രചന : സതീശൻ നായർ ✍
രവി..
കയ്യാളാണ്.
കയ്യാൾ എന്താണ് എന്ന് അറിയാത്തവർ ഉണ്ടെങ്കിൽ ചിലപ്പോൾ ന്യൂജൻ വക്കാബ്ലറിയിൽ ഹെൽപ്പ്ർ എന്ന് തിരഞ്ഞാൽ അർത്ഥം കിട്ടും..
അപ്പോൾ രവി..
മണി എന്ന മെയിൻ പണിക്കാരൻറ കയ്യാളാണ്.
ഇലക്ട്രിക്കൽ, പ്ളമ്പിങ്ങ് തുടങ്ങി വീടിന്റെ അകത്തും പുറത്തും ഉളള സകലമാന പണികളും മണിയാശാൻ ചെയ്യും..
ഇതിൽ രവിയുടെ റോൾ എന്താണ് എന്ന് വച്ചാൽ പൈപ്പ് ഇടാൻ വേണ്ടി കുഴികൾ, വൈറിംഗിന് വേണ്ടി ചുവർ കുത്തി പൊളിക്കുക അങ്ങനെ റിസ്ക് കുറഞ്ഞ അവിദഗ്ധ ജോലികൾ..
അങ്ങനെ മണിയാശാന് പണിയില്ലാത്ത ഒരു ദിവസം വീട്ടിൽ പല്ലിൻറെ ഇടയും കുത്തി ഇരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ മല്ലിക ചേച്ചി വിളിക്കുന്നത്..
മല്ലിക രവിയുടെ കുഞ്ഞമ്മേടെ മോളാണ്..
പ്രശ്നം വീട്ടിൽ ഒരു പുതിയ ഫാൻ വാങ്ങി..
അത് ഹാളിൽ ഫിറ്റ് ചെയ്യണം..
പഴയ രീതിയിൽ ഓടിട്ട മച്ച് പാകിയ വീടാണ്..
എത്ര വർഷമായി കയ്യാളായി നടക്കുന്നു ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെകെ രവി..
മണിയാശാൻറെ ടൂൾസ് വീട്ടിൽ തന്നെ ഉളളത് ഭാഗ്യം..
ഫാൻ ഫിറ്റ് ചെയ്യാനുളള സ്ഥലം സ്കെച്ച് ചെയ്തു..
ഹാളിൽ മച്ചിന് ലേശം ഉയരക്കുറവാണ് അത് കൊണ്ട് മച്ച് തുളച്ച് ഒരു കമ്പി ഉത്തരത്തിൽ തൂക്കി അതിലേ ഫാൻ ഫിറ്റ് ചെയ്യാൻ പറ്റൂ..
അറിയാവുന്ന ടെക്‌നോളജി വച്ച് ഉത്തരത്തിൽ നിന്നും ഫാൻ തൂക്കാനുളള കമ്പിയുടെ നീളമൊക്കെ അളന്നു..
വീട്ടിൽ തപ്പിയപ്പോൾ ഒരു നീളമുള്ള കമ്പി കിട്ടി..
വർക്ക് ഷോപ്പില് കൊണ്ട് പോയി അത് രണ്ട് വശവും വളച്ച് ഒരു ഹുക്ക് ആക്കി തിരികെ വീട്ടിൽ കൊണ്ടു വന്നു..
അപ്പോഴാണ് ചെറിയ ഒരു പ്രശ്നം..
ഉണ്ടാക്കിയ ഹുക്ക് നീളം കുറഞ്ഞു..
ഫാൻ കറങ്ങുമ്പോൾ മച്ചിൽ തട്ടും..
പണിയായോ..
തിരിഞ്ഞും പിരിഞ്ഞും ഇരുന്നും രണ്ട് കെട്ട് ബീഡി തീരുന്ന വരെ ഒരു പരിഹാരം കിട്ടാനായി ചിന്തിച്ചു..
ചിന്തകൾ അവസാനിപ്പിച്ച് സംഘർഷ രഹിതമായി ഫാൻ ഫിറ്റ് ചെയ്തു..
പണ്ടാരം കറണ്ട് പോയി..
പോയ കറണ്ട് ആന പിടിച്ചാലും തിരികെ വരില്ലല്ലോ..
താമസിക്കും..
അത് വരെ വെയ്റ്റിങ് പറ്റില്ലല്ലോ..
ഫാൻ കൈകൊണ്ട് കറക്കി നോക്കി..
കറക്ടായി മച്ചിൽ തട്ടാതെ കറങ്ങുന്നുണ്ട്..
മല്ലിക ചേച്ചീ ഫാൻ ടെസ്റ്റ് ചെയ്തു നോക്കാൻ കറണ്ടില്ല കറങ്ങിക്കോളും കുഴപ്പമില്ല എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഞാൻ വീട്ടിൽ ഉണ്ടല്ലോ രവീ എന്ന് വിളിച്ച് രവിയുടെ വീ അവസാനിക്കും മുമ്പ് ഞാനിവിടെ ഉണ്ടാകും..
