ ഏകയായി.

ജീവിക്കാൻ സമൂഹത്തോട് പൊരുതി ആഹാരത്തിനു തെരുവിൽ അലഞ്ഞു.

അറിയാവുന്ന വാതിലുകൾ മുട്ടി നോക്കി എല്ലാം കൊട്ടിയടക്കപ്പെട്ടു.

കാരണം
“ പെണ്ണ് ..”
ബാധ്യതയുടെ ഉടപിറന്നവൾ, സംരക്ഷണവലയത്തിൽ കഴിയേണ്ടവൾ..!!

കൂടെക്കൂട്ടിയാൽ വേലി തന്നെ വിളവ് തിന്നാലോ എന്ന ഭയം..!

സ്വന്തം ചോരയെ, പതിയെ, കൂടപിറപ്പിനെ,വിശ്വാസമില്ലായ്മ.!!

സമൂഹികലോകത്തെ ഭയന്നു ജീവിക്കുന്നവർ

കരിങ്കൽകാഠിന്യമുള്ള കഷ്ടതകൾ നെഞ്ചിൽ ചുമന്നും കണ്ണീരാൽ തലയണ കുതിർന്നപ്പോളും ഞാൻ തളർന്നില്ല…

പിന്നൊരിക്കൽ താങ്ങായി വന്ന കൈ പർദയിടാൻ നിർബന്ധിച്ചു.

മനുഷ്യനായി വളർന്നു മതത്തിന്റെ പേരിൽ സ്വന്തം വ്യക്തിത്വം പണയം വച്ചുകൊണ്ടുള്ള അൽപസുഖം വേണ്ടാന്ന് വച്ചു.

അങ്ങനെ വന്ന കൈ താങ്ങുകളിൽ ചിലത് വിരലുകളാൽ എന്നിൽ വീണമീട്ടിയപ്പോൾ സ്നേഹമെന്നു കരുതി സന്തോഷിച്ചു,

പക്ഷെ ആ സ്നേഹത്തിൽ കാമത്തിന്റെ ചോര മണത്തപ്പോൾ ഞാൻ തളർന്നു പോയി…

സുരക്ഷക്കായി എന്നെ സമൂഹം അനാഥമന്ദിരത്തിൽ വെള്ളപർദക്കുമുന്നിൽ എത്തിച്ചു.

അവരെന്നെ പളുങ്ക്പാത്രത്തിൽ പാനീയങ്ങൾ തന്നും, വലിയ വലിയ മാംസക്കഷ്ണങ്ങൾ കാട്ടിയും പ്രകോപിപ്പിച്ച്, വെള്ളയും കാവിയും പർദകളണിയാൻ നിർബന്ധിച്ചു.

പക്ഷെ ഞാനെന്നിൽ ഉറച്ചുനിന്നപ്പോൾ സേവനത്തിന്റെയോ, ആത്മീയതയുടെയോ പേരിൽ കുറച്ചു മുത്തുമണികൾ തന്ന് അതൊക്കെ എണ്ണി തിട്ടപ്പെടുത്താൻ കല്പിച്ചു.

ആ കൽപ്പന എന്നിൽ ആത്മരോക്ഷം കൊള്ളിച്ച് സിരകളിൽ രക്തചൊരിച്ചലുണ്ടാക്കി

അന്ന് അവിടെ കണ്ടു ഞാൻ ഒരു കുട കിഴിലായി ഞാനെന്റെ അനേകം സഹോദരികളെ ..

അടിച്ചമർത്തലുകളുടെ അജണ്ടകളായിരുന്നു വരവേറ്റത്
മനുഷ്യത്വം ചവിട്ടി മെത്തിക്കപ്പെട്ടു വേദനയിൽ ഉലഞ്ഞും.

അവരവിടെ താളം തെറ്റിയ മനസ്സുമായി ജീവിതം കാഴ്ച വെക്കുന്ന കുറെ പാവം കുട്ടികൾ.

വിശപ്പിന്റെ വിളിയിൽ എല്ലാം ഹോമിച്ചു സ്വപങ്ങളിൽ മാത്രം സ്വർഗ്ഗം കണ്ടുക്കൊണ്ട് ജീവിക്കുന്നവർ..

