വയനാടിന്റെ കാട്ടുപച്ചപ്പിൽ നിന്ന് മഞ്ചേരിയുടെ നഗരപ്പുളിപ്പിലേക്ക് പറിച്ചുനട്ടതാണെന്നെ ‘ തണുപ്പിനേക്കാൾ ചൂട് ഇഷ്ടപ്പെടാൻ പഠിച്ചു എന്റെ ശരീരം .എങ്കിലും മനസ്സിലിന്നും ആ കുളിരുന്ന തണുപ്പ് ഉറഞ്ഞു കിടപ്പുണ്ട്.
ചില കാഴ്ചകളും കേൾവികളും അവയെ ഉതിർത്തു കൊണ്ടേയിരിക്കും.
ഞാനെന്റെ ചില വർഷങ്ങളെ എന്നിൽ നിന്ന് അഴിച്ചു കളയട്ടെ…
നല്ലയോർമയുണ്ട്. സ്കൂൾവിട്ട് വന്ന ഏട്ടന്റെ തിരുനെറ്റിയിൽ ഏതാണ്ടൊരു സെ.മീ നീളത്തിൽ ഒരു മുറിപ്പാട് !
“എന്തെടാദ് ?”‘ അമ്മയുടെ അന്വേഷണം.
“ന്താടീ,ദ് ?” ചോദ്യം എന്നോടായി.
” അതു ശരി, എല്ലാര് ടെ നെറ്റീമ്മലും ണ്ടല്ലോ. വേഗം ചൊല്ലിക്കോ.. അല്ലെങ്കി,പ്പക്കിട്ടുംന്റെ കയ്യീന്ന്.” അമ്മ ദേഷ്യത്തിലാണ്.
അന്ന് ക്ലാസിൽ ഏട്ടന്റെ ഒരു പുതിയ കൂട്ടുകാരൻ ഇറക്കുമതി ചെയ്ത ഒരു കളിയുടെ ബാക്കിപത്രമായിരുന്നു ഞങ്ങളുടെ നെറ്റിയിൽ തെളിഞ്ഞത്. !
സംഗതി ഇങ്ങനെ..
മിണ്ടാതെ കണ്ണടച്ച് നിവർന്നിരിക്കയോ നിൽക്കയോ ചെയ്യാം. കൈ നെഞ്ചോടു ചേർത്ത് കൂപ്പിത്തൊഴണം. ശേഷം വലതു കയ്യിന്റെ പെരുവിരൽ നഖത്തിന്റെ ഇടതു വശം കൊണ്ട് നെറ്റിയിൽ ഉരസരണം. ഒന്ന്. രണ്ട്. മൂന്ന് എന്നിങ്ങനെ നിർത്താതെ 101 വരെ എണ്ണിക്കൊണ്ടാണ് ഉരസേണ്ടത്. റിസൽട്ട് അറിയണമെങ്കിൽ 101 ഉം കഴിഞ്ഞ് കൈയെടുക്കണം. അപ്പോൾ തീർച്ചയായും നെറ്റിയിൽ ഒരു കുഞ്ഞു വിഗ്രഹം പോലെ ദൈവം പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും.! ചോര പൊടിഞ്ഞ് !
അങ്ങനെ സ്വയം ദൈവത്തെ ക്കണ്ട് വീട്ടിലേക്ക് വരണവഴി അനുജത്തിമാർക്കും കൂട്ടുകാർക്കും ദൈവത്തെ കാട്ടിത്തന്നതാണേട്ടൻ!
വിശദീകരിച്ചത് ഞാനാണ്. കേട്ടു കഴിഞ്ഞതും അമ്മചെകുത്താനായത് പെട്ടെന്നാണ്.അപ്പോഴാണ് ശരിക്കും ഞങ്ങൾ ദൈവത്തെ ക്കണ്ടത്!
