രചന : രഘുനാഥൻ കണ്ടോത്ത് ✍
യുഗപ്രവാഹങ്ങളിലേതോ-
ദശാസന്ധ്യകളി-
ലത്യപൂർവ്വമായ് സംഭവിപ്പൂ
വിസ്മയപ്രതിഭാസങ്ങളായ്
തിരുപ്പിറവികൾ !
പാപഗ്രസ്ഥമായ് കദനക്കടൽച്ചുഴികളിലുലയും,
നരവംശജലപേടകങ്ങളെ,
കരയേറ്റിരക്ഷിപ്പാൻ
സ്വർഗ്ഗീയനിയോഗവുമായവരെത്തും,
തിരുപ്പിറവികൾ !
തെളിനീർത്തടാകത്താഴ്ചയിൽ
ചെളിമെത്തകളിൽ മുളപൊട്ടി
വളർന്നു ശയനാസനസ്ഥരാകും
ഹരിതദലവൃത്തങ്ങൾക്കിടയിൽ
വിലോലമലകളാട്ടും തൊട്ടിലിൽ
വിരിഞ്ഞുല്ലസിക്കും
സൂര്യപ്രിയദകമലങ്ങൾ പോൽ
വിശപ്പിൻ ശുഷ്ക്കവിളനിലങ്ങളിൽ
വളർന്നുവികാസംകൊള്ളുമവർ
വിശ്വരക്ഷകർ,തിരുപ്പിറവികൾ!
ആടുമേയ്ച്ചഷ്ഠികഷ്ഠിയായ്ക്കഴിഞ്ഞവർക്കിടയിൽ
പുൽക്കൂട്ടിലാരോമൽ
പൊന്നുണ്ണിയായല്ലോ
തിരുപ്പിറവികൊണ്ടവൻ
ഉണ്ണിയേശുവായ് ദൈവപുത്രൻ!
അധർമ്മികളധികാരം കവർന്ന
ആസുരമൊരാകാശച്ചുവട്ടിൽ
അവനെച്ചൂടിച്ചവർ മുൾക്കിരീടം
കുരിശെടുപ്പിച്ച്,മുതുകിൽ
ചാട്ടവാർ പുളയിച്ച്
കയറ്റീഗാഗുൽത്തതൻ നിറുകയോളം.
കുരിശേറ്റിയാണിയടിച്ചാ-ഹൃദ്രക്തം വാർന്നൊഴുകുമ്പോഴും
നരാധമരോട് പൊറുക്കുവാനല്ലോ
യുഗപ്രഭാവനവൻ നൊന്തുപ്രാർത്ഥിച്ചതീശ്വരാ!
ഉയിർത്തവൻ ശവകുടീരം ചിതറവേ
മായാത്ത സത്യസ്വരൂപനവൻമുന്നിൽ
വിറങ്ങലിക്കാതിരിക്കുമോ മൃത്യുവും!
ധർമ്മത്തിനേതു മരണം?
അഗ്നിയിൽ സ്ഫുടമാവും നീതിയവൻ
ഉയിർക്കാതിരിക്കുവതെങ്ങിനെ?
വിളങ്ങാതിരിക്കുമോ ?
സൂര്യതേജസ്സായവൻ,
അമരൻ,കാലാതിവർത്തിയായ്?