അവിടെ ഒരു സ്വർഗ്ഗം തീർക്കണം, ആ സ്വർഗ്ഗത്തിൽ വേദനയുള്ള മനസുകളെ വിഹരിക്കാൻ വിടണം, അത് കണ്ട് ആത്മസംതൃപ്തി അടയണം പിന്നെ അതിനായി പരിശ്രമം.

“ അരുണിമ .. നിന്നെ സൂപ്രണ്ട് വിളിക്കുന്നു. ”

അരി വെപ്പുക്കാരി മറിയാമ്മചേച്ചി വന്ന് വിളിച്ചപ്പോഴാണ് ഞാൻ എന്റെ ചിന്തയിൽ നിന്ന് ഉണർന്നത് .

ങേ.. ശരി ..

സൂപ്രണ്ടിന്റെ മുറിയുടെ പുറത്ത് വച്ചേ ഞാൻ ശബ്ദം ഉയർന്നുക്കേട്ടു ..

ഒരു മതത്തിലും ചേരില്ല ആത്മീയ ചിന്തയുമില്ല.. പോട്ടെ കിട്ടുന്നതു തിന്നിട്ട് ഇവിടെ എവിടെയെങ്കിലും കിടന്നാൽ പോരെ..?

എന്തിന് മറ്റുള്ളവരുടെ നെഞ്ചിൽ ചവിട്ടി കയറുന്നു..?

നാലക്ഷരം പഠിച്ചതത്തിന്റെ പേരിൽ നാട് നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു..!

അതോ നേതാവ് ചമയുകയാണോ.?

സ്വന്തം തന്തയും തള്ളയും ചത്തുപോയി നോക്കാൻ വേറെ ആരുമില്ല അനാഥ യായി നിന്നപ്പോൾ കാക്കയും പൂച്ചയും കൊണ്ടുപോവണ്ടാ എന്ന് കരുതിയതാണോ എന്റെ തെറ്റ്.?

അവിടെയും ഇവിടെയും കിടന്നു ചാവേണ്ട എന്നു കരുതി ഓരോന്നിന്റെയും കെട്ടി വലിച്ചു കൊണ്ടു വരും ഉള്ള സ്വാസ്‌ത്തത കളയാൻ..

എന്താ സൂപ്രണ്ടെ ഇങ്ങനെയുക്കെ പറയുന്നത്.?

പിന്നെ എങ്ങിനെ പറയും അന്നസിസ്റ്ററെ..?

അന്ന സിസ്റ്ററിന്റെ ശബ്ദമായിരുന്നു അത് മനസ്സിൽ നിറയെ സ്നേഹം കൊണ്ടുനടക്കുന്ന മാലാഖ..

അന്നസിസ്റ്ററെ നിങ്ങളൊക്കെയാണ് ഇവളമാർക്ക് വളം വെച്ചു കൊടുക്കുന്നത്…

അനാഥ മന്ദിരം നടത്തുബോൾ ചില അച്ചടക്കങ്ങളും, ചിട്ടകളും ഉണ്ടാവും അതു പാലിക്കണം അതു ആരുടെ മോളായലും..

ആർക്കും അന്നത്തിന് മുട്ട് വന്നിട്ടില്ലല്ലോ..?

അതുണ്ടാക്കാൻ എത്ര പേരിന്റെ കാല് പിടിക്കണം എന്നറിയോ..?

എന്നിട്ട് ഇന്നെലെ വന്ന ഒരു അനാഥപ്പെണ്ണ് ഇവിടെയുള്ള എണ്ണങ്ങളെ കൂട്ട് പിടിച്ച് എനിക്കെതിരെ പരാതി കൊടുത്തതിരിക്കുന്നു.

ഞാൻ തോറ്റ് കൊടുക്കുമെന്ന് കരുതണ്ട..

“ ഒരു നേതാവ് വന്നിരിക്കുന്നു നേതാവ്…!!

