രചന : കല ഭാസ്‌കർ ✍
ചെറിയൊരു കുറിപ്പ് / എനിക്ക് ആ സിനിമ അനുഭവപ്പെട്ട വിധം പങ്കു വയ്ക്കുന്നത് മാത്രം –
പ്രൊപഗാണ്ട ഒളിച്ചു കടത്തുന്ന, എന്നാലങ്ങനെയല്ല എന്നഭിനയിക്കുന്ന സിനിമകൾക്ക് അറിയാതെ പോയി തല വെച്ചു കൊടുക്കുന്നതല്ലാതെ, അങ്ങനെ ഓൾ റെഡി പറയപ്പെടുന്ന ഒരു സിനിമക്ക് അറിഞ്ഞു കൊണ്ട് പോകാൻ സാധാരണയായി എന്റെ ജന്മ വാസനക്ക് കഴിയുന്നതല്ല.
എന്നാലും പോയത് പ്രിയപ്പെട്ട സുഹൃത്ത് അനുവിന്റെ സ്നേഹപൂർവ്വമായ ക്ഷണം നിമിത്തവും സോ കോൾഡ് പ്രപ്പഗാൻഡ മറ്റേതിന്റത്രയും ഒത്തോ എന്നറിയാനും കൂടിയാണ്.
അനുവിന്റെ ഭാര്യാ സഹോദരിയുടെ മകളാണ് അതിൽ കല്ലു -നായികയായി അഭിനയിച്ചിരിക്കുന്ന മോള് –
ഭാര്യയുമായി വീട്ടിൽ വന്ന് പിക്ക് ചെയ്യാം എന്ന സ്നേഹവാഗ്ദാനത്തിന്റെ ഒക്കെ ബലത്തിലാണ് ഞാൻ , മോളുമായി വീട്ടിൽ നിന്നിറങ്ങി പുറപ്പെട്ടത് .
ബാലയ്ക്ക് ഒരു ‘ഭക്തി സിനിമ ‘ കാണാൻ ഒട്ടും താല്പര്യമില്ലായിരുന്നു എന്ന സത്യത്തെ എന്റെ മറ്റൊരു രഹസ്യ അജണ്ട കണ്ടില്ലെന്നു നടിച്ചു. : 😜ശിഷ്യൻ പഠിച്ചതിൽ തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാൽ തിരുത്താൻ ശ്രമിക്കേണ്ടത് ഗുരുവിന്റെ കടമയാണല്ലോ ! തിയറ്ററിൽ ചെന്നിട്ട് അവർ വരാൻ അവിടെ വെയ്റ്റ് ചെയ്ത സമയം അവൾ കാപ്പയ്ക്ക് നേരേ നീട്ടിയ നോട്ടം ഞാൻ വിദഗ്ധമായി കണ്ണുരുട്ടി ചുമ്മായങ്ങ് മറികടന്നു. 🤭
സിനിമ മാസ്റ്റർ ക്രാഫ്റ്റ് എന്നോ – എന്നായേലും ബ്രില്ല്യൻസ് എന്നോ ഒന്നും വർണ്ണിക്കാൻ ഞാനില്ല. എന്നാൽ ഒരു ഫീൽ ഗുഡ് മൂവിയാണ്. ബോറടിയില്ലാതെ കണ്ടിരിക്കാനാവുന്നതും കണ്ടിരിക്കേണ്ടതുമായ ഒന്നാണ്.
സ്പോയിലർ ഭീഷണി ഒഴിവാക്കി ഒറ്റവാക്കിൽ പറഞ്ഞാൽ -തത്വമസി – എന്നതാണ് one word – storyline.
