രചന : അഷറഫ് കാളത്തോട് ✍
മനുഷ്യൻ പതിയെ പതിയെ അല്ല വേഗത്തിൽ ഒരു പ്രോഗ്രാമിംഗ് ഭാഷയിലൂടെ ഇനി കടന്നു പോകും.
ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾ ഒരു മെക്കാനിക്കൽ നിലയിലേക്ക് ഭാഷയെ മാറ്റുന്നതോടുകൂടി ലോകം പുതിയ ഒരു പൊട്ടിത്തെറിയിലേക്ക് എത്തിപ്പെടും. ജീവികൾ അവയുടെ ഭാഷയായി ഹോർമോണുകളും, ശബ്ദങ്ങളും, വിദ്യുത് തരംഗങ്ങളും, ആംഗ്യങ്ങളും, ഉപയോഗിക്കുന്നതുപോലെ കമ്പ്യൂട്ടർ മുതലായ വൈദ്യുതോപകരണങ്ങളിൽ പ്രത്യേക പ്രവർത്തനങ്ങൾ ചെയ്യാനുപയോഗിക്കുന്ന വാക്കുകളുടെ പ്രോഗ്രാമിംഗ് ഭാഷയിലേക്ക് മനുഷ്യൻ മാറും, അത്തരം ഒരു പ്രോഗ്രാമിങ് ഭാഷ മനുഷ്യ വ്യവഹാരങ്ങളെ അവരുടെ പാരമ്പര്യ ക്രയവിക്രയങ്ങളെ ആകെ ബാധിക്കും.
കോങ്കണ്ണുള്ള സുന്ദരിയായ മദാലസയാണ് അക്ഷരത്തെറ്റുള്ള ഭാഷ, പ്രോഗ്രാമിംഗ് ഭാഷ വരുമ്പോൾ വ്യാപകമായ അർത്ഥവ്യത്യാസങ്ങൾ ഭയങ്കരമായി വന്നു ചേരും. എഴുത്ത് പുഴയുടെ ശാന്തതയും, സാഗരത്തിൻ്റെ അലർച്ചയുമാകണം എന്ന് കരുതുന്നിടത്തു നിന്നും മാറി റോഡ് വേണ്ടാത്ത നിലയിലേക്ക് വാഹനം മാറി സഞ്ചരിക്കുന്നത് പോലെ ഭാഷയും അതിൻ്റെ സൗന്ദര്യം മാർഗ്ഗം വിട്ടു കുതറിപ്പോകും, നഷ്ടപ്പെട്ട ഭാഷ സങ്കല്പം ഒട്ടും തന്നെ അനുവാചകനെ അലട്ടാതെ കവിതകളും, പാട്ടുകളും കഥകളും ഉണ്ടാകും.
സാഹിത്യ സുരഭിലമായ വാക്കുകളുടെ പ്രവാഹം കൊണ്ട് സമ്പുഷ്ടമായിരുന്ന ഒരുകാലത്തിലേക്ക് അമ്മിയും അമ്മിക്കല്ലും പോലെ ഒലയ്ക്കയും ഉരലും പോലെ, പാരമ്പര്യ ഭാഷ മുക്കിൽ കൂട്ടിയിടപ്പെടും. മാധ്യമങ്ങൾ അതിൻ്റെ ബലിപീഠങ്ങളാകും. ഭാഷ എത്ര അനിവാര്യമാണെന്നും അതിൻ്റെ പവിത്രത വ്യഭിചരിക്കപ്പെടേണ്ടതല്ലെന്നതും എത്രമാത്രം അനുഗ്രഹീതമാണ് എന്ന് ബോധ്യമാകുന്നത് അന്ധനും ബധിരനും മൂകനും സന്ധിക്കുമ്പോഴാണ്.
ആശയവിനിമയത്തിനുള്ള ശബ്ദാത്മക ഉപാധിയായ ഭാഷ സർവ്വ ജീവികളിലും ഉണ്ട്. ജീവികൾ അവർക്കു മാത്രം തിരിച്ചറിയാവുന്ന താന്താങ്ങളുടെ ഭാഷ ഉപയോഗിക്കുന്നു. അവയുടെ ആശയവിനിമയ ഭാഷയ്ക്കു പോലും പ്രാദേശികതയുണ്ട് അമേരിക്കയിലെ കാക്കയ്ക്ക് ഇന്ത്യൻ കാക്കയുമായി ആശയവിനിമയം നടത്താൻ പ്രയാസമുണ്ടെന്ന ശാസ്ത്രത്തിന്റെ നിഗമനങ്ങൾ മാറ്റി എഴുതപ്പെടും.
