ലേഖനം : മൻസൂർ നൈന✍

2023 കൊച്ചിയിൽ പുതുവർഷ പുലരി പിറന്നത് ആശ്വാസത്തിന്റെ നെടുവീർപ്പുമായാണ് . ദുരന്തം തലനാരിഴ്യ്ക്ക് ഒഴിഞ്ഞു പോയതിന്റെ ആശ്വാസം .
വിഷയത്തിലേക്ക് കടക്കുന്നതിനു മുൻപ് കൊച്ചിൻ കാർണിവലിന്റെയും പാപ്പാഞ്ഞി കത്തിക്കലിന്റെയും ഒരു ചെറു ചരിത്രത്തിലേക്ക് …..


1500 – ൽ ആരംഭിച്ച് 1663 – വരെയുള്ള
ഒന്നര നൂറ്റാണ്ടിന്റെ പോർച്ചുഗീസ് അധിനിവേശ കാലത്ത് പോർച്ചുഗീസുകാർ കൊച്ചിയിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ക്രിസ്ത്മസ് ആഘോഷത്തോടൊപ്പം ന്യൂ ഇയറും ആഘോഷിച്ചിരുന്നു .
പാപ്പാൻഹി എന്നാൽ പോർച്ചുഗീസ് ഭാഷയിൽ grand father , old man എന്നൊക്കെ അർത്ഥം വരും , ഇത് ലാറ്റിൻ പദമാണ് . Western Iberian Peninsula യിലെ ലാറ്റിനിൽ നിന്നാണ് പോർച്ചുഗീസ് ഭാഷ ഉത്ഭവിച്ചതെന്ന് ചരിത്രം . സാധാരണയായി നമ്മുടെ നാട്ടിൽ പിതാവിനെ വിളിക്കാൻ ഉപയോഗിക്കുന്ന പപ്പാ , പാപ്പാ എന്ന പ്രയോഗമൊക്കെ പോർച്ചുഗീസ് ഭാഷയിൽ നിന്നും രൂപാന്തരം വന്നവയായിരിക്കാം എന്ന് അനുമാനിക്കുന്നു .


ലോകത്ത് ഇത് കൊച്ചിയിൽ മാത്രം …..
അറിഞ്ഞിടത്തോളവും , അന്വേഷിച്ചിടത്തോളവും , മനസിലായിടത്തോളവും പാപ്പാഞ്ഞിയെ കത്തിക്കൽ കൊച്ചിയിൽ മാത്രമാണ്. അതാവട്ടെ പോർച്ചുഗീസുകാരിൽ നിന്നു കടന്നു വന്നതും . എന്നാൽ പോർച്ചുഗലിൽ പോലും ഇപ്പോഴിത് നിലവിലില്ല . കഴിഞ്ഞ വർഷത്തെ ദുഖങ്ങളെ , ദുരിതങ്ങളെ , പ്രയാസങ്ങളെ , രോഗങ്ങളെ എല്ലാം കത്തിച്ച് കളഞ്ഞു കൊണ്ടു പുതു വർഷത്തെ പുതിയ പുലരിയെ വരവേൽക്കുക എന്നാണ് ഇത് കൊണ്ടു അർത്ഥം വെക്കുന്നത് . കഴിഞ്ഞ കാല തിന്മകളെ എരിച്ചു കളയാൻ 55 – 65 അടി ഉയരമുള്ള ഒരു വൃദ്ധന്റെ രൂപം തയ്യാറാക്കുന്നു . ഡിസംബർ 31 ന് അർദ്ധരാത്രി കൃത്യം 12 മണിക്ക് ഫോർട്ടുക്കൊച്ചിയിൽ തടിച്ചു കൂടുന്ന ആബാലവൃദ്ധം ജനങ്ങളുടെ ആർപ്പുവിളിയിലും , കൊച്ചിയിൽ നങ്കൂരമിട്ടിട്ടുള്ള കപ്പലുകളിൽ നിന്നും മുഴങ്ങുന്ന സൈറനുകളുടെയും അകമ്പടിയോടെ പടക്കങ്ങളിൽ നിന്നും കത്തിപ്പടരുന്ന തീ പാപ്പാഞ്ഞിയുടെ രൂപത്തിലേക്ക് പടർന്നു കയറുന്നു .


