അവലോകനം : : ശ്രീധര ഉണ്ണി ✍
കയ്യേറ്റക്കാർക്കും മാഫിയകൾക്കും അനധികൃത തടിമില്ലുകൾക്കും മറയായി നിൽക്കാൻ മാത്രമേ കുടിയേറ്റ കർഷക ജനതയെ അവർക്ക് ആവശ്യമുള്ളു .
കർഷക ജനത ഇതു തിരിച്ചറിഞ്ഞാൽ അവർക്ക് കൊള്ളാം .
സംരക്ഷിത പ്രദേശങ്ങളുടെയും അതിനു ചുറ്റുമുള്ള ബഫര്‍ മേഖലകളുടെയും സര്‍വേ നടത്തി ഏതൊക്കെ നിര്‍മ്മിതികളും ഖനനങ്ങളും ആവാസ സംവിധാനങ്ങളും അവിടെ ഉണ്ട് എന്ന രേഖ തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതാണ് . അതു് കേരളം തയ്യാറാക്കിയില്ല . ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചുകൊണ്ട് വന്ന , കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ വീണ്ടും വെട്ടി മുറിക്കുന്ന ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടാണ് കേരളം മുന്നോട്ടുവെച്ചിരുന്നത് . പക്ഷേ ഇത് സുപ്രീം കോടതിയുടെ മുന്നില്‍ എത്തിയിരുന്നില്ല . ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പൂര്‍ണ്ണമായും പാരിസ്ഥിതിക ദുര്‍ബ്ബല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് ആ നിര്‍ദ്ദേശം . ഇതിന് ശാസ്ത്രീയമോ നിയമപരമോ ആയ സാധുത ലഭിക്കുക എളുപ്പമല്ല . സംരക്ഷിത വനത്തിനു ചുറ്റും ബഫര്‍ സോണ്‍ എന്ന മേഖല വേണം എന്ന് പറയുന്നത് ഒരു ‘ ഷോക് അബ്സോര്‍ബര്‍ ’ എന്ന രീതിയിലാണെന്ന് സുപ്രീം കോടതി ഈ വിധിയില്‍ വ്യക്തമായി പറയുന്നുണ്ട് .
1997ലെ എം സി മേത്ത കേസിന്റെ വിധി പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാനമായി ഇന്നും കോടതി പരിഗണിക്കുന്നു . പ്രകൃതി വിഭവങ്ങള്‍ പൊതു സമ്പത്താണെന്നും അവ വില്‍ക്കാനോ നശിപ്പിക്കാനോ പാടില്ലെന്നും സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാറുകള്‍ക്കാണെന്നും പറയുന്ന ആ വിധിന്യായം , ഈ കേസിലും ഉദ്ധരിക്കുന്നു . പരിസ്ഥിതി സംരക്ഷണത്തിന്റെ ആണിക്കല്ലായ മുന്‍കരുതല്‍ തത്ത്വം ( പ്രിക്കോഷനറി പ്രിന്‍സിപ്പല്‍ ) ഇവിടെയും ബാധകമാണ് . അതുകൊണ്ട് വനങ്ങള്‍ സംരക്ഷിക്കുക എന്നത് സര്‍ക്കാറിന്റെ കടമയാണ് . ലാഭം ഉണ്ടാക്കാന്‍ വേണ്ടി വനം നശിപ്പിക്കുന്ന ഖനനം , മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ , വന്‍കിട നിര്‍മ്മാണങ്ങള്‍ മുതലായവ ഒഴിവാക്കുകതന്നെ വേണം .
കേരളത്തിൽ സർക്കാറുകൾക്ക് പിഴച്ചത് എവിടെയൊക്കെയാണ് എന്ന നോക്കാം :
വന്യമൃഗ സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റും ആവശ്യമായ ബഫര്‍ സോണ്‍ എത്രയായിരിക്കണമെന്നും അവിടെ ഏതെല്ലാം നിയന്ത്രണങ്ങള്‍ വേണമെന്നുമുള്ള കരട് രേഖ തയ്യാറാക്കിയത് വനം പരിസ്ഥിതി മന്ത്രാലയം , സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം , 2003ല്‍ രൂപവത്കരിച്ച കേന്ദ്ര ഉന്നതാധികാര സമിതി ( സി ഇ സി ) ആണ് . 2011ല്‍ ഇതു സംബന്ധിച്ച വിശദമായ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു . ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് ഉടനെ അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു . പല സംസ്ഥാനങ്ങളില്‍ നിന്നും സര്‍ക്കാറുകളും ഖനന കമ്പനികളും പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പുകളും കേസില്‍ കക്ഷി ചേര്‍ന്നു . എന്നാല്‍ ഗാഡ്ഗിലിനെതിരെ സൃഷ്ടിച്ച ആള്‍ക്കൂട്ട ബഹളങ്ങള്‍ക്കിടയില്‍ കേരളത്തില്‍ നിന്ന് ഒരു ഇടപെടലും ഉണ്ടായില്ല .
ഇവിടെ തുടങ്ങുന്നു പിഴവുകൾ …..(മോഹനൻ പിസി പയ്യപ്പിള്ളി)