രചന : വത്സലാജിനിൽ ✍

ജീവിതത്തിന്റെ കഥ തുടങ്ങുന്നത്,
ശരിക്കും
എവിടെ നിന്നാണ്…..?
അറിയില്ല!!!
എങ്കിലും,,
ഭാവിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ
അന്ന് മുതൽ
അവൾ സ്വപ്നം കണ്ടത്
മുഴുവനും
ഒരു സാധാരണ വീട്ടമ്മയുടെ റോൾ മാത്രമായിരുന്നു!!.
അതോടെ,,
ചുറ്റുമുള്ള വീട്ടമ്മമാരെയെല്ലാം
ഒരുതരം ആരാധനയോടെ
ശ്രദ്ധിച്ചു കൊണ്ടിരുന്നു.
പുലർച്ചെ എണീക്കുന്നത് ഒഴിച്ചാൽ!
ബാലികയായ അവൾക്കന്ന്,
അതേറെ
ഹൃദ്യവും,രസകരവും, ആസ്വാദ്യകരവുമായി
തോന്നിയിരുന്നു.
കണ്ണൻ ചിരട്ടയിൽ,
കഞ്ഞീം കറിയും കളിക്കുന്ന മാതിരി,,
പറഞ്ഞതിനകം
എല്ലാം റെഡിയാക്കി, വച്ചു വിളമ്പുന്ന
ഒരു വീട്ടമ്മ!!!
മക്കളെ പാട്ടുപാടി ഉറക്കുന്ന,, തുണിയലക്കുന്ന,
പാത്രം മോറുന്ന
തൂക്കുന്ന തുടക്കുന്ന,
മുറ്റത്ത് ഭംഗിയിൽ പൂന്തോട്ടം ഒരുക്കുന്ന,
വൈകുന്നേരത്തോടെ
വസ്ത്രങ്ങളിലെ പുകയുടെയും മഞ്ഞളിന്റെയും വരണ്ട ഗന്ധത്തെ
ധൃതിയിൽ അലക്കിയുണക്കി,
കൈത്തലത്തിൽ മായാൻ കൂട്ടാക്കാത്ത
കരിക്കലത്തിന്റെ കരി തേച്ചുരച്ചു കളഞ്ഞു,നേർത്ത മണമുള്ള സോപ്പിനാൽ കുളിച്ചുതോർത്തി
ഭസ്മം ധരിച്ച്, വെള്ളമിറ്റു വീഴുന്ന മുടിത്തുമ്പോടെ,
സന്ധ്യാദീപം കൊളുത്തി പ്രാർത്ഥിക്കാൻ ഇരിക്കുന്ന
ഒരു പക്കാ വീട്ടമ്മ!!!
അതുക്കും മേൽ,,
ഒരിക്കൽ പോലും മറ്റൊരു ഉദ്യോഗവും അവൾ കൊതിച്ചില്ല!
ആഗ്രഹിച്ചതും കൂടിയില്ല,
എന്നതാണ് സത്യം.!!!!
പിന്നെ പഠിച്ചത്,
മക്കൾക്ക് നാലക്ഷരം പറഞ്ഞു കൊടുത്തു ഇടയ്ക്ക് വലിയ ആളാകാം എന്ന് വിചാരിച്ച് തന്ന്യാണ്.
അങ്ങിനെ,,,അവൾ
ആഗ്രഹിച്ചത് പോലെ,,
അവസാനം
അവളൊരു വീട്ടമ്മയായി!!!
ഉദ്യോഗയറ്റങ്ങൾ ഒന്നുമില്ലാത്ത,,
ആജീവനാന്തം സ്ഥിരതയുള്ള,
പി എഫ്, ഗ്രാറ്റ്യുയിറ്റിയും തൊട്ടുതീണ്ടിയിട്ടില്ലാത്ത,,
ഇടയ്ക്ക്,,ശമ്പളവർദ്ധനവ് പ്രതീക്ഷിക്കാതെ,
വല്ലപ്പോഴും കാര്യകാരണങ്ങളൊന്നുമില്ലാതെ,
അല്ലറ ചില്ലറ
ശീതസമരങ്ങൾ ഒറ്റയ്ക്ക് വയ്ക്കുന്ന
ഒരു വീട്ടമ്മ!
