രചന : ശ്രീകുമാർ എംപി✍
നനവാർന്ന പുലരിയിൽ
നറുചിരി വിതറുന്ന
നവ്യാനുരാഗമെ
നിനക്കു നന്ദി
നൻമകൾ പൂക്കുന്ന
പുലർകാല കാന്തിയിൽ
നവ്യാനുഭൂതി
പകരുന്നു നീ
രാഗാർദ്ര നൻമകൾ
തൊട്ടു വിളിച്ചിട്ടു
മെല്ലവെ സാന്ത്വനം
പകരുമ്പോലെ
നീറുന്നതൊക്കെയും
നീരാവിയായ് മാറി
നിറപീലി നീർത്തി നീ
നൃത്തമാടെ
പുലർകാല നാളങ്ങൾ
പുൽകുമ്പോൾ പുളകത്താൽ
പൂമഴ പെയ്യുന്ന
പൂമരമായ്
പൊടിമഴ ചാറുന്ന
നേരത്തു നീയ്യൊരു
പൊന്നുഷതാരം
തെളിഞ്ഞ പോലെ
പുല്ലാങ്കുഴലിന്റെ
യുള്ളിൽ നിന്നെത്തുന്ന
നൻമധു ഗീതമാ-
യൊഴുകിവന്നു
പൂർവ്വാംബരത്തിന്റെ
ശോഭയിൽ നല്ലൊരു
പൂത്തുമ്പി പോലവെ
പാറിനിന്നു.
പുന്നെല്ലു കൊത്തിക്കൊ-
റിച്ചിട്ടു പാടുന്ന
പഞ്ചവർണ്ണക്കിളി
പോലെ നീയ്യും
പഞ്ചമം പാടുന്നു
നെഞ്ചകത്തെപ്പോഴും
തഞ്ചുന്ന മോഹ
ത്തിരകൾ പോലെ
നനവാർന്ന പുലരിയിൽ
നറുമണം വിതറുന്ന
നവ്യാനുരാഗമെ
നിനക്കു നന്ദി.