രചന : തോമസ് കാവാലം✍
“യേശു പറഞ്ഞു: ‘നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്‍മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക.’”
യോഹന്നാന്‍ 20 : 17
“ആരാ അവിടെ വന്നിരിക്കുന്നത്?”
“ഇത് ഞാനാണ്, മാർത്ത”.
“എന്താ ഈ സമയത്ത്”?
“അത് നല്ല കാര്യം. എന്നെ വിളിച്ചു വരുത്തിയിട്ട് എന്തിനാണെന്ന്”.
“നിന്നെ വിളിച്ച് വരുത്തിയെന്നോ!ആര്? എപ്പോൾ”?
“ഇവിടെ വരുന്നവരെല്ലാം വിളിച്ചിട്ട് വരുന്നവരല്ലേ.”?
“അതെ വിളിച്ചിട്ട് വരുന്നവരാണ്. പക്ഷേ നിന്റെ പേര് ഇവിടെ ലിസ്റ്റിൽ കാണുന്നില്ലല്ലോ”!
“എങ്കിൽ തെറ്റ് പറ്റിയതായിരിക്കും.”
“ആർക്ക് തെറ്റ് പറ്റി എന്നാണ് നീ പറയുന്നത്”?
“സ്വർഗ്ഗത്തിന്. അല്ലാതാർക്കാ”?
“എന്ത്? സ്വർഗ്ഗത്തിന് തെറ്റ് പറ്റിയെന്നോ?”
ആ ചോദ്യം ചോദിച്ചിട്ട് മാർത്ത ചുറ്റും ഒന്നു നോക്കി. അവൾക്ക് ഒന്നും മനസ്സിലായില്ല. എവിടെയാണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടി കിട്ടിയില്ല. പള്ളിയിൽ അച്ഛൻ ഞായറാഴ്ചപ്രസംഗത്തിൽ സ്വർഗ്ഗത്തെക്കുറിച്ചു പറഞ്ഞു കേട്ട കാര്യങ്ങളെല്ലാം അവൾ മനസ്സിലേക്ക് വരുത്തി. പക്ഷേ ഈ സ്ഥലം അതൊന്നുമായി യോജിക്കുന്നുണ്ടായിരുന്നില്ല. എവിടുന്നോ ഒരു സ്വരം മാത്രം കേൾക്കാം.
“ഇത് മരിച്ചവർ വന്നുചേരുന്ന സ്ഥലം അല്ലേ? സ്വർഗ്ഗം അല്ലേ”?
മാർത്താ ചോദിച്ചു:
“അതെ. പക്ഷേ നീ മരിച്ചിട്ടില്ലല്ലോ.”!
ആ ഉത്തരം കേട്ട് മാർത്തായ്ക്ക് ചിരി വന്നു. ഒപ്പം സന്തോഷവും.
“ഞാൻ മരിച്ചിട്ടില്ലെങ്കിൽ എന്നെ ഭൂമിയിലേക്ക് വിട്ടോളൂ. പക്ഷേ മനസ്സു മാറാത്ത ആ അമ്മയുള്ള വീട്ടിലേക്ക് വേണ്ട”.
പിന്നെ ആരും ഒന്നും സംസാരിച്ചില്ല. പരിപൂർണ്ണ നിശബ്ദത അവിടെ തളംകെട്ടി നിന്നു. മാർത്തായ്ക്ക് പെട്ടെന്ന് തലകറങ്ങുന്നതുപോലെ തോന്നി. അവൾ അവിടെ കണ്ട ഒരു കട്ടിലിൽ കിടന്നു. സ്വന്തം വീട്ടിൽ കിടക്കുന്നതുപോലെ. എന്നും വീട്ടിൽ ഉറങ്ങാറുള്ളതുപോലെ അവൾ കിടന്നുറങ്ങി. എങ്ങും ഇല്ലാത്ത ഒരു അവസ്ഥ.