ആകാശം മുട്ടെ ഉയരുന്ന അഗ്‌നി ഗോളത്തിന്റെ വെളിച്ചത്തിൽ അവിടെ തടിച്ചു കൂടിയ ജനങ്ങളെ ചുവന്ന ചിറകു വിരിച്ച കൂറ്റൻ പക്ഷിയുടെ കീഴിൽ നിൽക്കുന്നത് പോലെ തോന്നും . പാപ്പാഞ്ഞി കത്തിയമരുമ്പോൾ പുതു വർഷം കടന്നു വരികയായി .
പോർച്ചുഗീസുകാർക്ക് ശേഷം കൊച്ചിയിലിത് അങ്ങിങ്ങായി കൊണ്ടാടിയിരുന്നു . 1985 ജനുവരി -1 മുതൽ International Youth Year – ആയി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു . International Youth Year ന് പ്രമേയമായി പ്രഖ്യാപിച്ചത് Peace , Participation, Progress എന്നതായിരുന്നു . പ്രഖ്യാപിച്ച പ്രമേയത്തോടൊപ്പം പ്രാദേശിക തലത്തിൽ ചെറുപ്പക്കാർക്ക് മറ്റു വിഷയങ്ങളും പ്രമേയത്തോടൊപ്പം കൂട്ടിച്ചേർക്കാം എന്നറിയിച്ചു . അന്ന് ഇന്ത്യയിൽ കൊച്ചിയിൽ മാത്രമാണ് പ്രമേയത്തോടൊപ്പം രണ്ട് വിഷയങ്ങൾ കൂട്ടിച്ചേർത്തത് . അത് Adventure , Environment എന്നതായിരുന്നു .

ഗാന്ധിജി ഫോർട്ടുക്കൊച്ചി കടപ്പുറത്ത് പ്രസംഗിക്കുമ്പോൾ , കൊച്ചിയിലേക്ക് കപ്പലോട്ടി വന്ന ചൈനീസ് , അറബ് തുടങ്ങിയ കച്ചവടക്കാരുടെ ചരിത്രം സ്മരിച്ച് പറഞ്ഞ വാചകമാണ് ” കൊച്ചി സാഹസികതയുടെ ഉത്തമ ഉദാഹരണമാണ് ” എന്ന് . ഇതിൽ നിന്നാണ് അന്ന് പ്രമേയമായി Adventure എന്ന വാക്ക് കൂടി ഉൾപ്പെടുത്താൻ കാരണം .


ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച International Youth Year -ൽ നിന്ന് ആവേശം ഉൾക്കൊണ്ട് കൊച്ചിയിലെ കുറച്ചു ചെറുപ്പക്കാർ ചേർന്നു 1984 – 85 കൊച്ചിയിൽ കാർണിവൽ എന്ന വലിയ ആഘോഷത്തിന് തുടക്കമിട്ടു . ആനന്ദ് ഫെലിക്സ് സക്കറിയ ( ആനന്ദ സൂര്യ ) , ജോർജജ് അഗസ്റ്റിൻ തുണ്ടിപ്പറസിൽ ( റോയ് ) , എബ്രഹാം സേവ്യർ ( എബി ) ,ആന്റണി അനൂപ് സക്കറിയ ( അനൂപ് ) , നിർമ്മൽ ജോൺ അഗസ്റ്റിൻ , രാധാ ഗോമതി , പി.വി. സന്തോഷ്,അബ്ദുൽ കലാം ആസാദ് ( പട്ടണം ) തുടങ്ങിയ ചെറുപ്പക്കാർ ബീച്ച് ഫെസ്റ്റിവലായി തുടങ്ങിയ പരിപാടിയാണ് കൊച്ചിൻ കാർണിവലായി മാറിയത് .