അമ്മയുടെ അടിവാങ്ങിയ മറ്റൊരു രസം കൂടിപ്പറയാം. അതും തിരുനെറ്റിക്കളി തന്നെ. അക്കാലത്ത് മിക്ക മരങ്ങളിലും ‘നീറ്” എന്ന് പറയുന്ന ചെമന്ന ഒരുതരം ഉറുമ്പുണ്ടാവും. അതിനെ ശ്രദ്ധയോടെ പിടിക്കും. എന്നിട്ട് അതിന്റെ പിന്നാമ്പുറത്തെ ഉരുണ്ടുവീർത്ത് ജലം നിറഞ്ഞ ഭാഗം മെല്ലെ പിന്നുകൊണ്ടോ സൂചികൊണ്ടോ പൊട്ടിക്കും.ന്നിട്ട് ആ നീര് നെറ്റിയിൽ പൊട്ടു തൊടണസ്ഥാനത്ത് ഒരു തുള്ളി യിറ്റിക്കും. കട്ട നീറ്റലാണ് അപ്പോൾ!ത്തിരി നേരം കഴിഞ്ഞു നോക്കുമ്പോൾ നീര് (formic acid) വീണിടത്ത് ഒരു കുഴി രൂപപ്പെടും. ഒരിക്കലും മായാത്ത ഒരു പൊട്ടായി. ചിക്കൻപോക്സ് കുരു പൊട്ടിയുണ്ടാവണ കുഴിയേക്കാൾ ഭംഗിയിൽ, ആഴത്തിൽ .ചന്ദനം തൊട്ട് തണുപ്പിച്ച് ഇന്നുമത് മറയ്ക്കുമെങ്കിലും അമ്മക്കയ്യിൽ നിന്ന് കിട്ടിയ തീച്ചൂടിന് ഇന്നും ഒരു ചെറിയ പൊള്ളലുണ്ട്.
ആ പ്രായത്തിലുള്ള എല്ലാ വികൃതികളുടെ നെറ്റിയിലും ഇന്നും ആ ആസിഡ്‌ഗർത്തം കാണാം!
കയ്ക്കുന്നചില ഓർമകൾക്ക് ഇന്ന് ഓർക്കുമ്പോൾ മധുരം.
ബാല്യം നമുക്ക് സമ്മാനിക്കുന്ന ഇത്തരം കറകൾക്കെല്ലാം എന്ത് തെളിച്ചമാണ്!
മറ്റൊരു സംഭവം കൂടി പറഞ്ഞു നിർത്താം.
ഈ..ദൈവത്തെക്കാണല് നല്ല രസള്ള പരിപാടിയാണേ. രസം മാത്രല്ല, വല്ലാത്തൊരു സംതൃപ്തിയോ, സുഖമോ ഒക്കെ കിട്ടണ ഒരു പരിപാടി!
ഉച്ച സമയം .ഏട്ടൻ കളംപോലെ വിശാലമായ മുറ്റത്തിന് നടുവിൽ ഇരുകൈയും ഇരുവശങ്ങളിലേക്ക് നീട്ടി സ്വന്തം നിഴലിൽ നോക്കിയങ്ങനെ നിൽപ്പാണ്.കഴിയുന്നതും കണ്ണിമയ്ക്കാതെ ഒരഞ്ചാറ് മിനിട്ടങ്ങനെ നിൽക്കണം –
പെട്ടെന്നതാ ‘പ്ധോം ‘ന്ന് ഏട്ടൻ നിലത്തേക്ക് വടി പോലെ വീഴണ്.! “അമ്മേ, ദാ. ഏട്ടൻ മുറ്റത്ത് വീണ്. മിണ്ടണില്ലാ “…ന്ന് ഞാൻ നിലവിളിച്ചു.
ന്താടീ, നീയുന്തിയിട്ടോ? എന്നോടായി ചോദ്യം.
”ഞാനൊന്നും ചെയ്തില്ല .ഏട്ടൻ ദൈവത്തെ കാണാൻ നിന്നതാ അപ്പളാവീണേ.”ഞാൻ പറഞ്ഞു.
അമ്മ മുമ്പും ഇക്കളിക്ക് ഞങ്ങൾക്ക് താക്കീത് തന്നതാണ്. ഏറെ നേരം നിഴൽ നോക്കി നിന്ന് പൊട്ന്നനെ മാനത്ത് നോക്കിയാൽ നമ്മുടെ അതേ രൂപം മാനത്തങ്ങനെ കൈവിരിച്ച് നിക്കണ കാണാം. ഇത്തിരി നേരത്തേക്ക് മാത്രം.അത് ദൈവം തന്നെയാണെന്ന് വിശ്വാസമില്ലെങ്കിലും വിശ്വസിച്ചിരുന്നു .! ദൃഷ്ടിയുടെ ശാസ്ത്രമൊക്കെ പിന്നീടെപ്പോഴോ ആണറിഞ്ഞത്. ഇടക്കിടെ ഞങ്ങളിങ്ങനെ ദൈവത്തെ ക്കാണാറുണ്ടേ.. അമ്മക്ക് കാര്യം പിടികിട്ടി. വെറുതെ നിന്ന എനിക്ക് അടീം കിട്ടി.ഏട്ടന് ബോധമില്ലല്ലോ!
ഇങ്ങനെയെത്രയെത്ര രുചികൾ,മണങ്ങൾ, കാഴ്ചകൾ കേൾവികൾ .പുതു തലമുറയുടെ നഷ്ടസ്വർഗങ്ങൾ!
🌱🌱🌱🌱🌱🌱
ജലജാപ്രസാദ്