എന്നാൽ
കാര്യം ഇങ്ങിനെയൊക്കെ ആണേലും,,
പ്രശ്നം എന്താച്ചാൽ
പുതിയൊരു വസ്ത്രം തയ്ച്ചാൽ,,
നല്ലൊരു മുടി പിൻ വാങ്ങിയാൽ,, സ്വർണ്ണക്കമ്മൽ ഒന്നും മാറ്റിയാൽ,,, അതൊക്കെ ഇട്ടൊന്ന് അണിഞ്ഞൊരുങ്ങി പുറത്തു പോകാൻ അവൾ നോമ്പ് നോറ്റ് കാത്തിരിക്കണം.
വല്ല നല്ല ഫംഗ്ഷനും
ഒത്തു വരാൻ വേണ്ടി…..
അതുമല്ലെങ്കിൽ,,
ഒരു വീട്ടമ്മയ്ക്ക്
എപ്പോ വേണേലും പോകാവുന്ന രണ്ടിടങ്ങളാണ്,,,
അമ്പലവും,,,
മാർക്കറ്റും!!!
ഇവ തമ്മിലൊരു വിപരീതക്യാപ്
ഉണ്ടേലും ഇല്ലേലും,,,
അവൾക്ക് ശരിക്കും,,,
അടുക്കളയിൽ നിന്നൊരു വിടുതൽ കിട്ടുന്നത്,
മാർകെറ്റിലേയ്ക്ക് പോകുമ്പോഴാണ്.
എന്നാൽ സ്കൂട്ടിയെടുത്തതോടെ,
“ദേ പോയി ദാ വന്നു “എന്ന മട്ടിലായി,
അതും!!
മിക്കപ്പോഴും,
അരി അടുപ്പേലിട്ട്
ഹെൽമറ്റ് എന്ന മുൾക്കിരീടവും വച്ച്
നിന്ന നിൽപ്പിൽ ഒരൊറ്റ പോക്കാണ്!!
ഗൂഗിൾ ജ്യോതിഷം നോക്കി
ഭർത്താവ് അപ്പോൾ പുറകെ നടന്നു
അന്നത്തെ
നാൾ ഫലം പറയാൻ തുടങ്ങും!!
‘വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക!! അപകടം ഉണ്ടാകാൻ സാധ്യത!
അത്,കേൾക്കാത്ത ഭാവത്തിൽ,,
വേഗം
വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോഴേക്കും
വീണ്ടും വാണിങ്‌മായി എത്തുമ്പോൾ,,,
അവൾ കൈകൂപ്പി തൊഴുതു നിൽക്കും.
‘പ്ലീസ് ഞാനൊന്ന് ഓടിച്ചു പോയ്ക്കോട്ടെ’
എങ്കിലും
യാത്രയിൽ ഉടനീളം അക്കാര്യം,
താനേ തികട്ടി വരുമ്പോൾ,
എന്നും സുഗമമായി പോകുന്നവൾ,,
പിന്നെ കണ്ടടുത്തൊക്കെ
കാലു കുത്തിയും,,
ബ്രേക്ക് അമർത്തിയും,
ഒരു കൈവിട്ട കളി പോലെ
വിറച്ചു വിറച്ചങ്ങിനെ പോകും!
അതിനിടയിൽ
“അവരുടെ ഒരു ഗൂഗിൾ ജ്യോതിഷം!!!
എന്ന് മനസ്സിൽ
കശപിശയും വയ്ക്കാറുണ്ട്!!
പക്ഷേ,,,,,
ഇന്ന് വണ്ടി ഇല്ല!
ജോലിക്ക് പോയ
അദ്ദേയം കൊണ്ടു പോയിരിക്കുന്നു!
ആയതിനാൽ,,,
നടന്നു പോകാൻ തന്നെ തീരുമാനിച്ചു.!!
എന്ന് വച്ച്
ഒരുക്കം ഒട്ടും കുറയ്ക്കണ്ടാന്ന് കരുതി,,
അതിഗംഭീരമായി തന്നെ അണിഞ്ഞൊരുങ്ങി.
