രചന : സാജുപുല്ലൻ ✍
നേരം ഇരുട്ട്യാ-
കുരിശു വര തുടങ്ങും
ചെർമ്മലമായി.
നീട്ടീം കുറുക്കീം
ചൊല്ലിക്കേറും
അമ്പത്തിമൂന്നു മണി ജപം കഴിഞ്ഞാ
മരിച്ചവർക്കു വേണ്ടിയുള്ള –
അതു ചൊല്ലണേൻ്റെsയ്ക്ക്,
റോക്ക്യേ , മോനേ
ന്ന് വിളിച്ച് പറയണ കേട്ടാ
അരൂപിയോട് നേരിട്ട് വർത്താനം
പറയണ പോലെ തന്ന്യാ-
തലക്ക് മൂത്ത മോനാരിന്നില്ലേടാ നീ,
വണ്ടിപ്പണിക്ക് ന്ന് പറഞ്ഞ്
തൃശൂര്ക്ക് പോയിട്ട്
ഒരാണ്ട് തെകയേണ്ന് മുന്നെ
പായേ പൊതിഞ്ഞല്ലേടാ നിന്നെ
കൊണ്ട്ന്നേ-
പറഞ്ഞു കൊണ്ടിരിക്കണേൻ്റെ ടേല്
ബൈബിൾ വായന തൊടങ്ങും:
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയേയും
നട്ടുച്ചക്ക് വരുന്ന വിനാശത്തെയും നീ …
ന്നെടിത്തത്തെത്തുമ്പോഴേക്കും
റപ്പേലേ, മോനേന്നും
വിളിച്ച് സ്വന്തം വചനം ഉരുവിടും
ചെറുപ്പത്തിലെ തന്നെ
ആകാശത്തോട്ടായിരുന്നല്ലോടാ
നിൻ്റെ യാത്ര
എത്ര തലപ്പൊക്ക മൊള്ളതാണേലും
തുഞ്ചത്ത് കേറി
ആകാശം തൊട്ടേച്ചും
വര്മാര്ന്നല്ലോടാ നീ…
നിൻ്റെ കൈയ്യോടാത്ത
മാവും പിലാവുമുണ്ടോ
അപ്പൻ തെങ്ങേ കേറ്യാ
മോൻ മാത്തേക്കേറുവെന്ന്
ചെറ്പ്പത്തിലേ തന്നേ
പറേപ്പിച്ചോനാര്ന്നില്ലേടാ നീ
നിൻ്റെ കൈവിട്ട് പോയല്ലോടാ .
മോനേ റപ്പേലേ …
അങ്കമാലിക്കരേല് നിൻ്റപ്പൻ കേറാത്ത
തെങ്ങിണ്ടാർന്നില്ലല്ലോടാ
ന്നിട്ടും പിടി വിടീച്ച് കളഞ്ഞില്ലേടാ
അപ്പനെ.
നിൻ്റെ കുഴി
ഒണങ്ങന്ണേന് മുന്നേ
അപ്രത്ത് വന്ന് കെടന്നില്ലേ
റപ്പേലേ
നീ കേക്കണ് ണ്ടോടാ…
എനിക്ക് നേരെ തിരിയും
അമ്മായി
ലാസറേ
പൊന്നുമോനേ, പോണ്ടാട്ടോടാ
നീ എങ്ങും
ഇമ്മക്ക് ഈ കൂരേം മുറ്റോം മതി
എങ്ങും പോണ്ട…
ചെവി പൊത്തിയിരുന്നോ
അല്ലെങ്കി
ദൂരത്ത്ന്ന് ആരോ
വിളിച്ചോണ്ടിരിക്കണ
എപ്പോഴും കേട്ടോണ്ടിരിക്കും
ഞാൻ തലയാട്ടും
അമ്മായി രാവ് മുഴുക്കെ
കുരിശു വരച്ചോണ്ടിരിക്കും
ബൈബിള് വായിച്ചോണ്ടിരിക്കും
മക്കളോടും കെട്ട്യോനോടും
വർത്താനം പറഞ്ഞോണ്ടിരിക്കും
അമ്മായ്ട് വടെ ഞാൻ
വന്ന് നിക്കണതാ ,
കൂട്ടിന് …
ദൂരങ്ങളുടെ വിളി ഞാൻ
കേൾക്കുന്നുണ്ട്
ഞാൻ തലയാട്ടും.