സ്വർഗ്ഗത്തിലും അല്ല ഭൂമിയിലും അല്ല. മരിച്ചിട്ടും ഇല്ല, എന്നാൽ ജീവിക്കുന്നുമില്ല.
മാർത്താ സാവധാനം വീട്ടിലേക്ക് നടന്നു. പ്രഭാതം പൊട്ടി വിടരുന്നതേയുള്ളൂ. ഡിസംബറിലെ തണുപ്പുള്ള രാത്രി. അവൾക്ക് നല്ല തണുപ്പ് തോന്നി. പുതയ്ക്കാൻ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഷാൾ പോലും. അവൾ തന്റെ രണ്ട് കൈകളും നെഞ്ചോട് ചേർത്ത് പിടിച്ച് വീടിനെ ലക്ഷ്യമാക്കി നടന്നു. വീട്ടിൽ അമ്മ ക്രിസ്മസിന് വേണ്ട ഒരുക്കങ്ങൾ നടത്തുകയായിരുന്നു. മുറ്റത്തേക്ക് കയറുമ്പോൾ അമ്മ ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതു കണ്ട് അവൾ അങ്ങോട്ട് നടന്നു . ക്രിസ്മസ് മരത്തിൽ അലങ്കരിച്ചിരുന്ന വൈദ്യുത ദീപത്തിന്റെ വെളിച്ചത്തിൽ അമ്മയുടെ വട്ട മുഖവും പതിഞ്ഞ മൂക്കും തടിച്ച പുരികവും തിളങ്ങുന്നത് അവൾ കണ്ടു. മുറ്റത്ത് വീണ അവരുടെ നിഴലിൽ പോലും തടിച്ചിരുണ്ടതായിരുന്നു.ചെന്ന പാടെ അവൾ വിളിച്ചു
“അമ്മേ! അമ്മേ!”
അമ്മ കേട്ട ഭാവം പോലും നടിച്ചില്ല. അതോ തന്റെ വായിൽ നിന്ന് ശബ്ദം പുറത്തേക്ക് വരാത്തതോ?അവൾ വീണ്ടും വിളിച്ചു:
“അമ്മേ! അമ്മേ! എന്താണ് അമ്മേ എന്നെ ആശുപത്രിയിൽ തനിച്ചാക്കിയിട്ട് പോന്നത്.നാളെ ക്രിസ്തുമസ് ആയിട്ട്…”
അതും അമ്മ കേട്ടഭാവം നടിച്ചില്ല.
ഉരലിന് കാറ്റുപിടിച്ചത് പോലെ അവർ അവിടെത്തന്നെ നിന്നു. അവൾ എവിടെപ്പോയിരുന്നെന്നോ എന്താണ് വരാൻ വൈകിയതെന്നോ അവർ ചോദിച്ചില്ല. കണ്ടിട്ടോ കാണാഞ്ഞിട്ടോ അവരുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും വന്നില്ല. പുരയുടെ പടിഞ്ഞാറ് വശത്തുള്ള പട്ടിക്കൂട്ടിൽ കിടന്ന് എസ്തഫാൻ നന്നായി കുരച്ചു. അവളെ തിരിച്ചറിഞ്ഞതു പോലെ അവൻ നന്നായി വാലാട്ടുന്നുണ്ടായിരുന്നു.
“എന്താടാ നിനക്ക് എന്നെ കണ്ടിട്ട് മനസ്സിലായില്ലേ? നീയും എന്നെ ഇവിടുത്തെ ഒരു അംഗമായി കണക്കാക്കുന്നില്ലേ”?
എന്ന് അവൾക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല.