ഇത്രയും കേട്ടപ്പോൾ മനസ്സിലായി എന്റെ പരാതി ശരിക്കും ഏറ്റിട്ടുണ്ടെന്ന്.

പതുക്കെ ഞാൻ ആ മുറിയിലേക്ക് കേറിചെന്നു
എന്നെ കണ്ടത് സൂപ്രണ്ട് പൊട്ടിത്തെറിച്ചു..

“ എടീ.. നീ എനിക്കെതിരെ കളക്ടർക്കു പരാതി കൊടുത്തല്ലേ..?

“ എന്തിന്റെ കുറവാടി ഇവിടെ..?

“ ഒന്നും അറിയാത്ത എന്റെ കുഞ്ഞുങ്ങളെയും കൂട്ടി നേതാവാകാൻ നോക്കുന്നോ..?

അതുകൊണ്ടാ അന്നസിസ്റ്ററെ ഇവരുടെ കത്തുകളും കാർഡുകളും ചെക്ക് ചെയ്യണം എന്ന് പറയുന്നത്.

അപ്പോൾ അതു വ്യക്തി സ്വാതന്ത്ര്യതത്തിൽ കൈകടത്തലായി ..!!

പിന്നെ ഇവിടം ജയിലാണെന്നോ ..?

ഏതു തരത്തിലാടി ഇവിടം ജയിലാവുന്നത് ..?

പള്ളികളുടെയും അമ്പലങ്ങളുടെയും കാരുണ്യത്തിൽ മൂന്നു നേരം തിന്നാൻ കിട്ടുന്നുണ്ടങ്കിൽ അവരു പറയുന്നത് കുറച്ചൊക്കെ അനുസരിക്കണം.

വറുതെ ആരും തിന്നാൻ തരില്ല അതല്ലാതെ വേറെന്താ പണി ഇവിടെ..?

കളക്ടർ എന്നെ വിളിച്ചു ചോദിച്ചപ്പോൾ ഞാൻ ആകെ വല്ലാതായി..

“ സൂപ്രണ്ട് സാറേ..

“ ഇവിടെ എത്തിപ്പടുന്ന അനാഥയായ ഞങ്ങൾ ജാതി മതം വർണ്ണം വിവേചനം എന്നൊന്നും അറിയാത്ത തെരുവിന്റെ മക്കളാണ്..!!

ഞങ്ങൾക്ക് ഒരേയൊരു ജാതിയേയുള്ളൂ അത്
“ മനുഷ്യൻ ” ഒരേയൊരു മതമേയുള്ളൂ അത് “ വിശപ്പ് ”

ഞങ്ങൾക്ക് കിട്ടുന്ന അന്നചട്ടിയിൽ കൈയിട്ടുവാരി അതു ഞങ്ങളുടെ അവകാശമല്ല നിങ്ങളുടെ ഔദാര്യമണ് എന്ന് വരുത്തി തീർത്ത്.

നിങ്ങളുടെ അണികളുടെ എണ്ണം കൂട്ടുമ്പോൾ ഒന്ന് മനസ്സിലാക്കണം

ഈ ഞങ്ങൾക്ക് ജീവിക്കാൻ കൊതിക്കുന്ന ഒരു മനസ്സുണ്ടെന്നും ആ മനസ്സിൽ സ്വപ്നങ്ങൾ ഉണ്ടെന്നും

ആ സ്വപ്നങ്ങളുടെ തീ നാളങ്ങളെ തല്ലി കെടുത്തി മതവും ആത്മീയവും കുത്തി നിറച്ച് അതാണ് ജീവിതമെന്നും ..

അവിടെയാണ് ജീവിത സാക്ഷാത്ക്കാരം മെന്നും പുലമ്പുന്നത്..

ഏതു മതത്തിന്റെ കുട കീഴിലായാലും അവരെയും തടയണം

കാലങ്ങൾക്കൊണ്ടു നടത്തിയ മതപരിവർത്തനങ്ങളും ജാതി മാറ്റങ്ങളും കൊണ്ട് എന്തു നേടി..?

അതിന്റെ പേരിൽ പൊലിഞ്ഞ എത്ര എത്ര ജീവനുകൾ ജീവിതങ്ങൾ..!!

