രചന : കൃഷ്ണമോഹൻ കെ പി ✍

ഏണാങ്കശേഖര ജടയിൽ നിന്നും
ഇറ്റിറ്റു വീഴുന്നു ഗംഗാജലം
എല്ലാർക്കുമീശ്വര കല്പിതമാം
കർമ്മങ്ങളെല്ലാം, ജടകൾ തന്നെ

ആ,ജടതന്നിലെ രോമാവലി
വീണിടുമോരോ നിമിഷത്തിലും
വീണ്ടും മുളയ്ക്കും വളരുമവ
വീറുറ്റ പോരാളി പോലെ നിത്യം

ഏകിയ ഭാഗ്യവും നിർഭാഗ്യവും
ഏറ്റി മറയുന്നീ വർഷമെന്നാൽ
ഏറ്റവുമുത്സാഹമൊടെയെത്തും
ഏറിയ മോദം പകരും ദിനം

എഴാണു സംഖ്യ പുതുവർഷത്തിൻ
ഏഴഴകോലും തുകയതത്രേ
ഏഴിൻ്റെ പൊന്നഴകാഗതമാം
രണ്ടായിരത്തിരുപത്തിമൂന്നിൽ സഖേ

ഏഴു വർണ്ണങ്ങൾ മഴവില്ലിന്
ഏഴു സ്വരങ്ങൾ, സം.. ഗീതത്തിന്
ഏഴിൻ്റെയുത്സാഹം പേറി നില്ക്കും
എൻ പുതു വർഷമേ, സുസ്വാഗതം.

കൃഷ്ണമോഹൻ കെ പി

By ivayana