അവൾ നേരെ വീടിനകത്തേക്ക് കയറി. വലിയ വ്യത്യാസമൊന്നും വീടിന് വന്നിട്ടില്ല. അവൾ കിടന്നിരുന്ന പുരയുടെ ചായിപ്പ് മാത്രം പൊളിച്ചു കളഞ്ഞിരുന്നു. അടുക്കളയിലേക്ക് കടന്ന അവൾ അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത് ആയിരുന്നു. പിറ്റേ ദിവസത്തെ ക്രിസ്തുമസ്സിനുള്ള ഒരുക്കങ്ങൾ. പലവിധത്തിലുള്ള ഇറച്ചിക്കറികളും മീൻകറികളും പലഹാരങ്ങളും കേക്കും ഒക്കെ കണ്ട് അവൾ കൊതിച്ചു പോയി. അതിൽ നിന്ന് അല്പം എടുത്ത് ഭക്ഷിക്കണമെന്ന് അവൾ ആഗ്രഹിച്ചു. പക്ഷേ അപ്പോഴും അമ്മയെ കുറിച്ചുള്ള ഭയം അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു.അപ്പൻ അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് അവൾ കണ്ണോടിച്ചു നോക്കി. അവസാനം കിടക്ക മുറിയിൽ അലമാരയ്ക്കകത്ത് എന്തോ പരതുന്നതായി കണ്ട് അവൾ അവിടേക്ക് ചെന്നു. അപ്പൻ അവളുടെ നേരെ നോക്കി. കിറി കോട്ടി എന്തോ ഒന്ന് ചോദിക്കുന്നതു പോലെ…അമ്മയെപ്പോലെ തന്നെ അപ്പനും. ഒരക്ഷരം മിണ്ടിയില്ല. അവളുടെ മനസ്സ് വളരെ വേദനിച്ചു. അമ്മയെപ്പോലെ തന്നെ അപ്പനും. ആർക്കും വേണ്ടാത്ത ജന്മം.പെട്ടെന്നാണ് അവൾ അത് ശ്രദ്ധിച്ചത്. കട്ടിലിന്റെ ഒരു വശത്ത് തൊട്ടിലിൽ അവളുടെ കുഞ്ഞനിയത്തി ഉറങ്ങുന്നു.
“അപ്പോൾ അമ്മയ്ക്ക് വേറൊരു കുഞ്ഞു ഉണ്ടായിരിക്കുന്നു,അല്ലേ?”
അവൾ സ്വയം ചോദിച്ചുകൊണ്ട് കുഞ്ഞിനെ കയ്യിലെടുക്കാൻ ശ്രമിച്ചു.
“വേണ്ട.അമ്മയ്ക്ക് അത് ഇഷ്ടപ്പെടില്ല.” എന്നു പറഞ്ഞുകൊണ്ട് അവൾ പിന്തിരിഞ്ഞു.പണ്ടേ അമ്മയ്ക്ക് അവളെ ഇഷ്ടമല്ല. ഒരു കുഞ്ഞുണ്ടായ സ്ഥിതിക്ക് ഇനി ഒട്ടും തന്നെ തന്നോട് ഇഷ്ടം ഉണ്ടാകില്ല. കുഞ്ഞിനെ കൈയിലെടുത്തെന്നറിഞ്ഞാൽ അമ്മ അവളെ പൊതിരെ തല്ലിയേക്കാം. പണ്ട് മഴ വന്നപ്പോൾ വെയിലത്ത് ഇട്ടിരുന്ന സാരി എടുത്ത് അകത്തിട്ടപ്പോൾ വൃത്തികെട്ട കൈകൊണ്ട് തൊട്ടന്നു പറഞ്ഞ് തല്ലി ചതച്ച കാര്യം അവൾ ഓർത്തു. ആ തൊട്ടിലൊന്നാട്ടാൻ അവളുടെ കൈയാഞ്ഞു. എത്രയാട്ടിയിട്ടും ആ തൊട്ടിൽ അനങ്ങിയില്ല. പെട്ടെന്ന് അവൾ അവളുടെ തന്നെ കുട്ടിക്കാലത്തെ കുറിച്ച് ഓർത്തു. ആ ഓർമ്മകൾ അവളുടെ വേദന പതിന്മടങ്ങ് വർദ്ധിപ്പിച്ചു.
