രചന : തോമസ് കാവാലം✍
കണ്ടാലുമീ മന്നിൻ രക്ഷകനേ
എത്രമുൻപേ കണ്ടുദൈവമത്
പണ്ടുതന്നെ തന്റേതായ തീർപ്പിൽ
പദ്ധതിയിട്ടുയീ ഭൂമിക്കായി.
വിണ്ണിൽനിന്നു വന്ന താതനപ്പോൾ
തന്റെതന്നെയസ്തിത്വത്തെ തന്നു
മന്നിലേക്കയച്ചു തൻ സുതനെ
മനുഷ്യകുലത്തിൻ രക്ഷകനേ.
മണ്ണോളവും താന്നുവന്ന മന്നൻ
മഹിമവിട്ടവൻ വിനീതനായി
മനുഷ്യജന്മം പൂണ്ട ദൈവം
കന്യകാസുതൻ യേശുനാഥൻ.
വിണ്ണിലപ്പോൾ മാലാഖവൃന്ദം
വിണ്ണിനെ സ്തുതിച്ചു പാടി സ്തോത്രം
മഹേശ്വരൻ താതനേകിയവർ
മഹത്വമായിരമനവരതം.
സ്വർഗ്ഗീയ സൈന്യവ്യൂഹം ചെമ്മേ
അവരൊപ്പം സ്തോത്രംപാടി നിന്നു
അത്രമേലാമോദരായിടുവാൻ
മണ്ണിതിൽ പോലുമിറങ്ങിവന്നു.
ദൈവപുത്രനവന്റമ്മ മേരി
നന്മയുദരത്തിലേറ്റുവാങ്ങി
ദൈവകൃപയേറെ നിറഞ്ഞവളോ
ദൈവേഷ്ടമോടതു സ്വീകരിച്ചു.
സത്രങ്ങളെത്രയോ കടന്നുപോയി
ശത്രുവിനെ കണ്ട പോലെയായി
പുത്രനുഗൃഹമായിടുവാൻ
പാരിലാരും മുന്നം വന്നതില്ല.
ദൈവപുത്രനവനവനിയിൽ
ദൈവനിശ്ചയം പോലെ ചെയ്തു
കാലിത്തൊഴുത്തിൽ ഭൂജാതനായി
കാലത്തിൻ തികവിൽ രക്ഷനൽകി
സർവ്വ സൃഷ്ടിജനത്തിനായും
സന്തോഷസദ്വാർത്ത നൽകി താതൻ
ദൂതനവർക്കടുത്തെത്തി നൽകി
ദൈവാഭയേറെ, ചൊല്ലി മെല്ലെ:
“ദാവീദിൻ പട്ടണമൊന്നിനുള്ളിൽ
ദൈവനിശ്ചയംപോലെയവൻ
ദൈവപുത്രൻ രക്ഷയായി മാറി
ജനിച്ചുവീണു ശൂന്യനായി.
വെള്ളക്കച്ചയിൽ പൊതിഞ്ഞു പാരം
പുൽത്തൊട്ടിയിൽ കിടക്കുംനേരം
പിഞ്ചുശിശുവിനെ നിങ്ങൾ തന്നെ
പോയി കാണുകയിന്നുതന്നെ”.
ബദ്ലഹേമിലാടുമേച്ചു പോകാൻ
നടന്നേറെയേറെയാട്ടിടയര്‍
വാനദൂതർക്കൊപ്പം വന്നുചേർന്നു
വന്ദിച്ചുനിന്നു അവനുചുറ്റും.
ആട്ടിടയർ മാലാഖ ദൂതർ
ആടുമാടു പക്ഷിക്കൂട്ടങ്ങളും
വാനദൂതർക്കൊപ്പം വന്നവിടെ
ആരാധിച്ചഖിലേശ്വരനെ.
ആമോദത്തോടെയാട്ടിടയർ
ആടുകളേറെയും കൂട്ടി വന്നു
ആ ദിവ്യ തൊഴുത്തിനുൾത്തളത്തിൽ
ആഗമിച്ചുചൊല്ലി സ്തോത്ര ഗീതം:
“ഉന്നതത്തിൽ ദൈവം വാണിടട്ടെ
മഹത്വം മഹത്വമുന്നതന്
ഉണർവോടെ നമുക്കു നോക്കാം
ദിവ്യസുതനെ വണങ്ങി വരാം.”
കിഴക്കുള്ള മൂന്നു ജ്ഞാനികളും
കണ്ടു കിഴക്കു താരമൊന്ന് .
രാജാധിരാജൻ വിരാജിതനായി
ജന്മം ചെയ്തത് മനസ്സിൽ കണ്ടു.
എത്രയുമെളിമയോടെയവർ
യാത്രയായി മൂന്നുപേരും കൂടി
നക്ഷത്രം കാണിച്ചോരാഗ്രാമത്തിൽ
കണ്ടുവണങ്ങി കൃതാർത്ഥരായി.
താണുവീണവർ കുമ്പിട്ടവർ
താതന്റെ പ്രിയ പുത്രനവൻ
യേശുമഹേശനെവന്ദിച്ചേറ്റം
ആരാധിച്ചു മടങ്ങിയേവം.