അവലോകനം : കുട്ടി മണ്ണാർക്കാട് ✍
ഏഴു വർഷങ്ങൾക്കുശേഷമാണ് ഒരു ഫാറൂഖിയൻ സിനിമ വരുന്നത്.
രണ്ടായിരത്തിപ്പതിനഞ്ചിലാണ് ഫാറൂഖ് അബ്ദുറഹിമാന്റെ “കളിയച്ഛൻ വന്നത്.
മലയാളത്തനിമ ജീവിതത്തിലും കവിതകളിലും ചാലിച്ചു ചേർത്ത മലയാളത്തിന്റെ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ആത്മസ്പർശിയായ “കളിയച്ഛൻ”കവിതക്ക് അഭ്രാവിഷ്ക്കാരം നൽകുകയും,നിരവധി പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ശ്രീ ഫാറൂഖ് അബ്ദുറഹിമാന്റെ “പൊരിവെയിൽ”ചലച്ചിത്രമാണ് ഇവിടെ അവലോകനം ചെയ്യുന്നത്.
നവോത്ഥാന ഭാവത്തിലും സ്വയമേ പുരോഗമന നാട്യത്തിലും നാമൊക്കെ ജീവിച്ചു പോകുന്ന മലയാള നാട്ടിലെ അരികുവൽക്കരിക്കപ്പെട്ട നിർഭാഗ്യവാന്മാരായ,നിരാലംബരായ ഇത്തിരിയൊത്തിരി ചെറിയ മനുഷ്യരുടെ ദുരനുഭവങ്ങളുടെ,നീറി നീറ്റിത്തീരുന്ന ജീവിതത്തിന്റെ പരിച്ഛേദമാണ് ഈ ചിത്രത്തിൽ തന്മയത്വത്തോടെ ചിത്രീകരിച്ചിരിക്കുന്നത്.
പുറമേ അതിപരിഷ്ക്കൃതരെന്ന മിഥ്യാധാരണയിലും,അകത്ത് ഉള്ളു നീറുന്ന പൊരിവെയിലത്ത് ജീവിതം കിതച്ചു തീർക്കുന്നവരുടെ ദുരന്തങ്ങളുടെ നേർചിത്രമാണിത്.
കഥാവിവരണം ഉദ്ദേശിക്കുന്നില്ല,അത് നിങ്ങൾ കണ്ടു തന്നെയറിയണം.
ആദ്യാവസാന ചട്ടപ്പടി കഥയും ഇതിനില്ല.പച്ച മനുഷ്യരുടെ പൊള്ളിത്തിണർത്ത തിക്താനുഭവങ്ങൾ മാത്രം.
പുത്തൻപുതു പൊങ്ങച്ച സമൂഹത്തിന്റെ മൂല്യനിരാസങ്ങളുടേയും,സാമൂഹിക ജീർണതകളുടേയും തള്ളിക്കയറ്റത്തിൽ അവഗണിക്കപ്പെട്ടവരുടെ ,ഗതിമുട്ടിയ ജീവിതം ഉരകിയുരുകിത്തീരുന്നതിന്റെ നേർസാക്ഷ്യം.
എന്തിനേയും ഏതിനേയും കച്ചവടച്ചെരക്കാക്കി ലാഭം കൊയ്യുന്ന ഉദാരവൽക്കരണാനന്തരത്തിലെ സർപ്പദംശന നോവുകൾ.
അരിക് വൽക്കരിക്കപ്പട്ട്, സാധാരണ സ്വൈരജീവിതത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട കുറെ മനുഷ്യജന്മങ്ങളുടെ കൂടു മാറ്റങ്ങളാൽ എവിടേക്കൊക്കെയോ ചേക്കേറാൻ നിർബന്ധിതരായ കുഞ്ഞു മനുഷ്യർ.
സ്വന്തമായതെല്ലാം നഷ്ടപ്പെട്ട,തനത് വ്യക്തിത്വങ്ങളും,സത്വഭാവങ്ങളും,ഭാഷയും, ഭക്ഷണവുമുൾപ്പെടെ എല്ലാം കളഞ്ഞുപോയവരുടെ ദൈന്യാവസ്ഥകൾ.
കാസർഗോട്ടെ ഒരു ഓണംകേറാമൂലയിൽ.ജീവിതം മരിച്ചു തീർക്കുന്ന ആശ്രയമറ്റവരുടെ ആശയൊടുങ്ങിയ കദനാവസ്ഥകൾ.
ഇന്ദ്രൻസിന്റെ അപ്പുണ്ണിയും സുരഭിയുടെ ലളിതയും അവരുടെ കൊച്ചു മോളും കുറേ നാളത്തേക്കെങ്കിലും നിങ്ങളെ അലോസരപ്പെടുത്തുക തന്നെ ചെയ്യും,തീർച്ച.
