രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍
ഇരുളാർന്ന വിണ്ണിലെ
തെളിവാർന്ന താരകം
കരുണാമയൻ തന്റെ
വരവിന്റെ ജാതകം
നിരയായി നിറയുന്ന
സ്നേഹവാത്സല്യമേ
ദുരയെ ഹരിക്കുന്ന
സൗമ്യനിമ്മാനുവേൽ
സ്വരമാണ്,നന്മതൻ
നിറവാണ് നീയെന്നും
വരമാണ്,പുൽക്കൂട്ടി-
ലുയിരിട്ട പുണ്യമേ…
അരിയെയും സാന്ത്വന-
ത്തെന്നലായ് തഴുകുന്ന
അറിവേ നമിക്കുന്നു
അലിവിന്റെ പുഷ്പമേ…
മറിയം വളർത്തിയ
ഉണ്മതൻ തിങ്കളേ
ഹൃദയം നിറയ്ക്കുന്ന
പുഞ്ചിരിച്ചന്തമേ…
രക്തവും മാംസവും
സത്യത്തിനേകിയ
രാജാധിരാജനേ
സ്വർണ്ണ നക്ഷത്രമേ…
നിസ്വന്റെയാശ്രയം
നീതന്നെ ജീസസ്സേ
കാൽവരിക്കുന്നിലെ-
യണയാത്ത ദീപമേ…
ജലധിക്കുമീതേ
ചരിച്ച മഹത്വമേ
വിലയേറെയുള്ളൊരു
വിസ്മയരത്നമേ…
ലോകം നിറഞ്ഞുചിരിച്ചു
നിൻ വരവിനാൽ
മാലാഖവൃന്ദം
ചൊരിഞ്ഞു നിറവുകൾ
ആമോദമേറ്റം പൊലിച്ച
ഡിസംബറിൽ
സാകൂതമോടെയൊരുങ്ങി
പ്രകൃതിയും
മിന്നിത്തിളങ്ങട്ടെ
വെൺപ്രഭയേറിയ
ശുഭ്രനക്ഷത്രമായേശു
മഹോന്നതൻ
വിശ്വം മുഴുവൻ
വിളങ്ങട്ടെയുജ്ജ്വല
ശോഭപടർത്തുന്ന
ശാന്തിപ്രവാചകൻ