രചന : സാബു കൃഷ്ണൻ ✍

ശ്ലഥബിംബങ്ങൾ ചിതറിയോരോർമ്മൾ
അപാരതയിൽ കണ്ട സന്ധ്യകൾ
തിരകളിൽ ചിതറിയ ചിലങ്കകൾ
കാവ്യോപാസാനയിലുന്നിദ്ര നൃത്തം.

കാലമസ്തമിച്ചാറാടി നിൽക്കുന്നു
പൂഴിപ്പരപ്പിലുപവിഷ്ടനായി
തിരകളെന്നുമാത്മ സങ്കീർത്തനം
സ്വപ്നമേ,കാലപ്രവാഹമേ വിട.

തുടുത്ത സന്ധ്യാമ്പരം ശംഖുംമുഖം
കടലിൽ കണ്ണെറിയുന്നു കാമിനി
ആലസ്യമവളുടെ ചിരികണ്ടു
ശയനത്തിൽ സിന്ദൂരം തൊട്ടൊരോർമ്മ.

ചെത്തിമിനുക്കിയൊരു പെണ്ണഴക്
കരിങ്കല്ലിൽ കടഞ്ഞ നഗ്ന ബിംബം
പുരുഷകാമനയ്ക്കാധാര ശിൽപ്പം
ഇവളാദി ദുർഗ്ഗയോ ഗിരിജയോ.

കവാടം തുറന്നു രാവിൽ നിലാവിൽ
കൈ നീട്ടിപ്പിടിക്കുന്നു ജനുവരി
വരൂ നിനക്കു സ്വാഗതം പ്രിയനേ
പുണരുകയീ സാഗര കന്യയെ.

സാബു കൃഷ്ണൻ

By ivayana