(1984 – 85 ) ആദ്യ കാർണിവലിന്റെ ചെയർമാൻ അന്നത്തെ ഡപ്യൂട്ടി മേയറായിരുന്ന കെ.ജെ. സോഹനും , വൈസ് ചെയർമാനായത് അന്നത്തെ RDO വൽസല കുമാരിയുമായിരുന്നു . അന്ന് ക്ലബ്ബുകളെ കോ- ഓർഡിനേറ്റ് ചെയ്യേണ്ട ചുമതല തെന്നിന്ത്യയിലെ ഇന്നത്തെ പ്രശസ്ത ഫോട്ടോഗ്രാഫറായ അബ്ദുൽ കലാമിനായിരുന്നു . ഇന്നേയ്ക്ക് ഇത് 39 വർഷമായി . ഒരു കമ്മിറ്റിക്ക് കീഴിൽ സബ്ബ് കളക്ടർ അഥവാ RDO യുടെ നേതൃത്വത്തിൽ ഇത് ഭംഗിയായി നടന്നു വരുന്നു . തൊണ്ണൂറോളം പ്രാദേശിക ക്ലബ്ബുകളടക്കം നിരവധി സംഘടനകൾ ഇതിനെ പിന്തുണയ്ക്കുന്നു .


സാഗര തീരത്തെ ജന സാഗരം ….
അറബി കടലിന്റെ തീരത്തേക്ക് ഒഴുകിയെത്തിയത് ജന സാഗരം ……സംഘാടകരുടെ , അധികാരികളുടെ, നിയമപാലകരുടെ , കൊച്ചി നിവാസികളുടെ , കണക്കുകൾ തെറ്റിച്ചു കൊണ്ടു 2022 ഡിസംബർ 31 ന് ഫോർട്ടുക്കൊച്ചിയുടെ ചരിത്ര ഭൂമികയിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങളാണ് . ഏകദേശം 5 ലക്ഷം ജനങ്ങൾ . നിയന്ത്രണങ്ങൾ നഷ്ട്ടമായ ജനബോംബിൽ നിന്നു കൊച്ചി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ലോകത്ത് കൊച്ചിയിൽ മാത്രമുള്ള ഈ കാഴ്ച്ച കാണാൻ എത്തിയ വിദേശികളും , വിദേശി മലയാളികളും , മറ്റു സംസ്ഥാനക്കാരും , കേരളത്തിന്റെ ഇതര പ്രദേശങ്ങളിൽ നിന്നുള്ളവരും കൊച്ചിയിൽ ജന സാഗരം തീർത്തു .


തിരുത്തലുകൾ വേണം , എങ്ങനെ …. ?
നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഫോർട്ടുക്കൊച്ചി – മട്ടാഞ്ചേരിയിൽ പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കുന്നതിനു സൗകര്യങ്ങൾ തീരേയില്ല എന്നു വലിയൊരു പരാതിയുണ്ട് അതിന് പരിഹാരമുണ്ടാക്കുക . ഇത്തരം ആഘോഷ ദിവസങ്ങളിൽ താത്ക്കാലിക വാഷ് റൂമുകൾ ഒരുക്കുക .


കാർണിവൽ ദിവസങ്ങളിൽ വാഹനങ്ങൾ ഫോർട്ടുക്കൊച്ചിയിൽ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനം കാണുക . ഫോർട്ടുക്കൊച്ചിക്ക് 5 കി. മീ. ഇപ്പുറം തോപ്പുംപടിയിലും മറ്റും വെച്ചു വാഹനങ്ങൾ തടയാതിരിക്കുക .
ഈ ദിവസങ്ങൾക്ക് മാത്രമായി പ്രത്യേക ബസ്സ് സർവ്വീസുകൾ നടത്തുക . ട്രാൻസ്പ്പോർട്ട് ബസ്സുകളും , പ്രൈവറ്റ് ബസ്സുകളും ഇതിനായി ഏർപ്പെടുത്തുക .


രണ്ടിലധികം റോ-റോ ജങ്കാർ സർവ്വീസുകളും പ്രത്യേക ബോട്ട് സർവ്വീസുകളും ഈ ദിവസങ്ങൾക്ക് മാത്രമായി ഏർപ്പെടുത്തുക .
കച്ചവടക്കാരുടെ സഹകരണത്തോടെ കൂൾബാറുകൾ , ഹോട്ടലുകൾ ഈ ആഘോഷ ദിനരാത്രികളിൽ തുറന്നിരിക്കാൻ സന്നദ്ധമാക്കുക .
ഈ പ്രത്യേക ദിവസം ജനങ്ങൾക്ക് സൗജന്യ കുടിവെള്ളം എത്തിക്കുവാൻ കോർപ്പറേഷൻ സൗകര്യമൊരുക്കുക.