പൊട്ടും കരിയും,, സിന്ദൂരവും തൊട്ട്,ഭംഗിക്ക് ഒരു കള്ളക്കുറിയും അടിച്ച്,ശീലിച്ചു പോയി എന്താ ചെയ്ക…..😜
പിന്നെ ചുരിദാറിന് മാച്ച് ചെയുന്ന സ്ലൈഡും കുത്തി. പുതുതായി വാങ്ങിയിട്ട് ഇതുവരേം ഇടാതെ മൂലയ്ക്ക് ഭദ്രമായി സൂക്ഷിച്ചിരുന്ന ചെരിപ്പും ഇട്ട് ,, കണ്ണാടിക്ക് മുന്നിൽ ചാഞ്ഞും ചരിഞ്ഞും നോക്കി സംതൃപ്തയായി നിൽക്കുമ്പോൾ,,
നല്ല പ്രായത്തിൽ ഒരു ലോകസുന്ദരി മത്സരത്തിന്, പങ്കെടുത്തിരുന്നെങ്കിൽ ……………………ൽ ൽ ൽൽ ൽ
ഒരു ഗപ്പ് എങ്കിലും കിട്ടിയേനെ!!
എന്ന ശുഭചിന്ത,,
കുറച്ചു കൂടിപ്പോയോ …. എന്ന്
സ്വയം ഓർത്തു കൊണ്ട്,,,
മൊബൈലിൽ രണ്ടും മൂന്നും,,,
അല്ലല്ല ഗാലറി നിറയെ ഫോട്ടോ എടുത്ത്,,
കൊള്ളാവുന്നത്,
മൂല്യനിർണ്ണയം നടത്തി
സാക്ഷ്യപ്പെടൂത്തി,
തൃ പ് തി പെട്ടും,,
കൊള്ളാത്തതിന്,
ക്യാമറയെ കുറ്റം പറഞ്ഞു, പിരാകിയും
കുറച്ചും കൂടി സമയം പാഴാക്കി,,
ഒടുവിൽ നേരം പോയെന്ന്,,അതിനോട്
കലമ്പി കൊണ്ടവൾ, ഒന്നൂടി
അടുക്കളയിൽ കയറി,
പുനപരിശോധന നടത്തവേ,,
വയറൊഴിഞ്ഞ അരിപ്പെട്ടി,
റേഷൻകടയെ ഓർമിപ്പിച്ചു കൊണ്ടു പരിഭവനാഴി നിറയ്ക്കാൻ തുടങ്ങി.
ആ “വണ്ടൻമേട്ടിലേയ്ക്ക്,തത്കാലം
പിന്നെ പോകാമെന്നു വച്ചവൾ
അത്യാവശ്യസാധനങ്ങൾ വാങ്ങുന്ന
തുണി സഞ്ചിയും എടുത്തു,
വീടും പൂട്ടി പുറത്തിറങ്ങി…
അകത്തപ്പോൾ,,
ഏറെ നാൾ
പുന്നാരിച്ചു കൊണ്ട് നടന്ന
മാസ്ക്
വിഷാദത്തിന്റെ ആണിയിൽ തൂങ്ങി,,
ഒറ്റപ്പെട്ടു അപഹാസ്യയായി കിടന്നു!!
നടവഴിയിൽ,ഇറങ്ങിയതും,,
തളർന്നു
കിടന്ന പൂച്ച,മോങ്ങിക്കൊണ്ട്,,
പിറകെ വന്ന്,,
‘പട്ടിണിയുടെ വക്കിലാണെന്നും,,
വായിൽ വച്ച് കൂട്ടാവുന്ന വല്ലോം
വാങ്ങി കൊണ്ട് വരണേയെന്നും’
പറഞ്ഞപ്പോൾ,
കേട്ടില്ലന്ന നാട്യത്തിൽ
അതിനെ കണ്ണുരുട്ടി വിരട്ടി കൊണ്ടവൾ
മുന്നോട്ടു നീങ്ങി.
എങ്ങട്ട്,…
അമ്പലത്തിൽ ആണോ?
റോഡിലിയ്ക്കിറങ്ങിയതും,,
1000 രൂപയുടെ ആദ്യ ചോദ്യം,,
ഇതാ പിടിച്ചോ എന്ന മട്ടിൽ പറന്നു വന്നു!!
”അല്ലല്ല,,
മാർക്കറ്റിലേയ്ക്ക്!!”
