രചന : കൃഷ്ണമോഹൻ കെ പി ✍
കന്യകാമേരി തൻ പുത്രനായി
കാലിത്തൊഴുത്തിൽ പിറന്നവൻ നീ
കരുണാമയനായ കർത്താവേ
കദനക്കടലിൽക്കുളിച്ചവനേ….
വെള്ളിനക്ഷത്രങ്ങൾ വീഥികാട്ടീ
വെള്ളരിപ്രാവുകൾ പാറി വന്നൂ
വെണ്മതുളുമ്പും മനസ്സുമായി
വേദനയ്ക്കാശ്വാസം നീയുമേകീ
അന്ധനു കാഴ്ചയായ് മാറിയോനേ
കുഷ്ഠരോഗത്തെയകറ്റിയോനേ
മഗ്ദലനയിൽ മറിയത്തിനെ
കല്ലേറിൽ നിന്നും തുണച്ചവനേ
ഗാഗുൽത്താമലയിൽ മരക്കുരിശിൽ
പീഡനമേറ്റു പിടഞ്ഞവനേ
ഗീതങ്ങൾ പാടാം നിനക്കു വേണ്ടി
പാപികൾ ഞങ്ങളെ കൈക്കൊള്ളണേ
മൂന്നാം നാൾ കല്ലറ തന്നിൽനിന്നും
മണ്ണിൻ മകനായുയിർത്തവനേ
വേദനിപ്പോർ തൻ്റെ വേദനകൾ
വേദപ്പൊരുളേ നീയേറ്റു വാങ്ങീ
കൃസ്തുവേ, ദൈവത്തിൻ പൊന്മകനേ
കൃത്യമായെല്ലാം മൊഴിഞ്ഞവനേ….
കഷ്ടകാലത്തിൻ്റെ ദുഷ്ഫലങ്ങൾ
കാറ്റിൽപ്പറത്തണേ, കർത്താവേ, നീ🙏🏿