ജന്മാന്തരങ്ങൾക്കിപ്പുറം, ഇവിടെ ഒരു കഥ ജനിക്കുകയാണു…
മഴയെ കാത്തിരുന്നൊരു വേഴാമ്പലിന്റെ കഥ…..
വേഴാമ്പലിന്റെ തപിക്കുന്ന ചുണ്ടുകളിലേക്കു ദാഹ ജലമിറ്റിച്ചു പെയ്തിറങ്ങിയ മഴയുടേയും കഥ…..
ഒരു രാത്രിയിൽ തുടങ്ങിയ പരിചയം വളരെപ്പെട്ടെന്ന് അവരുടെ മനസ്സുകളെ ചേർത്തു വെക്കുകയാണുണ്ടായത്… താളം തെറ്റി മിടിക്കുന്ന ഹൃദയത്തുടിപ്പുകൾ ഒന്നു കാതോർത്താൽ പരസ്പരം കേൾക്കാൻ കഴിയുമെന്ന് അവരിരുവരും മനസ്സിലാക്കിയത് ഏതാണ്ടൊരേ സമയത്താണ്.. സന്ദർഭവും സാഹചര്യവുമെല്ലാം പ്രതികൂലമാണെന്ന വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നിട്ടും ആ രണ്ടു ഹൃദയങ്ങൾ മിടിച്ചു കൊണ്ടേ ഇരുന്നു, താളം തെറ്റി തന്നെ…..
കഥ ഇപ്പോഴും തുടരുന്നു…
ഇതു അവന് അവളെഴുതുന്ന പ്രണയ ലേഖനം…
അവൾക്കറിയില്ല….
നാളെ പിരിഞ്ഞു പോകുമെന്നുറപ്പുള്ള അവളുടെ പ്രിയതമനു എന്തെഴുതണമെന്ന്…..

പ്രിയ സുഹൃത്തെ…
ഹൃദയത്തിന്റെ ഒരു കോണിൽ പ്രണയ സ്വപ്നങ്ങൾ വിടരുമ്പോൾ മറു കോണിൽ അവയ്ക്കൊരു ശ്മശാനം പണിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ നമ്മൾ!ശ്മശാനം എന്നു പറഞ്ഞു കൂടാ…
നിന്റെ ഓർമ്മകൾക്കൊരു സ്മാരകം എന്നായാലൊ? പ്രിയതമക്കു വേണ്ടി ഷാജഹാൻ വെണ്ണക്കല്ലിൽ തീർത്ത മനോഹര ശില്പം പോലെ, നിനക്കായ് അക്ഷര കൂട്ടങ്ങൾ കൊണ്ടൊരു തടവറ ഒരുങ്ങുന്നു. എതു കണ്ണെത്താ ദൂരത്തേക്കു നീ മറഞ്ഞാലും, ഞാൻ ആഗ്രഹിക്കുമ്പോഴെല്ലാം നിന്നെക്കാണാം… നീയിവിടെ ഉണ്ടാകും;എന്നും…
ഈ അക്ഷരങ്ങൾക്കിടയിൽ….. നീ പലപ്പോഴായി എന്നൊട് ചോദിച്ചിട്ടില്ലേ, “കാലാന്തരേണ ഈ ബന്ധം എന്തായി തീരും? ഒരുപാടു അടുത്തു കഴിഞ്ഞ ശേഷം പരസ്പരം വേദനിപ്പിച്ചു കൊണ്ടു പിരിയുമ്പോൾ സ്വന്തം മനസ്സാക്ഷിയുടെ ചോദ്യങ്ങൾക്ക് നാം എന്തുത്തരം നൽകും?”

എനിക്കും കൃത്യമായ് അറിയില്ല; തവവിരഹേ ഞാൻ എന്തായി തീരുമെന്ന്. എങ്കിലും എന്നാൽ കഴിയുന്ന വിധം ഞാനിങ്ങനെ ഉത്തരം നൽകാം-
വിരഹിതനായ മനുഷ്യന്റെ മനസ്സ് മോഹങ്ങളുടെ ശവപ്പറമ്പാണ്.
വ്യാകുലത തൻ ചിറകുകളേറി പ്രതീക്ഷ തൻ മായാവിഹായസ്സിലലയുമ്പോഴും യാഥാർത്ഥ്യങ്ങളുടെ കനൽച്ചൂടിൽ ഹൃദയം എരിഞ്ഞു തീരുകയാണെന്ന് പലപ്പോഴും നാമറിയാറില്ല. മോഹങ്ങളുടെ മായാവലയം അത്രയേറെ ശക്തമാണല്ലോ…