ഒരുങ്ങിയിറങ്ങിയതിന്റെ
ആദ്യ ചുവട് വയ്പ് വിജയിച്ച സന്തോഷത്തോടെ അവൾ പറഞ്ഞു
‘ഗുരുജി,
ധൈര്യം ഉണ്ടെങ്കിൽ തരൂ,,,,,,
രണ്ടാമത്തെ ചോദ്യം!!
ഇന്നെന്താ നടക്കുന്നത്,,,
വണ്ടി എടുത്തില്ലേ,,,?????
ഉടൻ വന്നു,
പയിനായിരം രൂഭായുടെ അടുത്ത ചോദ്യം!!
അതിനുള്ള കാര്യകാരണങ്ങൾ,,
ഒറ്റശ്വാസത്തിൽ
വള്ളിം പുള്ളിം വിടാതെ വ്യക്തമാക്കിയവൾ
ചോദ്യകർത്താവിന്,ഇച്ചിരി ആശ്വാസം പകർന്നു
കൊണ്ട്
തന്റെ കർമ്മപാതയിലൂടെ
നടന്നു നീങ്ങവേ
വഴി നീളെ………………………വീണ്ടും
അങ്ങിനെയങ്ങിനെയവൾ
പിന്നേം പിന്നേം
കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരുന്നു.🙃
അതിനിടയിൽ,
പുതിയ ചെരിപ്പ് ,
ഈർച്ചവാൾ പോലെ
വേദനിപ്പിച്ചു കൊണ്ടിരുന്നു!
അതോടെ ‘ നല്ല നടപ്പ് ‘
ആകേ അവതാളത്തിലും ആയി 😜
ഏതായാലും,,
കരിമല കയറ്റം,,
കഠിനം പൊന്നയ്യപ്പോ,,,, എന്ന കൂട്ട്
ഒരു വിധം
ചന്തയിലെത്തിയ
അവളെ,,,കണ്ടതും പഴക്കച്ചവടക്കാരി മായമില്ലാത്ത സ്നേഹത്തോടെ ചോദിച്ചു
‘മോളുടെ അമ്മായിക്ക് സുഖമാണോ..
എന്റെയോ….?
ഓ,,, ചന്തയിൽ വന്നാൽ,
എന്റേന്ന്
സാധനം വാങ്ങാതെ പോകില്ല!!!
ഇപ്പൊ കുറച്ചു ദിവസമായി
കാണുന്നില്ല!!!
അതെയോ…
ഏതായാലും,
എന്റെ അമ്മായി മരിച്ചിട്ട്,,
വർഷം 22 ആയി!
ഞാനാണേൽ കണ്ടിട്ടും കൂടി ഇല്ല!!
ഇനി വരുമ്പോൾ ഒന്ന് എന്നെ അറിയിക്കണേ!!!
അവൾ ചിരിയോടെ പറഞ്ഞു 😜😄
അയ്യോ തന്നെ!!
അപ്പൊ ആള് മാറിപ്പോയി!!
അവരും ജാള്യ ചിരി ചിരിച്ചു..
പോക പോക,,
മാർക്കറ്റിന് ഉള്ളിലേക്ക് കയറിയതും
മീൻകാരി ഹാർദ്ദവമായി,
എതിരേറ്റ് കൊണ്ടു പറഞ്ഞു,,
മോളെ,,, സുന്ദരി,,, ദേ നോക്കിയേ,,
മോള പോലത്തെ മീൻ!
അത്രേം കേട്ടതും,,
തന്റെ മരമോന്ത വക്രിച്ചു
കൊണ്ടവൾ
ആ മീനിലേയ്ക്കൊന്നു പാളി നോക്കി,
എന്റമ്മോ!!!!!
സൂചിപല്ലുകൾ നാല്പതും ഡ്രാക്കുളയെപ്പോലെ പുറത്തേക്ക്
കൂർപ്പിച്ചു വച്ച്,,
ഉപ്പനെപ്പോലെ കണ്ണും ചുവപ്പിച്ചു,,
അയ്യോ,,ഒരു കണ്ണ് ഇല്ല!😳
പോരാഞ്ഞു
പള്ള കീറി
ചീഞ്ഞളിഞ്ഞ കുടൽ മാല പുറത്ത് ചാടിച്ച്,
വെള്ളപാണ്ട് പിടിച്ച പുറവുമായി,,
ഇരിക്കുന്ന ആ വാള മീനെ
ഞെട്ടലോടവൾ പലയാവർത്തി നോക്കി.