ഫസ്റ്റ് ഹാഫിൽ ഒരു ചെറിയ ലാഗ് ഉണ്ടോ എന്ന് തോന്നിയേക്കാം – പക്ഷെ മലക്ക് പോവണം – എന്ന ഒരു കന്നി മാളികപ്പുറത്തിന്റെ ആഗ്രഹം – അവളുടെ ജനനത്തിന് അയ്യപ്പന്റെ അനുഗ്രഹമുണ്ടായതിന്റെ അടക്കം കഥകൾ – കേട്ടു വളരുന്ന – ഒരു കുഞ്ഞിന് -അയ്യപ്പൻ സീസണലല്ലാത്ത ഒരു ഒബ്സഷനായി മാറുന്നതെങ്ങനെ – എന്നത് , മകൾക്കും പണം കടം തന്നവർക്കും നിരന്തരം വാഗ്ദാനങ്ങൾ മാത്രം നൽകാനാവുന്ന ഒരു അച്ഛന്റെ / ഗൃഹനാഥന്റെ നിസ്സഹായത, ദുഖം പങ്കു വെക്കാനാവാതിരിക്കുകയും ഒരു പാട് നുണകൾക്കൊടുവിൽ സ്വയം നശിക്കുകയാണ് എല്ലാത്തിനും ഏകപരിഹാരം എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്ന ഒരു പുരുഷന്റെ / ഭർത്താവിന്റെ / മകന്റെ ദൈന്യത –
ഒക്കെ എത്ര വട്ടം പറഞ്ഞാലും മനസ്സിലാകാത്ത മനസ്സുകൾ ധാരാളമാണ് – ഒരു പക്ഷെ,
ആദാമിലെ അബുവിന്റെ – ഹജ്ജ് മോഹത്തോട് തോന്നിയ താദാത്മ്യം – അത് സ്വാഭാവികമായി തോന്നുകയും – മലയ്ക്ക് പോവുക എന്ന ഒരു പെൺകുട്ടിയുടെ ആഗ്രഹം അതിഭാവുകത്വമുള്ളതുമായി തോന്നുന്നവർ ഏറെയാവും എന്ന ചിന്തയാകും ആവർത്തിച്ചാവർത്തിച്ച് – . അക്കാര്യം ഫസ്റ്റ് ഹാഫിൽ പറഞ്ഞുറപ്പിക്കാൻ കാരണവും!
ആ കുഞ്ഞുങ്ങളുടെ – അഭിനയ ചാതുരി എടുത്തു പറയേണ്ടതാണ് – കന്നി മലക്കാരാണെന്ന് തോന്നിപ്പിക്കുന്നേയില്ല രണ്ടാളും , കല്ലുവും തള്ളുണ്ണിയും …
രണ്ടു പേർക്കുമിനിയും അംഗീകാരങ്ങളുടെ പടവുകൾ / വിജയത്തിന്റെ മലകൾ ഒരു പാട് വട്ടം കയറാനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഭക്തിയ്ക്ക് സമാന്തരമായി നിൽക്കുന്നതോ,
അല്ലെങ്കിൽ ഒരല്പം താഴെ നിൽക്കുന്നതോ ആയ പ്രണയമെന്ന വികാരത്തെ എങ്ങനെയൊക്കെ പറഞ്ഞാലും എതിരേൽക്കുമെങ്കിലും ഭക്തി അത്രകണ്ട് സ്വീകാര്യമല്ലാത്ത മനസ്സുകൾക്ക് , അതിന്റെ മനശ്ശാസ്ത്രം വലിയ ആലോചനയില്ലാതെ മനസ്സിലാക്കി തരുന്ന രീതിയിൽ കഥ പറഞ്ഞു പോകുന്നതിൽ കയ്യടക്കമുണ്ട് തിരക്കഥയ്ക്ക് .
മനുഷ്യാതീതമായതെന്തും ഓരോ സങ്കല്പ രൂപങ്ങളിലേക്ക് ആവാഹിച്ച് അതിലേക്ക് എത്താൻ ആഗ്രഹിക്കുന്നതിനെ ദൈവം – ഭക്തി – പ്രാർത്ഥന എന്നതുമായി കൂട്ടിക്കെട്ടാമെങ്കിലും,
ഓരോ മനുഷ്യനും ആരുമില്ല, ഇനിയൊന്നുമില്ല എന്ന് തോന്നുന്നിടത്ത്- കൃത്യം വന്നു നിൽക്കുന്ന മറ്റു മനുഷ്യരുണ്ട്. അവരിലൂടെ അവർ ദൈവ സ്പർശം അറിയുകയും ചെയ്യും.
മാധവന് പകരമെത്തുന്ന മാനവനായി അനുഭവപ്പെടുന്ന മനുഷ്യർക്ക് ദൈവച്ഛായ ഉണ്ടാവുന്നതും ഒട്ടും അത്ഭുതമല്ല.
നന്മയെ ദൈവികമായി കാണുന്നിടത്തു തന്നെ, തിന്മയും അതേ സങ്കല്‌പത്തെ ചാരി , അതേ വേഷത്തിലൊളിച്ച് – ആ പരിസരത്തു തന്നെയുണ്ട് എന്ന സത്യത്തെ ഈ സിനിമ ഒഴിവാക്കുന്നില്ല – വില്ലൻ – അന്യ മതസ്ഥനോ അവിശ്വാസിയോ പോലുമല്ല – വെറും തിന്മ മാത്രം..മനസ്സുകൊണ്ടല്ലാതെ
വേഷം കൊണ്ടുപോലും നായകനിൽ നിന്നും തരിമ്പും വ്യത്യസ്തനല്ല… .