മാർത്തായ്ക്ക് അന്ന് ഏഴ് വയസ്സ് പ്രായം ഉണ്ടായിരുന്നു. അവൾക്ക് 5 വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ മരിച്ചത്. പിന്നെ അവൾ അവളുടെ അമ്മമ്മയുടെ കൂടെ രണ്ടുവർഷം അവരുടെ വീട്ടിൽ കഴിഞ്ഞു. പിന്നെ അമ്മയ്ക്ക് പ്രായമായി. ആരോഗ്യം വളരെ മോശമായി. കാര്യങ്ങൾ ഒന്നുംതന്നെ സ്വയം ചെയ്യാൻ സാധിക്കാതെയായി.ഒരു ദിവസം അവളുടെ അപ്പൻ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ അവൾ കണ്ട കാഴ്ച വളരെ വിചിത്രമായിരുന്നു. അപ്പൻ വീണ്ടും വിവാഹം കഴിച്ച് ഒരാളെ കൂട്ടിക്കൊണ്ടുവന്നിരുന്നു. അപ്പൻ അവളോട് പറഞ്ഞു:
“മോളെ, ഇത് നിന്റെ അമ്മയാണ്”.
അവൾ ആ അമ്മയെ ഒന്നു നോക്കി.ആ അമ്മയ്ക്ക് ആ നോട്ടം അത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നി.
“ഇതാണോ ആ പേപിടിച്ച സന്തതി!”
അലസമായി കിടന്ന അവളുടെ മുടിയുടെ തുമ്പിൽ പിടിച്ചു വലിച്ചുകൊണ്ട് അവർ പറഞ്ഞു.
ആ വാക്കിൽ നിന്ന് തന്നെ രണ്ടാനമ്മയ്ക്ക് അവളെ പിടിച്ചില്ലെന്ന് മനസ്സിലായി. അത് പറയുമ്പോൾ അവരുടെ വാക്കുകൾ വിറയ്ക്കുകയും അത് ഉയർന്ന് ഒരു വഴക്ക് പറച്ചിലിന്റെ രൂപം സ്വീകരിക്കുകയും ചെയ്തു.അവൾ വീട്ടിൽ വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ വിദേശത്തേക്ക് ജോലിക്ക് പോയി. പിന്നീടുള്ള ദിവസങ്ങളിൽ ആ വീട് അവൾക്ക് നരകം ആയിരുന്നു. ദിവസം മുഴുവനും അവൾ വീട്ടിലെ ജോലികൾ എല്ലാം ചെയ്തു. സ്കൂളിൽ പോകണമെന്ന് അവളും വിടണമെന്ന് അവളുടെ അച്ഛനും പറഞ്ഞിട്ടും അമ്മ അത് കാര്യമാക്കിയില്ല.
അയൽപക്കത്തുള്ള പലരും പറഞ്ഞു:
“സുമേ ,ആ കുഞ്ഞിന്റെ ജീവിതം താറുമാറാക്കരുത്. അതിനെ സ്കൂളിൽ വിടൂ. രണ്ടക്ഷരം പഠിപ്പിക്കൂ.”
സുമയ്ക്ക് അത് കേട്ടപ്പോൾ ഹാലിളകി . അവരുടെ കയ്യിൽ നിന്നും എന്തോ തട്ടിപ്പറിച്ചത് പോലെയുള്ള പെരുമാറ്റമാണ് അപ്പോൾ അവരിൽ നിന്നുണ്ടായിരുന്നത്. വലിയൊരു ഭൂസ്വത്തിന്റെ അവകാശിയാണ് മാർത്ത എന്ന ചിന്ത അവരെ കൂടുതൽ ഭ്രാന്തിയാക്കി.