അവസാനം ഇപ്പോഴും മനുഷ്യന് മനുഷ്യനാവാൻ കഴിയുന്നുണ്ടോ..?

അവന്റെയുള്ളിലെ മനുഷ്യത്വത്തെ കാർന്നെടുത്തില്ലേ നിങ്ങൾ .

ഇന്ന് ലോകം ഒരു മഹാമാരിയെ അതി ജീവിക്കുമ്പോഴും

എന്റെ ജാതി എന്റെ മതം എന്റെ ദൈവം എന്റെ കുടുംബം എന്റെ മക്കൾ എല്ലാം എന്റെ… എന്റെ ..

ഇല്ല.. മഹാമാരി ഇതല്ല ഇനിയും വരും.. ഇതിലും വലുത്….

അന്ന് അത് താങ്ങാൻ കുറച്ചെങ്കിലും മനസാക്ഷിയുള്ള ഒരു നല്ല തലമുറയെ വർത്തെടുക്കാൻ ശ്രമിക്കണം അവരിലൂടെ ലോക സമാധാനവും സംരക്ഷണവും കണ്ടെത്തണം.

അപ്പച്ചനും ചിറ്റപ്പനും വാപ്പയും കൊച്ചാപ്പയും അച്ഛനും ചെറിയച്ഛനും എല്ലാവരും ഉണ്ടായിട്ടു ഞങ്ങളെ പോലെയുള്ളവർ ഇന്നും അനാഥരാവുന്നത് കാണുന്നില്ലേ ..?

ഈ അനാഥത്വത്തിന്റെ വേദന അറിയണം സാർ അതറിയണം…

“ ഒരു സമൂഹമാവണം ഒരു കുടുംബം ..”

“ അവിടെ പലർക്കും പല വർണ്ണത്തിലുള്ള ഉടുപ്പുകൾ പോലെ ജാതിയു മതവും ഇണ ചേർന്ന് ജീവിക്കുന്ന ഒരു കുടുംബം …”

അവിടെ അനാഥർ ഉണ്ടാവില്ല മനുഷ്യത്വം നിറഞ്ഞ മനസ്സുകൾ മാത്രമാവും

പിന്നെ നേതൃത്വപാടവം മനുഷ്യന് അവന്റെ സാഹചര്യമാണ് ഉണ്ടാക്കുന്നത്..

“ കണ്ടുനിൽക്കാൻ കെൽപ്പില്ലാതാവുമ്പോൾ മനസ്സിന്റെ അടിത്തട്ടിൽ നിന്ന്..”

“ തളർന്ന മനസ്സിന്റെ ഉയർത്ത് എഴുന്നേൽപ്പിൽ നിന്ന് …

“ പടി പടിയായ അനുഭവങ്ങളുടെ വേദനയിൽ നിന്ന് ..”

അങ്ങനെയുണ്ടാതാവാം..!!! എന്നിൽ ഒരു നേതാവിനെ കാണാൻ കഴിഞ്ഞാൽ അതിൽ ഞാൻ അഭിമാനം കൊള്ളുന്നു.”

ഇങ്ങനെ അടിത്തട്ടിലെ വേദന അറിഞ്ഞുകൊണ്ട് നമ്മുടെ സമൂഹികരാഷ്ട്രീയത്തിലും നേതാക്കൾ ഉണ്ടാകട്ടെയെന്ന് നമ്മൾക്ക് പ്രത്യാശിക്കാം..!!

അന്നസിസ്റ്ററിന്റെ കണ്ണുകളിലെ തിളക്കവും കണ്ണുനീരും സന്തോഷം നിറഞ്ഞതായിരുന്നു.

എല്ലാം കേട്ട് തലയും കുനിച്ച്‌ ഇരിക്കുന്നു സൂപ്രണ്ട്..

വിജയശ്രിലാളിതയായി ഞാൻ പുറത്തേക്ക് വന്നതോടെ എന്റെ നടപ്പിലും ഭാവത്തിലും ഒരു നേതാവ് പിറന്നിരുന്നു.

Hari Kuttappan

By ivayana