സത്യത്തിൽ മനസ്സാക്ഷി എന്നത് എന്താണ്? മറ്റുള്ളവരെ നൊമ്പരപ്പെടുത്തുമ്പോഴും ആ പാപത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള വിഫലശ്രമങ്ങളിൽ നിന്ന് രൂപമെടുക്കുന്ന അയഥാർത്ഥമായ ശരികളാണൊ അവ? അറിയില്ല! മനസ്സാക്ഷി എന്തെന്നറിയില്ലെങ്കിൽ പിന്നെ ഹൃദയത്തെ തേടി പോകേണ്ട ആവശ്യമില്ലല്ലോ.
ഹൃദയശൂന്യതയെ ഓർത്ത് സ്വയം വിലപിക്കേണ്ടതുമില്ലല്ല്ലോ…
നമ്മൾ സ്വയം സൃഷ്ടിക്കുന്ന ഈ അവസ്ഥ; മോഹഭംഗങ്ങൾക്കും നമുക്ക് സ്വയം ആശ്വാസം കണ്ടെത്താനായെങ്കിൽ എത്ര നന്നായിരുന്നു; അല്ലേ?
ഇതു വരെ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അറിയില്ല എന്നുത്തരം നൽകിയത് എന്തുകൊണ്ടാണെന്നറിയാമോ?
ഇക്കണ്ട വലിയ ചോദ്യങ്ങളുടെയെല്ലാമുത്തരം സ്നേഹം എന്ന ചെറിയൊരു വാക്കിലൊതുങ്ങുമ്പോൾ ആ അർത്ഥവ്യാപ്തി നീ മനസ്സിലാക്കുമോ എന്ന ഭയമായിരുന്നു എനിക്കു,ഇന്നലെ വരെ..
എന്നാൽ നിനക്കെന്നെ ഇഷ്ടമാണെന്ന് ഞാൻ ചോദിക്കാതെ തന്നെ ഇന്നലെ നീ എന്നൊടു പറഞ്ഞപ്പോഴാണ്, ഇനിയും എനിക്കപരിചിതമായ ഒരുപാട് അർത്ഥങ്ങൾ സ്നേഹം എന്ന വാക്കിലുണ്ടെന്നു ഞാൻ മനസ്സിലാക്കിയത്..
ആ വാക്കുച്ചരിക്കാൻ പോലുമുള്ള അറിവ് എനിക്കില്ലെന്നും…..
സുഹൃത്തേ, അദൃശ്യമായ ഹസ്തങ്ങൾ തീർത്ത അകലങ്ങൾക്കപ്പുറത്തു നിന്നുകൊണ്ടാണെങ്കിലും നിന്റെ മനസ്സെനിക്ക് തൊട്ടറിയാൻ കഴിയുന്നുണ്ട്; ഒരു പക്ഷേ മറ്റാരേക്കാളും. നിന്റെ നിസ്സഹായാവസ്ഥയും നിന്നെക്കാൾ നന്നായ് എനിക്കറിയാം…
എങ്കിലും, ഇവിടെ ഈ ഏകാന്തതയിൽ വന്നു നിൽക്കുമ്പോൾ എന്തിനാണ് മനസ്സ് വിങ്ങുന്നത്? കടലിന്റെ ആഴങ്ങളിലെ നീലിമ പോലെ ഒരു വിഷാദം മനസ്സിൽ വന്നു നിറയുന്നതെന്തേ?
ഓർമ്മകൾ ഇത്ര വേദനാജനകമോ?
വേണ്ട, ഒന്നുമിനി ഓർക്കരുത്…..
ഓർമ്മകൾ ഹൃദയത്തിലൊളിച്ചു വെച്ചിരിക്കുന്ന സ്വർണ്ണവാളാണ്. അതനങ്ങുമ്പോൾ മുറിവുകളുണ്ടാക്കും…
ഒന്നു ഞാനറിയുന്നു, നമുക്കൊരുമിച്ച് ഒരു വഴിയിലൂടെ പോകാൻ സാദ്ധ്യമല്ല. എന്നാൽ വേർപിരിഞ്ഞ് എതിർദിശകളിലേക്ക് പോകാനും സാദ്ധ്യമല്ല. നിന്നെപ്പോലെ ഞാനുമിവിടെ നിസ്സഹായയാണ്…
മനസ്സിന്റെ നിഗൂഢമായ അഭിലാഷങ്ങൾ സാഫല്യത്തിനായി ദാഹിക്കുന്ന ആ ഒരേയൊരു നിമിഷത്തിനു വേണ്ടിയുള്ള മോഹം…….
എത്ര വേദനാജനകമാണീ പ്രണയം!
സ്വന്തം ഹൃദയത്തിന്റെ ഇരുട്ടിൽ വഴിതെറ്റി അലയുകയാണ് ഞാൻ. ഇരുളാർന്ന സ്വപ്നങ്ങളുടെ അന്ധകാരം പ്രേതരാത്രികളേക്കാൾ ഭയാനകമാണ്.