മാർത്തായിക്ക് മാറാൻ രണ്ടുജോഡി വസ്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുക്കളയോട് ചേർന്നുള്ള ചായിപ്പിലാണ് അവൾ കിടന്നിരുന്നത്. അവിടെ ഒരു കട്ടിലിൽ പഴയ ചണച്ചാക്കുകൾ വിരിച്ച് ഒരു കിടക്ക ഉണ്ടാക്കി അതിൽ അവളെ കടത്തിയിരുന്നു. വീട്ടിലെ കാർ വെയില് കൊള്ളാതിരിക്കാൻ വിരിച്ചിരുന്ന തുണി കൊണ്ടുള്ള ഒരു പടുത ഉണ്ടായിരുന്നു. അതാണ് അവൾക്ക് പുതയ്ക്കാൻ നൽകിയിരുന്നത്. അവൾക്ക് കൂട്ട് എന്നും ചക്കി എന്ന് വിളിക്കുന്ന പൂച്ചയും അവളുടെ രണ്ടു കുട്ടികളുമായിരുന്നു.
രണ്ടുവർഷം അവൾ അങ്ങനെ കഴിഞ്ഞു. അവളുടെ ആരോഗ്യം ദിനംപ്രതി മോശമായി കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് പനിയും വന്നിരുന്നു. പക്ഷേ ആരും അതത്ര കാര്യമാക്കിയില്ല പല ദിവസങ്ങളിലും സുമ അവളെ പട്ടിണിക്കിട്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം അവളുടെ അച്ഛൻ ഗൾഫിൽ നിന്നും അവധിക്ക് വന്നു. മാർത്തായെ കണ്ട അയാൾ ഞെട്ടിപ്പോയി. പഴയ മാർത്ത ആയിരുന്നില്ല അവൾ. ശോഷിച്ച് എല്ലും തോലുമായ ഒരു രൂപം. ഏഴ് വയസ്സുള്ള അവളെ കണ്ടാൽ പതിന്നാല് വയസ്സ് പറയും. പക്ഷേ അയാൾ സുമയോട് അവളെ കുറിച്ച് ഒരു വാക്ക് പോലും ചോദിച്ചില്ല. അവരുടെ സ്വഭാവം അയാൾക്ക് നന്നായി അറിയാമായിരുന്നു.
“നാളെ അവളെ ആശുപത്രിയിൽ കൊണ്ടുപോകണം. നീ വരണമെന്നില്ല ഞാൻ കൊണ്ടുപോയ്ക്കൊള്ളാം. അവൾ എന്താണ് ഇങ്ങനെ ക്ഷീണിച്ചു വരുന്നത് എന്നറിയണമല്ലോ.”
“ഓ!ഒത്തിരി പുന്നാരിപ്പിക്കരുത്. പെൺകുട്ടിയാ.ചീത്തയാകും”. പുരികമുയർത്തി കണ്ണ് വെട്ടിച്ച് അവർ അവളെ നോക്കി.
അയാൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല. കേട്ട ലക്ഷണം പോലും കാണിച്ചില്ല. പിറ്റേദിവസം അവളെ ഡോക്ടറെ കാണിച്ചു. കുറെ ടെസ്റ്റുകൾ എല്ലാം കുറിച്ചു. പിറ്റേദിവസവും അയാൾ അവളെ ആശുപത്രിയിൽ കൊണ്ടുപോയി ടെസ്റ്റുകൾ നടത്തി. പക്ഷേ ടെസ്റ്റുകളുടെ റിസൾട്ട് വരുന്നതിനു മുമ്പ് തന്നെ അയാൾക്ക് ഗൾഫിലേക്ക് പോകേണ്ടി വന്നു.