ശരീടാ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം..
കറണ്ട് വന്നു കുറേ നേരമായപ്പോഴും വിളി വരാത്തത് കൊണ്ട് രവി മല്ലികയെ വിളിച്ച് ഫാൻ സ്വിച്ച്‌ഇട്ടപ്പോൾ കറങ്ങുന്നുണ്ട് എന്ന് ഉറപ്പിച്ചു..
ഒരു പുതിയ ഇലക്ട്രീഷ്യൻറെ ഉദയത്തിൽ അഭിമാനം കൊണ്ട് കണ്ണാടി നോക്കി ഒരു സല്യൂട്ട് കൊടുത്ത് ആത്മഗതം ചെയ്തു..
രവീടാ..
ഇലക്ട്രീഷ്യൻൻഡാ..
അടുത്ത ദിവസം മല്ലികയുടെ വിളി വന്നു..
രവീ ഒന്ന് വീട്ടിലേക്ക് വന്നേടാ..
ഓ വീട് മൊത്തം റീവയർ ചെയ്യുന്ന കാര്യം പറയാൻ ആവും എന്ന് ആത്മഗതം ചെയ്തു കൊണ്ട് രവി മല്ലികയുടെ വീട്ടിൽ എത്തി..
എന്തേ ചേച്ചി..
ഡാ ഫാനിന് കാറ്റ് ഇല്ലടാ എന്ന് പറഞ്ഞ് മല്ലിക ഫാനിട്ടു കാണിച്ചു..
ശരിയാണല്ലോ ഫാൻ സ്പീഡിൽ കറങ്ങുന്നുണ്ട് ബട്ട് നോ കാറ്റ്..
ഇരുന്ന സോഫയിൽ അങ്ങോട്ടും ഇങ്ങോട്ടും മാറി ഇരുന്നു നോക്കി..
ഫാനിൻറെ തൊട്ടു താഴെ പോയി നിന്ന് നോക്കി നോ കാറ്റ് ഓൺലി സൗണ്ട്..
മല്ലിക ചേച്ചീ ചിലപ്പോൾ പുതിയ ഫാനായത് കൊണ്ടാവും പിന്നീട് ശരിയാവും ല്ലങ്കി മ്മക്ക് ശരിയാക്കാം മൈ ഹൂനാ..
പിറ്റേന്നും അതിന്റെ പിറന്നാളും ഒരാഴ്ച കഴീഞ്ഞും ഫാൻ മാത്രം കറങ്ങി കാറ്റില്ലാതെ..
സഹികെട്ട് രവി മണിയാശാനോട് കാര്യം പറഞ്ഞു..
ഹെൽപ്പർ പയ്യൻ തൻറെ അറിവോ അനുവാദമോ കൂടാതെ ആണ് പണി ചെയ്തത് എന്ന ഒരു അനിഷ്ടം മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും ശിഷ്യൻ കാണിക്കുന്ന തെറ്റുകൾ അവസാനം ഗുരുവിന് കൂടി പേരുദോഷം വരുത്തുമല്ലോ എന്ന് കരുതി മാത്രം മണിയാശാൻ കേസ് ഏറ്റെടുത്തു..
മണിയാശാൻ മല്ലികയുടെ വീട്ടിൽ സേതുരാമയ്യർ ആയി..
കൂലങ്കഷമായി താത്വികമായി അവലോകനം ചെയ്തു..
ഒരുപാട് ആലോചന മുറുകുമ്പോൾ കക്ഷി കക്ഷം
ചൊറിയും അതാണ് കൂലംകക്ഷം..
പ്രശ്ന പരിഹാരത്തിന് ഡമ്മി ഫാൻ വരെ പരീക്ഷിച്ചു..
അവസാനം ആശാൻ ചെറിയ ചില മാറ്റങ്ങൾ കൊണ്ട് ഫാൻ കറക്കി..
കാറ്റ് നല്ല കൊടുങ്കാറ്റ് പോലെ ഹാളിൽ ഇരുന്നവരെ തണുപ്പിച്ചു..
ടെക്‌നോളജി സിംപിൾ..
രവി ഫാൻ ഫിറ്റ് ചെയ്തു നോക്കുമ്പോൾ ഫാനിൻറെ ലീഫ് മച്ചിൽ തട്ടുന്നുണ്ടായിരുന്നു..
അത് തട്ടാതിരിക്കാൻ നടുവിൽ നീളത്തിൽ ചെറുതായി മടക്കുണ്ടായിരുന്ന ഫാൻ ലീഫ് കഠിനമായ അധ്വാനം കൊണ്ട് തട്ടി നിവർത്തി ലെവലാക്കി..
ആശാൻ ഫാൻ ലീഫ് വീണ്ടും മടക്കി വച്ച് ഹുക്ക് ഒരിഞ്ച് നീളം കൂട്ടി..
പ്രശ്നം സോൾവ്ട്