മീൻകാരി പറഞ്ഞത് കേട്ടാണോ,,,
എന്തോ,,,
ആ മത്സ്യപെണ്ണ്
ചുളുങ്ങിയ ചുണ്ടുമായി
വള വളാന്ന്
നിർത്താതെ ചിരിക്കുന്നതായി
അവൾക്കപ്പോൾ തോന്നി.
ഈ മീനോ എന്നെപ്പോലെ !!!🙄😳
ഇന്ന്,ഇത്രേം ഒരുങ്ങണ്ടായിരുന്നു 🥴😜
അവൾ ആത്മഗതാഗതം ചെയ്തു!!
ഓ .. മോളെ,,!!
മോളെപ്പോലെ തന്നെയുണ്ട്!!
നോക്ക്!!!!!
മീൻകാരി അതിനേം പൊളിച്ചടുക്കി ആവർത്തിച്ചു
പറഞ്ഞുകൊണ്ടേയിരുന്നു!!!””😜
ഏതായാലും
ആ മീൻ അവൾ വാങ്ങിയില്ല!
പകരം വേറെ ആരെയൊക്കെയോ പോലിരിക്കുന്ന കുറച്ചു
മീനും വാങ്ങി മടങ്ങി.
തിരിച്ചു നടന്നു,നടന്ന്
ബാങ്കിനു മുന്നിലെത്തിയതും,,,
അവിടെ വെന്റിലേറ്ററിൽ സൂക്ഷിച്ചിരിക്കുന്ന
പണ്ടാരത്തിൽ നിന്നും മിച്ചം വല്ലതും ഉണ്ടെങ്കിൽ ഊറ്റാമെന്ന് കരുതി, അങ്ങോട്ട് വച്ചടിച്ചു.
ആശ്വാസം!
ഒരു ഈച്ചയെ പോലും കാണാനില്ല!
എന്ന് വിചാരിക്കുമ്പോഴാണ് ഡോർ തുറന്നു ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നത്.
അകത്ത് ഇരട്ട പെറ്റ പോലെ ഇരിക്കുന്ന എടിഎമ്മുകളിൽ ഒന്നിന്റെ ആഫീസ് പൂട്ടിയിരിക്കുന്ന കാര്യം നിസ്സാരതയോടെ പറയുന്നതിനിടയിൽ കക്കോ മുക്കോന്ന് അയ്യാൾ ചുമയ്ക്കാനും തുടങ്ങി,,
തൊട്ടടുത്തപ്പോൾ,തന്നോട്
ചേർന്ന് നിന്നും കൊണ്ട് കൊറോണ കൈകൊട്ടിച്ചിരിക്കുന്നോ എന്നവൾ ഭയപ്പെട്ടു .മാസ്ക് എടുക്കാതെ വന്ന സാഹസികതയെ പഴിച്ചുകൊണ്ട് അകത്തേക്ക് കയറിയ അവൾ
ആ കൊടും ചൂടിൽ ഒരല്പം നേരം ആശ്വാസം കൈവരിച്ച പോലെ
ഉറഞ്ഞു നിന്നുപോയി,!!
പിന്നെ മുകളിൽ
തന്നെയും മിഴി നട്ടിരിക്കുന്ന സീസി ടീവി ക്യാമറയെ നോക്കി ഒരു മൂളിപ്പാട്ടങ്ങു പാടി!!!!
” മനോഹരി.. നിൻ മനോരഥത്തിൽ”
മ്മ്മ്മ്മ്…………………………………..
പാടിക്കൊണ്ട്,
A T M നെ ഞെക്കി പിഴിഞ്ഞ്,,,
അതോടെ
അച്ചടിയന്ത്രത്തെപ്പോലെ
പട പടാന്ന് രൂപ വന്നു!!!
പെട്ടെന്ന്
തൊട്ടപ്പുറത്ത്
അനക്കമറ്റിരുന്ന എടിഎം
സ്വാഭാവികമായി
അതേ ശബ്ദം പുറപ്പെടുവിച്ചു.
അവൾ അന്തംവിട്ട് അങ്ങോട്ട് നോക്കി,
ങ്‌ അ,,
അതാ,അതും കുറേ നോട്ടുകൾ കടിച്ചുപിടിച്ചു കുരച്ചു നിൽക്കുന്നു.