എന്നിടത്ത് ഞാൻ ആദ്യത്തെ കയ്യടി കൊടുക്കും –
രണ്ടാമത് – നന്ദനത്തിലെ പോലെ
മനുഷ്യന്റെ നന്മ, ഒരു ദൈവ സങ്കല്പമെന്നപോലെ വെറുമൊരു മിത്താണെന്ന് , തോന്നൽ മാത്രമാണെന്ന് ഈ സിനിമ പറയാത്തിടത്താണ്.
ദൈവത്തിനുമുപരിയായി ഒരു മനുഷ്യന്
ആത്യന്തിക നന്മയ്ക്കു വേണ്ടി നിവർന്ന് നിൽക്കാനാവും – ഒരു അധികാര ചിഹ്നത്തിന്റെയും വേഷത്തിന്റെയും സഹായമില്ലാതെ എന്ന് പറയുന്നിടത്താണ്.
ഏതിനും മീതെ എന്നെയും നിന്നെയും
നമ്മൾ പരസ്പരം കാക്കും, ഞാനും നീയും
ഒന്നു തന്നെ എന്നു പറയുന്നിടത്താണ്
ഞങ്ങൾ പത്തനംതിട്ടക്കാരുടെ സ്വകാര്യ അഹങ്കാരം കൂടിയായ സ്വാമി അയ്യപ്പൻ നിൽക്കുന്നത് ! മനോജ് കെ ജയന്റെ കഥാപാത്രത്തെക്കൊണ്ട് – അത് കുറച്ച് നീട്ടി പരത്തിപറയിപ്പിച്ചതും – എത്ര പറഞ്ഞാലും മനസ്സിലാകാത്തവർക്ക് – അല്ലെങ്കിൽ അങ്ങനെ നടിക്കുന്നവർക്കു വേണ്ടിയായിരിക്കാം …🙏🏽
ദൈവമാകണമെന്നില്ല; ദൈവദാസനായാലും മതി – ദൈവ സ്പർശമനുഭവിപ്പിക്കാൻ –
എന്ന് ഒരാൾക്ക് – മറ്റൊരു മനുഷ്യൻ തോന്നിപ്പിക്കുന്നിടത്താണല്ലോ – ആൾ ദൈവ സങ്കല്‌പങ്ങളുടെ പോലും പ്രസക്തി!
അവിടെ ഏതു മനുഷ്യനും നിൽക്കാനാവുമെന്ന സാധ്യതക്ക് ഒരു വല്ലാത്ത മനോഹാരിതയുണ്ട് – മനുഷ്യനാവണം മനുഷ്യനാവണം എന്ന് ചിന്തിച്ചിട്ട് നടക്കുന്നില്ലെങ്കിൽ, ഇനി ദൈവമാകണം തന്റെയൊപ്പമുള്ളവന്റെ എന്ന് ഓരോരുത്തർക്കും – അവരുടെ ബെഞ്ച്മാർക്ക് ഉയർത്തുന്ന കാര്യം ആലോചിക്കാവുന്നതാണ് !
ഏറ്റവും പ്രധാനപ്പെട്ട , എടുത്തു പറയണ്ട മറ്റൊരു കാര്യം – ഈ സിനിമയുടെ Right Wing Politics ആണ് – അത് തപ്പിയെന്റെ കണ്ണു കഴച്ചത് മിച്ചം – (അന്ധ) വിശ്വാസം / (ദുരാ)ആചാരം / ലിംഗ (അ) നീതി = ശബരിമല എന്നു മാത്രം എഴുതിപ്പഠിച്ചവർക്ക് നോവുന്ന തരത്തിൽ ഭക്തിയും വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ഉണ്ടെന്നതൊഴികെ മറ്റൊന്നിലുമതില്ല എന്നതാണ് പരമമായ സത്യം.