രണ്ടുദിവസം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഹെഡ് നഴ്സ് സുമയെ വിളിച്ച് അത്യാവശ്യമായി മാർത്തായെയും കൂട്ടി അവിടം വരെ ചെല്ലണമെന്ന് പറഞ്ഞു. ആശുപത്രിയിൽ ചെന്ന സുമ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു:
“മാർത്തായുടെ അമ്മയാണ്, അല്ലേ”?
“അതെ. മാർത്തായുടെ അമ്മയാണ്.”
മാർത്തായെ ഡോക്ടർ അടുത്തേക്ക് മാറ്റി നിർത്തി അവളുടെ തലയിൽ തടവിക്കൊണ്ട് പറഞ്ഞു:
“മോൾ കുറച്ചു നേരം പുറത്തു നിൽക്കു”.
അവൾ പുറത്തേക്ക് പോയപ്പോൾ ഡോക്ടർ തുടർന്നു:
“ഒരു പ്രധാന കാര്യം പറയാനാണ് വിളിപ്പിച്ചത്. പറയുന്നതുകൊണ്ട് വിഷമം തോന്നരുത്. മാർത്തായെ ബാധിച്ചിരിക്കുന്നത് ഒരു ഗൗരവമുള്ള രോഗമാണ്. അവൾക്ക് ലുക്കെമിയയാണ്”.
“ലുക്കേമിയായോ?”
“അതെ.ബ്ലഡ് കാൻസർ.”
അത് കേട്ടിട്ട് സുമയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല. അത് കണ്ട് ഡോക്ടർ അത്ഭുതപ്പെട്ടു. അവർ അവിടെ ഒരു സീൻ ഉണ്ടാക്കും എന്നാണ് ഡോക്ടർ വിചാരിച്ചത്. നിർവികാരമായുള്ള അവരുടെ ഇരിപ്പ് കണ്ടപ്പോൾ ഡോക്ടർക്ക് അതിശയം തോന്നി.
“അതിനുള്ള ചികിത്സയ്ക്ക് അവളെ തിരുവനന്തപുരത്തോ മറ്റെവിടെയെങ്കിലുമോ കൊണ്ടുപോകണം. ഞാൻ റഫർ ചെയ്തു തരാം”.
“ഡോക്ടർ, എനിക്കിപ്പോൾ വീട്ടിൽ നിന്നും മാറി നിൽക്കാൻ പറ്റിയ സ്ഥിതിയല്ല. ഇവിടെത്തന്നെ വന്നത് വളരെ ബുദ്ധിമുട്ടിയാണ്. അപ്പോൾ അവളെ ചികിത്സയ്ക്ക് ദൂരെ കൊണ്ടുപോവുക എന്ന് പറഞ്ഞാൽ…”
“ഇപ്പോൾ രോഗത്തിന്റെ തുടക്കമാണ്. ചികിത്സിച്ചാൽ മാറാവുന്നതേയുള്ളൂ. വൈകിയാൽ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കില്ല.”
“ എനിക്ക് മറ്റൊരു കുഞ്ഞുണ്ട് വീട്ടിൽ. ഇവളുടെ അപ്പൻ വിദേശത്താണ് ഞാൻ തന്നെ വേണം കാര്യങ്ങൾ നോക്കാൻ”.
“അപ്പോൾ അവൾ മരിക്കട്ടെ എന്നാണോ?”
ഡോക്ടറുടെ വാക്കിന്റെ ഗൗരവം മനസ്സിലാക്കാതെ അവർ തുടർന്നു:
“തന്നെയുമല്ല, എനിക്ക് പുറത്ത് ഹോട്ടലുകളിൽ നിന്നുള്ള ആഹാരം കഴിക്കാൻ സാധിക്കില്ല, ഡോക്ടർ. അലർജിയാണ്.
“അതിനെന്താ ഹോട്ടലിൽ ഒരു മുറിയെടുത്താൽ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാമല്ലോ!”
ഡോക്ടർ ഒരു നിർദ്ദേശം മുന്നോട്ടുവച്ചു.