പക്ഷികൾ ഉപയോഗിക്കുന്നതിലും കൂടുതൽ ആംഗ്യഭാഷകൾ മൃഗങ്ങൾ ഉപയോഗിക്കുന്നതായി കാണാം. യജമാനനെ കാണുമ്പോൾ നായ വാലാട്ടുന്നതും, ചെന്നായ് കൂട്ടത്തിൽ തലവനെ കാണുമ്പോൾ മറ്റുള്ളവ വാൽ താഴ്ത്തിയിടുന്നതും അവയുടെ ഭാഷകളാണ്. സ്പർശനത്തിലൂടെ സാധ്യമാകുന്ന ആശയ വിനിമയം. കണ്ണുകൾ, കൈ,കാൽ തുടങ്ങിയ ശാരീരികാവയവങ്ങൾ മൂലം നൽകുന്ന ആശയ സംവാദം. ശ്രവണേന്ദ്രിയത്തിലൂടെയുള്ള ആശയ വിനിമയം, നിലത്തു ചവിട്ടുന്നതു മൂലമുണ്ടാകുന്ന ഭൗമ കമ്പനങ്ങൾ വരെ ആശയവിനിമയത്തിനായി മൃഗങ്ങൾ ഉപയോഗിക്കാറുണ്ട്. ചില പക്ഷിമൃഗങ്ങൾക്കു സംസാര ശേഷി ലഭിക്കുന്നത് പോലെ ആനയടക്കം അത്തരം വലിയ ജീവികൾ മുതൽ എല്ലാ പക്ഷി മൃഗാദികൾക്കും സംസാരിക്കാൻ സാധിക്കുന്ന വിധം ശാസ്ത്രം അതിൻ്റെ ചരിത്രം മാറ്റി എഴുതപ്പെടാമെന്നതും സാധ്യതകളാണ്. .
മനുഷ്യഭാഷകൾ എന്ന് സാധാരണയായി വിവക്ഷിക്കുന്നവ നാക്കും ചുണ്ടും, തൊണ്ടയിലെ ശബ്ദകോശങ്ങളും, തലയിലെ അസ്ഥികളും മാംസപേശികളും ഉപയോഗിച്ച് മനുഷ്യൻ നിർമ്മിക്കുന്ന ശബ്ദങ്ങളുടെ ചിത്രങ്ങൾ സാധ്യമായതാണ് മനുഷ്യ വിജയമെങ്കിൽ അത്തരം ലിഖിതരൂപം മൃഗങ്ങളെ മറ്റു ജീവികളെ എങ്ങനെ പഠിപ്പിക്കാം എന്നതും ശാസ്ത്ര പുരോഗതിയുടെ ഭാഗമാക്കേണ്ടതുണ്ട്.
ഇന്തോ-ആര്യൻ ഭാഷകൾ, ആഫ്രിക്കൻ ഭാഷകൾ, മധ്യേഷ്യൻ ഭാഷകൾ, ദ്രാവിഡ ഭാഷകൾ, കിഴക്കനേഷ്യൻ ഭാഷകൾ, യൂറോപ്യൻ ഭാഷകൾ എന്നിങ്ങനെ മനുഷ്യഭാഷകളെ ആറായി തരംതിരിക്കുമ്പോൾ മറ്റു ജീവി ഭാഷകൾ ഇങ്ങനെ തരാം തിരിക്കപ്പെട്ടിട്ടില്ല.
കാലാകാലങ്ങളായുണ്ടായ ആശയവിനിമയ ആവശ്യങ്ങളാൽ ഉരുത്തിരിഞ്ഞു വന്ന ഭാഷകൾക്കു പുറമേ കൃത്രിമമായി സൃഷ്ടിച്ചെടുത്ത എസ്പരാന്റോ, ഇന്റർലിംഗ്വാ മനുഷ്യഭാഷകളും ഉണ്ട്. ലോകം തന്നെ ദൈവീക കൃപയാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിനു മുൻപിൽ ഭാഷ എന്നത് ദൈവികമായ സമ്പത്താണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. ഉത്പത്തിയെക്കുറിച്ച് എന്ത് തർക്കങ്ങൾ ഉണ്ടെങ്കിലും ഭാഷ ജീവികൾക്ക് ലഭിച്ച വൈവിധ്യമാർന്ന മധുരപലഹാരമാണ്.