മറ്റാർക്കോ നുണയുവാൻ
മധുരവും കുളിരും പേറി
കുടനിവർത്തി, തണൽവിരിച്ചു
മണ്ണിനെ ഇറുകെപ്പുണർന്നു
ആർക്കും ചവിട്ടിത്താഴ്ത്താൻ
തലകുനിഞ്ഞുകൊടുക്കുന്ന
കനിവിലും
തലയെടുപ്പുള്ളവർ

ചരിത്രം താഴിട്ടുപൂട്ടിയ
ചരമരേഖകളിൽ
ആത്‌മഹത്യയെന്ന
അപമാനം പേറാത്തവർ .

കൂടൊരുക്കാൻ കൂട്ടുനിന്നവർ
കൂടിനു തുണയായവർ
ഇലപൊഴിയുമ്പോൾ,വേരടരുമ്പോൾ
കാറ്റിലലിയുന്ന നിലവിളിയൊച്ചകൾക്കൊപ്പം
വെറുതെ തലയാട്ടുന്നവർ .

പകുത്തുകൊടുത്തിട്ടും
ചേർത്തുപിടിച്ചിട്ടും
തണൽ മുറിച്ചു ,നിഴൽ മുറിച്ചു
പ്രേതവിചാരണ പോലുമില്ലാതെ
ശൂന്യരാകുന്നവർ .

വെളിച്ചം വരച്ചുപഠിക്കുന്ന
പകലിരവുകളിൽ,
ഊർദ്ധ്വം തേടുന്ന ഭൂമിയുടെ
നെടുവീർപ്പുകളിൽ,
കാലപ്രയാണത്തിന്റെ
കലിതാണ്ഡവങ്ങളിൽ
എറിഞ്ഞുടയ്ക്കപ്പെട്ടിട്ടും
എഴുതപ്പെടാതെപോയ
ചരിത്രസത്യങ്ങൾ

മരം,മരിച്ചുവീഴുമ്പൊഴും
വരമാകുന്നവൻ
===============================
ശിവരാജൻകോവിലഴികം,മയ്യനാട്

By ivayana