“ഡോക്ടർ ഞങ്ങൾ ചെറുപ്പമാണ്. ഇപ്പോൾ തന്നെ ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടായിട്ടുണ്ട്. ഇനിയും ഞങ്ങൾക്ക് വേണ്ടത്ര കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ കഴിയും”.
അവരുടെ വാക്കുകളുടെ കാഠിന്യവും ചങ്കുറപ്പും കണ്ട് ഡോക്ടർ ഒന്ന് ഞെട്ടി. അവരുടെ നിർവികാരത ഡോക്ടറേ നിശബ്ദനാക്കിക്കളഞ്ഞു.
ഏകദേശം രണ്ട് വർഷങ്ങൾക്കു ശേഷം ഒരു ദിവസം ഡോക്ടർ പച്ചക്കറി ചന്തയിൽ സാധനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുമ്പോൾ പരിചയമുള്ള ഒരു മുഖം കണ്ടു. എത്ര ശ്രമിച്ചിട്ടും ഡോക്ടർക്ക് അത് ആരാണെന്ന് ഓർമ്മയ്ക്കാൻ സാധിച്ചില്ല. വീണ്ടും ഡോക്ടർ ആ മുഖത്തേക്ക് ഒന്ന് നോക്കി.അപ്പോൾ അവർ മുഖം മറച്ചുവെക്കുന്നതുപോലെ ഡോക്ടർക്ക് തോന്നി. പെട്ടെന്ന് ഡോക്ടറുടെ മനസ്സിലേക്ക് ആ സ്ത്രീരൂപം കടന്നുവന്നു. ആ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖവും.
അവൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയണമെന്ന് ഡോക്ടർ ആഗ്രഹിച്ചു.
“മാർത്തായുടെ അമ്മയല്ലേ?”
വളരെ ഉദ്വേഗത്തോടെ ഡോക്ടർ ചോദിച്ചു
“അതേ മാർത്തായുടെ അമ്മയാണ്.” അവരുടെ കയ്യിൽ ഇരുന്ന പച്ചക്കറി പോലെ നിർജീവമായിരുന്നു അവരുടെ സംസാരം.
“മാർത്ത…. മാർത്തായ്ക്ക്….” ഡോക്ടർക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ സാധിച്ചില്ല.
“അവൾ കഴിഞ്ഞവർഷം ക്രിസ്തു മസിന്റെ തലേന്ന് മരിച്ചുപോയി. പെട്ടെന്ന് ഒരു പനി വന്നു. രണ്ടുദിവസം ആശുപത്രിയിൽ കിടന്നു. പിന്നെ മരിച്ചു.”
അവൾ സാവധാനം ആ വീട്ടിൽ നിന്ന് പുറത്തേക്ക് നടന്നു. പല വീടുകളിൽ നിന്നും പടക്കം പൊട്ടുന്നതിന്റെയും അർത്തുല്ലസിക്കുന്നതിന്റെയും ശബ്ദ കോലാഹലം അവളുടെ ചെവിയിൽ പതിഞ്ഞു. എങ്ങും എല്ലാവരും ക്രിസ്തുമസ് ആഘോഷത്തിന്റെ തിമിർപ്പിൽ ആയിരുന്നു. പക്ഷേ അവൾ പുറത്താരോ അവളെ കാത്തു നിൽക്കുന്നതുപോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് വേഗം വേഗം നടന്നു. അവളുടെ ഭാരം കുറഞ്ഞു കുറഞ്ഞു ഒരു പക്ഷിയെ പോലെ ആകുന്നതായി അവൾക്ക് തോന്നി. കൈകളുടെ വശങ്ങളിലായി രണ്ടു ചിറകുകൾ അവൾക്ക് അനുഭവപ്പെട്ടു. പിന്നെ അവൾ പറക്കുകയായിരുന്നു. ഒരു തിരിച്ചുവരവില്ലാത്ത പോക്ക്.