സത്യത്തിൽ നൊമ്പരങ്ങൾ എന്നുമെന്റെ കൂടപ്പിറപ്പുകളാണോ? മനോഹരങ്ങളിൽ മനോഹരമെന്ന് പേർ കേട്ട പ്രണയമെന്ന ചേതോഹരവികാരം പോലും എന്റെ കാര്യത്തിൽ ഇങ്ങനെ……….
ഞാനീ പ്രണയത്തെ കുറിച്ചാണ് വേദനയെന്നു പറഞ്ഞത് കേട്ടോ…
ഒരിക്കലും നിന്നെ കുറിച്ചല്ല. അത് രണ്ടുമെങ്ങനെ വ്യത്യസ്തമാകും എന്ന നിന്റെ ആശയക്കുഴപ്പം എനിക്ക് മനസ്സിലാകുന്നുണ്ട്. സത്യം പറഞ്ഞാൽ എനിക്കും അറിയില്ല, അതെന്താ അങ്ങനെയെന്ന്..
അല്ലെങ്കിലും എനിക്കെന്താ അറിയുക… ഞാൻ നിനക്കൊരു പ്രണയലേഖനമെഴുതാനാണ് തുടങ്ങിയത്.
എഴുതി എഴുതി അതൊരു വിരഹലേഖനമായി. ഒരുപാടു പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രണയമായതു കൊണ്ട് ഇതായിരിക്കും ചിലപ്പോൾ ശരി. ഒരുനാൾ പിരിയേണ്ടി വരുമെന്ന ശാശ്വതമായ സത്യം മനസ്സിലേക്കോടിയെത്തുമ്പോൾ പിടയുന്ന ഹൃദയത്തിന്റെ നൊമ്പരങ്ങളിൽ നിന്നാണല്ലോ സ്നേഹത്തിന്റെ തീവ്രത നാമിരുവരും മനസ്സിലാക്കുന്നത്…….
എങ്കിലും പ്രേമലേഖനമല്ലേ, സ്നേഹത്തെ കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതിയേക്കാം…
ഈ ഓരോ നിമിഷങ്ങളും സ്മരണകളായ് പുനർജനിക്കും.ഓർമ്മകൾക്ക് യുഗാന്തരങ്ങളുടെ പരിണാമം സിദ്ധിക്കും. എന്റെ മനസ്സിലെ മൌനങ്ങൾക്കിപ്പോൾ വാചാലതയേറുന്നു. ഹൃദയത്തിന് സ്വപ്നങ്ങളുടെ ചിറക് കുരുക്കുന്നു.
അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്. അവിടെ ഞാനെന്നും സ്നേഹിക്കുന്ന താരകളുണ്ട്. നിലാവൊളി പോൽ നിന്റെ സ്നേഹസാമീപ്യമുണ്ട്…
സ്വപ്നങ്ങളുടെ സൂര്യോദയവും പ്രതീക്ഷകളുടെ ചന്ദ്രോദയവുമെല്ലാമുണ്ട്.
നൊമ്പരങ്ങളുടെ മഴമേഘങ്ങളാൽ മൂടിപ്പോകാമെങ്കിലും ആ സൂര്യചന്ദ്രന്മാർ അവിടെ എന്നുമുണ്ടാകും…
ഓരോ വർഷമേഘങ്ങളും എനിക്കൊരു പെയ്തൊഴിയലാണ്…
നൊമ്പരങ്ങളുടെ പെയ്തൊഴിയൽ……
വിരഹത്തിന്റെ വർഷകാലം കഴിഞ്ഞ് പ്രതീക്ഷകളിൽ വേനലിന്റെ കാഠിന്യമേല്ക്കാതെ, ഹേമന്തത്തിന്റെ നനുത്ത സ്പർശമേകാൻ, ഡിസംബർ മഞ്ഞിന്റെ കുളിരേകാൻ……..
പ്രിയപ്പെട്ടവനേ, നീ എന്നെങ്കിലും വരുമോ?
നൊമ്പരങ്ങളുടെ ശിശിരം വിട്ടുമാറാൻ കൂട്ടാക്കാതെ കൂടെ നിൽക്കുമ്പോൾ ഇനിയൊരു വസന്തം വിടരില്ലെന്നറിയാം.
എങ്കിലും, ക്ഷണികമായ ഈ നേരം എല്ലാം മറന്ന്, മനസ്സു തുറന്ന് , നമുക്കൊന്ന് ചിരിക്കാൻ ശ്രമിക്കാം…
അല്ലേ…….


ഗായത്രി വേണുഗോപാൽ

By ivayana