ജനങ്ങളെ പിരിച്ചുവിടാനായി ഭയപ്പെടുത്തി വിരട്ടാതെ ശ്രദ്ധിക്കുക കാരണം അങ്ങനെ ചെയ്താൽ ഉൽസവ പറമ്പിൽ ആന വിരണ്ട അവസ്ഥയാവും
എന്നാൽ മറ്റു സ്ഥലങ്ങളിലുള്ള കൂടുതൽ പോലീസുകാരെ കൊച്ചിയിൽ ഡ്യൂട്ടിക്കിട്ടുകൊണ്ടു പോലീസ് നിരീക്ഷണം ശക്തമാക്കുകയും , പോലീസ് ജാഗരൂകരായിരിക്കുകയും വേണം .


സിവിലിയൻസിൽ നിന്നു പ്രത്യേക വളണ്ടിയർമാരെ നിയമിക്കുക .
ഫോർട്ടുക്കൊച്ചി – മട്ടാഞ്ചേരി ഭാഗത്തെ ഗവ: ഹോസ്പ്പിറ്റലുകളിൽ ഈ ദിവസങ്ങളിൽ പ്രത്യേകം ഡോക്ടർമാരെയും , നേഴ്സുമാരെയും ഡ്യൂട്ടിക്കിടുക .
ഫോർട്ടുക്കൊച്ചി നിവാസികളൂടെയും , ഹോംസ്റ്റേ നടത്തിപ്പുകാരുടെയും സഹകരണം ഉറപ്പാക്കുക .


ലോകത്തിൽ കൊച്ചിയിൽ മാത്രമുള്ള ഈ പാപ്പാഞ്ഞി കത്തിക്കൽ ആഘോഷത്തിന്റെ , ഇന്ത്യയിൽ ഗോവ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ഈ കാർണിവൽ ആഘോഷത്തിന്റെ , കേരളത്തിലെ ഈ വലിയ ആഘോഷത്തിന്റെ ഉത്തരവാദിത്വം . എം.പി. , എം.എൽ.എ. , കളക്ടർ , മേയർ , കൗൺസിലർമാർ തുടങ്ങി ജനപ്രതിനിധികളുടെയും , ഉദ്യോഗസ്ഥരുടെയും നേരിട്ടുള്ള മേൽനോട്ടത്തിൻ കീഴിലാക്കുക .


സർക്കാർ രണ്ട് ലക്ഷവും , കോർപ്പറേഷൻ നാല് ലക്ഷവും നൽകുന്ന ഈ പരിപാടിക്ക് അതിലും ഭീമമായ തുകയാണ് ചിലവു വരുന്നത് (സംഘാടകർ വിയർക്കുന്നു എന്നർത്ഥം) . ഇപ്പോൾ തന്നെ സർക്കാരിന് ഈ പരിപാടിയുടെ ദിവസങ്ങളിൽ നികുതി ഇനത്തിൽ നല്ല വരുമാനമുണ്ട് . ഹോംസ്റ്റേകൾ നിറഞ്ഞു കവിയുന്നു, കച്ചവട സ്ഥാപനങ്ങളിൽ ഈ ദിവസങ്ങളിൽ ചരക്കുകൾ പരമാവധി വിറ്റഴിയുന്നു , ഹോട്ടലുകളിൽ വൻ തിരക്കാണ് , അത് കൊണ്ടു ഈ പറഞ്ഞത് പോലെ ഇതൊന്ന് വേണ്ട വിധം ശ്രദ്ധിച്ചാൽ ഇതിനേക്കാൾ വലിയൊരു വരുമാനം ഇതിൽ നിന്നും സർക്കാരിന് കണ്ടെത്താൻ കഴിയും .


ആരെയെങ്കിലും കുറ്റപ്പെടുത്തുകയോ , ക്രൂശിക്കുകയോ അല്ല വേണ്ടത് . തെറ്റുകൾ തിരുത്തി മുന്നോട്ടു നീങ്ങാൻ കൈകൾ കോർത്തുപിടിക്കുകയാണ് വേണ്ടത് .

മൻസൂർ നൈന

By ivayana