ഇതെന്തായിപ്പോ ഇങ്ങനെ…..?
ആഞ്ജനേയാ.. ……….ന്ന്
വിളിച്ചുകൊണ്ടു
അതത്രേം വലിച്ചെടുത്ത്,,
ക്യാമറയെ സാക്ഷിയാക്കി,,
നേരെ ബാങ്കിനുള്ളിലേയ്ക്ക് ചെന്നു. നിഷ്കളങ്കയായ ഒരു കുഞ്ഞിന്റെ ഭാവത്തിൽ 😔😜കാര്യം പറഞ്ഞ്,,
നോട്ടുകൾ അവരെ ഏൽപ്പിച്ചു.
“കൺഗ്രാജുലേഷൻസ് “😎
എന്ന ഗാംഭീര്യമുള്ള വാക്കുകൾ പൂച്ചെണ്ടു പോലെ ഏറ്റുവാങ്ങി.
വീണ്ടും,,
വീട്ടിലേയ്ക്കുള്ള മടക്കയാത്ര തുടർന്നു.
നിരത്തുകളൊക്കെ
വീണ്ടും ജനനിബിഡമായി!
മാസ്ക് വച്ചവർ തെന്നീം തെറിച്ചും
കാണാകാഴ്ചകളായി മാറാൻ തുടങ്ങിയിരിക്കുന്നു.
ഓർമ്മപ്പെടുത്തലുകൾ ഒന്നും വകവയ്ക്കാതെ,,
ചുറ്റിനും നീട്ടി തുമ്മലും
തുപ്പി തെറിപ്പിക്കലും
അശ്രദ്ധമായും അലസമായും അരങ്ങേറുന്നുണ്ട്!!
അതിനുള്ളിലൂടെ അവളും!!
കൈയിലെ സഞ്ചിയിൽ,,
തട്ടുകടയിലെ ചില്ലലമാരിയിൽ നിന്നും
വാങ്ങിയ പരിപ്പ് വടയും പപ്പടവടയും,,
പിന്നെ,,
ലാഭത്തിന് കിട്ടിയ ഓറഞ്ചിന്റെ
വലിയ പൊതിക്കെട്ടുമായി,,
ശൂന്യം നിറഞ്ഞ ഒരു കാലത്തിലൂടെ,,
ഒരു ലോകത്തിലൂടെ,,
ഒറ്റപ്പെട്ട മനസ്സുമായി
മെല്ലെ മെല്ലെ നടന്നു പൊയ്ക്കൊണ്ടിരുന്നു!!
ശരണം വിളി മുഴക്കിക്കൊണ്ടപ്പോൾ,,
ഒരു അയ്യപ്പൻവണ്ടി,
അവളേം
കടന്ന്
പോയി …..
അന്ന്,,
വൈകുന്നേരം
ടെറസ്സിൽ തുണി വിരിക്കുമ്പോഴാണ്,,
ആ അപ്രതീക്ഷിതക്കാഴ്ച അവൾ
കണ്ടത്!!!
നിശബ്ദത കൊണ്ട് നെടുവീർപ്പിട്ടിരുന്ന
തൊട്ടടുത്ത
ആ പഴയ വാടക വീട്ടിൽ,
വീണ്ടും
പുതിയ താമസക്കാരെത്തിയിരിക്കുന്നു…
ഒപ്പം,,
ആടും,, കോഴിയും ഒക്കെയുണ്ട്.
അങ്ങിനെ അവിടെയും
ശബ്‌ദവും വെളിച്ചവും
പടി കടന്നെത്തിയിരിക്കുന്നു ,,,,,
സ്നേഹത്തിന് രുചി പകരാൻ,,, അടുക്കളയിൽ, നിന്നും,
പുകച്ചുരുളുകൾ,,
പുറത്തേക്ക് ഉയരുന്നതും നോക്കി
ഓർമ്മകളുടെ കളിപന്തടിച്ചു തെറിപ്പിച്ചു കളിച്ചു ചിരിച്ചവൾ അങ്ങിനെ നിന്നു,,
വിളക്ക് വയ്ക്കാൻ നേരമായേ ‘ന്ന് ,,
കാറ്റപ്പോൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു …..🙏

വത്സലാജിനിൽ

By ivayana