രചന : മനോജ്.കെ.സി.✍
എന്റെയീ (2)
എന്റെയീ തോൾസഞ്ചിയിൽ
കാര്യമായി ഒന്നുമേ കരുതലില്ല
വാടിക്കൊഴിഞ്ഞ (2)
രണ്ട്,
മോഹമുകുളങ്ങൾ
ഒരു തൂലിക
പിന്നെയോ,
വായിച്ചും എഴുതിയും
പിഞ്ഞിയ ഒരു പറ്റം കടലാസ്സുകൂട്ടങ്ങൾ
അത്രമാത്രം…
എൻ,
കൺത്തടങ്ങൾ (2)
ദുഃഖങ്ങൾ ഒന്നാകെ
എരിഞ്ഞമരുന്നതിൻ പൊള്ളലുമല്ല…
അത്,
അത് മൃതി കൊത്തിയുടച്ച സ്വപ്‌നങ്ങൾ തൻ (2)
ബലിതർപ്പണം ചെയ്ത
ചിതാഭസ്മകുംഭങ്ങൾ
കാകൻ,
ചുണ്ടിൽ കൊരുത്തു പറക്കവേ
വഴിമദ്ധ്യേ,
അറിയാതെ വഴുതി നിപതിച്ച
വെറും
വെറും രണ്ടനാഥക്കുഴിമാടങ്ങൾ മാത്രം…
എൻ,
കണ്ഠമിടറുന്നതല്ല…(2)
അതേതോ…
ആശതൻ പാശങ്ങൾ (2)
കുരുങ്ങി നിശ്ചലമായത്തിൻ കമ്പനമായിടാം…
എൻ കണ്ണിണകൾ ചുവന്നതേയല്ല,
അത് മെയ്മാസപുഷ്പങ്ങൾ വിരിഞ്ഞതാകാം…
എൻ ഹൃദയസ്പന്ദനം താഴ്ന്നതല്ല,
ഒരേ സമയം (2)
ഒന്നിനു മീതെ മറ്റൊന്നായി,
പറന്നിറങ്ങീടുന്ന,
ചിന്തകൾ…
സ്വപ്നങ്ങൾ…
മോഹരേണുക്കൾ…
കുമിഞ്ഞതിൻ സമ്മർദ്ദമായിടാം.
എൻ പുറന്തോടിനുള്ളിലെ,
പൂവനിക്കുള്ളിൽ തളിർത്ത പുഷ്പങ്ങൾ,
കൊഴിഞ്ഞതല്ല…
അല്ല,
കൊഴിഞ്ഞതല്ല…
കാതങ്ങൾക്കപ്പുറം നിന്നെത്തിയ
രൗദ്ര ചക്രവാതച്ചുഴികൾ,
ഇറുകെ ഈ പൂക്കളെ പുണർന്നതാകാം…