രാഷ്ട്രീയം കുത്തിക്കേറ്റി വിപ്ലവമുണ്ടാക്കുന്ന തരത്തിലായിരുന്നെങ്കിൽ, ആ ആത്മഹത്യ സഹകരണ സംഘം തകർന്ന് കുത്തുപാളയെടുത്തതിന്റെ പേരിലായേനെ-
ഒരു പ്രവാസി വെറും വാക്കുകൾ / വാഗ്ദാനങ്ങൾ വിശ്വസിച്ചതിന്റെ പേരിലായേനെ , സാമ്പത്തികമായി അയാളെ തകർക്കുന്ന അളിയൻ ലവ് ജിഹാദിയായേനെ ,
ബ്ലേഡ്കാരൻ കൊന്തയും കുരിശും കൈച്ചങ്ങലയും ബെൻസും കൊണ്ട് ഒരു കാടൻ മുതലാളിയായി സിംബലൈസ് ചെയ്യപ്പെട്ടേനെ-
സ്കൂൾ വിട്ട് മടങ്ങിവരാത്ത കുട്ടികൾ സംഘടനക്കാരനായ ഒരധ്യാപകന്റെ നോട്ടക്കുറവിന്റെ ഇരകളായേനെ ,
KSRTC ജീവനക്കാരും പഞ്ചായത്ത് മെമ്പറും പക്കാ രാഷ്ട്രീയം സംസാരിച്ചേനെ …. !!
ഇതൊന്നുമില്ലാത്ത ഒരു സിനിമയെക്കുറിച്ച് അപ്രകാരം ഭയപ്പാടു തോന്നുന്നെങ്കിൽ, നിങ്ങളുടെ രാഷ്ട്രീയമായ ശരികളെ കുറിച്ച് , പൊതു നിലപാടിനെക്കുറിച്ച്, ആത്മ പരിശോധന നടത്തേണ്ട സമയമായിട്ടുണ്ട് എന്നു മാത്രം പറഞ്ഞ് വെയ്ക്കുന്നു.
ഉണ്ണി മുകുന്ദൻ നന്നായിട്ടുണ്ട്; മുമ്പത്തെ സിനിമയെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് ,
ഒരു ഹീറോയുടെ ഗ്രേസും എലിഗൻസും ആവോളം നൽകി ഈചിത്രത്തിലെ യഥാർത്ഥ ഹീറോ അയാളെ അനുഗ്രഹിച്ചിട്ടുണ്ട്.
ഇനിയും അനുഗ്രഹിക്കട്ടെ !
കടപ്പാട് – നന്ദി –
Anu ന് – സ്നേഹപൂർവ്വമുള്ള നിർബന്ധത്തിന്,
ഇരിക്കുമ്പഴുമെഴുന്നേൽക്കുമ്പഴുമെല്ലാം
അയ്യോ വയ്യ എന്ന് പറയുന്നത് തിരുത്തി,
അയ്യപ്പാ സാമീ എന്നാക്കി തന്ന അപ്പച്ചിയമ്മൂമ്മക്ക് …
അഞ്ചു വയസ്സു മുതൽ അഞ്ചു പ്രാവശ്യം മാലയിട്ട് മലയ്ക്കു കൂട്ടിപ്പോയ -, ജീവിതത്തിന്റെ കരിമലകൾ കയറിയിറങ്ങാൻ കൂടെ നിന്ന് , പിന്നെ എന്നെ വിട്ടു പോയ കൈത്താങ്ങുകൾക്ക് ….
അയ്യപ്പന്റെ നേർച്ചക്കുട്ടിയായിട്ടും മലക്ക് പോകാനാവാതെ പോയ മകൾക്ക് –50 കഴിഞ്ഞ് ഞാൻ കന്നി മാളികപ്പുറം പോകുമ്പോളമ്മയുണ്ടാകും കാണാൻ
എന്നവൾ ഇന്നലെ തന്ന അതിമോഹത്തിന് ….
സർവോപരി – ശ്രീ ശൈലത്തിലെ മുരളി സാറിന് – പിതൃതുല്യനായ ആ ഗുരുവുമായി 2018 ലെ ശബരിമല സമര കാലത്ത് ഉണ്ടായ തർക്കത്തിന് – എന്നെക്കാൾ എത്രയോ പ്രായമുള്ള അദ്ദേഹത്തിന്റെ പാർട്ടി മെമ്പർഷിപ്പിന്റെയും , മണ്ഡലക്കാലങ്ങളുടെയും സീനിയോറിറ്റിയെ വകവെയ്ക്കാതെ ഞാനദ്ദേഹത്തോട് തർക്കിച്ചിരുന്നു… പൊള്ളയായ എന്തിന്റെ ഒക്കെയോ പേരിൽ നല്ല വഴക്കിട്ടു.
ഒരു കൊല്ലം തികയും മുമ്പ് എനിക്ക് സമ്മാനം
വീട്ടിൽക്കിട്ടി😌 – സമാധാനവുമായി –
അതിനും അയ്യപ്പനോട് നന്ദി –
❤️ സ്വാമി ശരണം❤️🙏🏽🙏🏽