രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍

ഇരുട്ടിന്‍റെ നേർ‍ത്ത മൂലയിൽ
രണ്ടു കുഞ്ഞുനക്ഷത്രങ്ങൾ ‍
വഴിനോക്കി മിന്നിത്തിളങ്ങുന്നുണ്ട്.
ആശിച്ച മധുരസമ്മാനങ്ങളെ
സുരലഹരിമായിച്ചെന്നറിയാതെ,
വേച്ചുവേച്ചുവരുന്ന കാലടികളെ
വിങ്ങലോടെ കാത്തിരിക്കുന്നുണ്ട്.
മുനിഞ്ഞു കത്തുന്ന പാട്ടവിളക്കിലെ
എണ്ണയ്ക്കുദാഹിച്ച പഴന്തുണിച്ചുരുൾ
കരിന്തിരിപ്പുകതുപ്പി മടുത്ത്
കറുത്ത കുമിളക്കായകൾ ‍ പൊഴിക്കുന്നുണ്ട്‌.
ചുവരുചാരിയൊരു ദീർ‍ഘനിശ്വാസം
എണ്ണിത്തിരിഞ്ഞു മുറിയാറായ
ചെളിപിടിച്ച കൊന്തയുടെ
പതിഞ്ഞ ദശകങ്ങൾ‍ക്കൊപ്പം
നനഞ്ഞു പുറത്തുചാടുന്നുണ്ട്,
കാതടഞ്ഞ കന്യാമറിയം ഒന്നുമറിയാതെ
ചുവരിലെ കണ്ണാടിപ്പാളിക്കുപിന്നിൽ ‍
നിറഞ്ഞു പുഞ്ചിരിക്കുന്നുണ്ട്‌.
അനുവാദമില്ലാതെ പുറപ്പെട്ടുപോയ
പശികത്തിയ നാറ്റം
അതിരുവക്കിലെ വേലിത്തലപ്പിൽ
കുരുങ്ങിക്കിടന്നു പിടയുന്നുണ്ട് ,
ആഘോഷരാവിൽ ‍ പാറിവന്ന
നാവുപൂക്കുന്ന മണങ്ങൾ ‍
അതുകണ്ട് കൈകൊട്ടിയാടുന്നുണ്ട്.
തെരുവിൽ ‍ കരോൾ‍ഗാനങ്ങൾ
മേളക്കൊഴുപ്പു തീർ‍ക്കുന്നുണ്ട്,
മഞ്ഞുവീഴും പുല്ക്കൂട്ടിലെ ഉണ്ണീശോ
മിന്നും വെളിച്ചത്തിൽ ‍ ചിരിക്കുന്നുണ്ട് .
സത്യവേദപുസ്തകത്തിലെ
രണ്ടാമത്തെ കല്പ്പന
തിരസ്കാര നോവിൽ
നിശബ്ദമായ് കരയുന്നുണ്ട്.

By ivayana