രചന : വാസുദേവൻ. കെ. വി✍

നാടെങ്ങും വർണ്ണവെളിച്ചം വിതറി നക്ഷത്രങ്ങൾ തൂങ്ങിയാടുന്നു. വിശ്വാസികളുടെ ഭവനങ്ങളിൽ പുൽക്കൂടുകൾ ഒരുങ്ങി. സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഓർമ്മകൾ പുതുക്കി വീണ്ടുമൊരു തിരുപ്പിറവി ദിനം വന്നണയുന്നു.
“കാവൽ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴേയീ പുൽത്തൊട്ടിലിൽ രാജരാജൻ മയങ്ങുന്നു
കാവൽ മാലാഖമാരേ..”


ഭക്തിഗാനങ്ങളുടെ തമ്പുരാൻ എന്ന് വിളിക്കാവുന്ന സംഗീത സംവിധായകൻ. കോട്ടയം ലൂർദ് പള്ളിയിലെ ക്വയർ മാസ്റ്റർ
എ. ജെ ജോസഫ്. പള്ളിയിൽ കുർബാന കൂടാനെത്തിയ നടൻ ജോസ് പ്രകാശ് സഹോദരൻ സിനിമാ നിർമ്മാതാവിനോട് ആവശ്യപ്പെട്ടു “അവന്റെ ഈണം ശ്രദ്ധിക്കുക.” പ്രേംപ്രകാശിന്റെ അടുത്ത സിനിമ കുഞ്ഞാറ്റ കിളികളിൽ ഗിറ്റാർ ജോസഫ് സംഗീതസംവിധായകനായി.


നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ ട്രൂപ്പിൽ ഗിറ്റാർ വായിച്ചുവന്ന ജോസഫ് പിന്നീട് ആ പേരിലാണ് അറിയപ്പെട്ടത്. ആദ്യ സിനിമയിലെ ചിത്ര പാടിയ “ആകാശഗംഗാ തീരത്തിനപ്പുറം” ഹിറ്റ്‌ ചാർട്ടിലെത്തി. പിന്നീട് നാലു സിനിമകളിൽ കൂടി പാട്ടുകൾക്ക് ഈണമിട്ടു.ഇദ്ദേഹം ഈണമിട്ട “എന്റെ കാണാക്കുയിൽ” എന്ന സിനിമയിൽ “ഒരേ സ്വരം ഒരേ നിറം..”എന്ന ഗാനത്തിന് കെ. എസ്. ചിത്രയ്ക്ക് ആദ്യസംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അറുപതിലേറെ ഭക്തി ഗാനങ്ങൾ കൊണ്ട് സമ്പന്നമാണ് ഗിറ്റാർ ജോസഫ് എഴുതി ഈണമിട്ട ആൽബങ്ങളുടെ പട്ടിക.
“ഉണ്ണി ഉറങ്ങ് ഉണ്ണി ഉറങ്ങ് ഉണ്ണി ഉറങ്ങുറങ്ങ്
തളിരാർന്ന പൊൻമേനി നോവുമേ
കുളിരാർന്ന വൈക്കോലിൻ തൊട്ടിലല്ലേ
സുഖ സുഷുപ്തി പകർന്നീടുവാൻ നാഥനു ശയ്യയൊരുക്കൂ
കാവൽ മാലാഖമാരേ…”


ദാസേട്ടന്റെ തരംഗിണി കാസ്സറ്റ്സ് 1986 ലെ ക്രിസ്തുമസ് നാളുകളിൽ ഒരു ഭക്തിഗാന ആൽബം പ്ലാൻ ചെയ്തു . കലാഭവൻ ആബേലച്ചന്റെ വരികൾക്ക് ഗിറ്റാർ ജോസഫ് ഈണമിടാൻ ആലോചന. തിരക്കൊഴിയാതെ ആബേലച്ചൻ. പാട്ടുകളുടെ വരികൾ എഴുതിക്കിട്ടുന്നില്ല. തരംഗിണിയിൽ നിന്ന് നിർദ്ദേശം എത്തി, വരികളും ജോസഫ് തന്നെയെഴുതി മറ്റെന്നാൾ തരംഗിണിയിൽ എത്തുക. ദാസേട്ടൻ അപ്പോൾ അവിടെയുണ്ടാവും.


ഒരൊറ്റ പകലും രാത്രിയും!!.
വരികൾ മനസ്സിൽ എത്താതെ ജോസഫ് കുഴഞ്ഞു. പാതിരായ്ക്ക് മുറ്റത്തിറങ്ങി നടന്നു. ആത്മാർത്ഥമായി പ്രാർത്ഥിച്ചു “മാതാവേ വാക്കുകൾ തന്ന് അനുഗ്രഹിക്കേണമേ..”
ആകാശത്തു നക്ഷത്രങ്ങൾ.. അതിനിടയിൽ മേഘങ്ങൾക്ക് മാലാഖരൂപം. വരികൾ മനസ്സിൽ പിറന്നു. പത്നി പൊന്നമ്മയെ ജോസഫ് വിളിച്ചുണർത്തി. പാട്ട് കുറിച്ച് ട്രാക്ക് മൂളി.. ഭാര്യ അത്‌ വീട്ടിലെ മ്യൂസിക് സിസ്റ്റത്തിൽ റെക്കോർഡ് ചെയ്തു. കാലത്ത് മാതാവിന്റെ മുമ്പിൽ തിരി തെളിയിച്ചപ്പോൾ ജോസെഫിന്റെ
ഓർമ്മയിൽ പണ്ട് പള്ളിയിൽ പാടിയ പാട്ടിന്റെ വരികളുമെത്തി. അതും റെക്കോർഡ് ചെയ്ത് ജോസഫ് തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിലേക്ക് തിരിച്ചു. അവിടെ ഓർക്കെസ്ട്രാ കോർഡിനേറ്റർ സംഗീതജ്ഞൻ രാജാമണി അത്‌കേട്ട് ജോസഫിന് ഉറപ്പേകി. ദാസേട്ടനിത് തൃപ്തിയാവും.


അന്ന് ദാസേട്ടൻ പാടിയ ആ ഗാനത്തിനിന്നും പത്തര മാറ്റ്. “യഹൂദിയായിലെ ഒരു ഗ്രാമത്തിൽ.”
പിറ്റേന്ന് സുജാതയെക്കൊണ്ട് പാടിച്ചു “കാവൽ മാലാഖമാരെ..”
എന്ന ഗാനം . തുടർന്ന് ആൽബത്തിലെ മറ്റു ഗാനങ്ങളും.
ക്രിസ്ത്യൻ ഭക്തിഗാന ആൽബം വിപണിയിൽ വിജയിക്കുമോ എന്നാശങ്ക തീർത്ത “സ്നേഹപ്രതീകം” എന്ന ആൽബം പിറന്നു. പിന്നീട് പല ഭാഷകളിലായി മൊഴിമാറ്റം ചെയ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം പേർ ആലപിച്ച ഗാനങ്ങളിൽ ഈ ഗാനങ്ങളും.
“ഉണ്ണി ഉറങ്ങ്..
ജോർദാൻ നദിക്കരെ നിന്നണയും
പൂന്തേൻ മണമുള്ള കുഞ്ഞിക്കാറ്റേ..
പുൽകിയുണർത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ‌ രാത്രിയല്ലേ
കാവൽ മാലാഖമാരേ..”

By ivayana