രചന : ചോറ്റാനിക്കര റെജികുമാർ✍

ദൂരെയായ് തെളിഞ്ഞൊരു
താരകം വഴികാട്ടി
മന്നവർ മൂവർചേർന്ന-
ങ്ങ:ത്തിരു പാത തേടി..
അങ്ങവരെത്തിച്ചേർന്നൂ
പുൽക്കൂട്ടിൽ ശാന്തനായി
മയങ്ങും മണിപ്പൈതൽ
തൻ ചാരത്താഹ്ലാദത്താൽ..
ആട്ടിടയർ കൂട്ടമായ്
ആനന്ദാശ്രുക്കൾ പൊഴി –
ച്ചേവരുമൊന്നിച്ചൊന്നായ്
യേശുവേ വണങ്ങുന്നൂ..
മണ്ണിലും വിണ്ണാകെയും
സത്യസമാധാനത്തിൻ
വെള്ളരിപ്രാക്കൾ പറ –
ന്നൂല്ലസിക്കുന്നൂ നീളേ..
പൈതലിൻ പിറവിയിൽ
ആമോദത്തോടന്നവർ
ഏറ്റുപാടീടുന്നല്ലോ
തിരുനാമകീർത്തനം..
സന്മനസ്സുള്ളോർക്കെല്ലാ-
മീ:ഭൂവിൽ സമാധാന-
മെന്നരുൾ ചെയ്തോരുണ്ണി –
മിശിഹായേ വാഴ്ത്തുന്നൂ..
വൈയ്ക്കോലിൻ തൊട്ടിൽ തന്നിൽ
കുഞ്ഞിളം കരങ്ങളാ-
ലേവർക്കും നൽകീടുന്നൂ
സ്നേഹവായ്പ്പുകൾ മന്നിൽ..

ചോറ്റാനിക്കര റെജികുമാർ

By ivayana