സൈക്കിൾ ചവിട്ടിത്തളരുന്ന അപ്പുണ്ണി യുടെ കണ്ണുകളിലെ മഞ്ഞളിപ്പും അവ്യക്തതയും കാണികൾക്ക് കൂടി ബോദ്ധ്യപ്പെടുത്തുന്നു എം ജി രാധാകൃഷ്ണന്റെ ഛായാഗ്രഹണം.
ബിജു ബാലിന്റെ നേർത്ത സംഗീതമാവട്ടെ കഥാ പശ്ചാത്തലത്തോട് അലിഞ്ഞു ചേർന്ന് രംഗങ്ങളിലെ വികാര തരളിത ഭാവങ്ങളിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു.
കേവലം നൂറ്റിയേഴ് മിനുട്ടുകൾ മാത്രം ദൈർഘ്യമുള്ള ഈ ചിത്രത്തെ കൃതഹസ്തതയോടെ തുന്നിച്ചേർത്ത് മനോഹരമാക്കിയിരിക്കുന്നു ബിജിത് ബാല.
റഫീഖ് അഹമ്മദിന്റെ രണ്ടു ഗാനങ്ങളും(അതോ കവിതയോ)വൈകാരിക ഭാവങ്ങളുടെ പൊള്ളുലനുഭവങ്ങളിൽ ജ്വലിച്ചു നിൽക്കുന്നവ തന്നെ.
അപ്പുണ്ണിയെ ഇന്ദ്രൻസും, ലളിതയെ സുരഭി ലക്ഷ്മിയും അഭിനയിച്ചല്ല അവതരിപ്പിച്ചത്,പരകായപ്രവേശനത്തിലൂടെ ജീവിച്ചു തന്നെയാണ്.
ബിജിബാലിന്റെ സംഗീതവും,പാട്ടുകളൊരുക്കലും കഥാപശ്ചാത്തലത്തോടും കഥാപാത്രങ്ങളോടും ഒട്ടിച്ചേർന്ന് ഒട്ടുമേ വിടവില്ലാതെ തീരെ വിള്ളലില്ലാതെ പ്രേക്ഷകരെ അനുധാവനം ചയ്യുക തന്നെയാണ്.
രണ്ടു പാട്ടുകളുള്ളതിൽ തുടക്കഗാനം (പതറാതെ….) പാടിയത് സംഗീതമൊരുക്കിയ ബിജിബാൽ തന്നെയാണ്. തീവ്ര വൈകാരികത പ്രേക്ഷകരിലുണ്ടാക്കുന്ന “കണ്ണുനീർ തുള്ളി കൊണ്ട്…….” അതീവ മനോഹരവും ഹൃദ്യവുമായി പാടിയത് വളരെയൊന്നും പ്രശസ്തരല്ലാത്ത നിഷാദും ചിത്രാ അരുണും ചേർന്നാണ്.അഭിനന്ദനങ്ങൾ അർഹിക്കുന്നൂ ഇരുവരും.
ചേർത്ത് ചേർന്ന് നിൽക്കുന്ന ഇതര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുമെല്ലാം തന്നെ അവരവരുടെ ഭാഗങ്ങൾ അന്യൂനമാക്കിയിരിക്കുന്നു.
“കണ്ണുനീർ തുള്ളി കൊണ്ട് കാണാപ്പൂമാല” നെഞ്ചിൽ പടർന്നു കയറി, പൊരിവെയിലിന്റെ പൊള്ളലും ചൂടും മസ്തിഷ്ക്കത്തിലും നീറ്റലുണ്ടാക്കിയയവസ്ഥയിൽ കൊട്ടക വിട്ടിറങ്ങിയപ്പോൾ പുറത്ത് അല്പം ചാറ്റൽമഴയുണ്ടായിരുന്നുവെങ്കിലും കണ്ടനുഭവിച്ചറിഞ്ഞ “പൊരിവെയിലി”ന്റെ താപത്തെ തണുപ്പിക്കുവാൻ അത് മതിയാകുമായിരുന്നില്ല.
അർമാദത്തിലഭിരമിക്കൽ മാത്രമല്ല അനാവരണം ചെയ്തിട്ടില്ലാത്ത സങ്കീർണ്ണ ജീവിതാവസ്ഥകളേയും അഭ്രപാളികളിൽ ആവിഷ്ക്കരിച്ച് സാക്ഷാൽക്കരിക്കാം എന്ന് സഹൃദയരെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയ ശ്രീ ഫാറൂഖ് അബ്ദുറഹിമാൻ താങ്കൾക്കും സഹകാരികൾക്കും ഹൃദയാഭിവാദ്യങ്ങൾ.