രചന : ടിഎം നവാസ് വളാഞ്ചേരി✍
പെൺ മനസ്സിന്റെ നോവും നൊമ്പരങ്ങളും ക്ഷമയോടെ അറിയാൻ ശ്രമിച്ചാൽ മാത്രമേ വറ്റാത്ത നീരുറവ കണക്കെ ഒഴുകി വരുന്ന ആ സ്നേഹക്കടലിൽ നിന്നും സാന്ത്വനത്തിന്റെയും വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും മുത്തുകൾ വാരിയെടുത്ത് ജീവിതം സന്തോഷ പ്രദമാക്കാൻ കഴിയൂ.
വേഷമേറെ കെട്ടും നാരിതൻ മാഹാത്മ്യം
ചൊല്ലി പറയാനതേറെയുണ്ടെ
വീട്ടിൻ വിളക്കായ് ജ്വലിച്ചു നിൽക്കുന്നവൾ
വീടകം തന്നുടെ മന്ത്രിയായ് വാണവൾ
പൂമുഖപടിയതിൽ പുഞ്ചിരി തൂകീട്ട്
പൂമണം വിതറുന്ന മൊഞ്ചത്തിയായവൾ
അസ്ഥി നുറുങ്ങുന്ന വേദന പേറിയോൾ
കുലമതിൻ കാവലായ് ജനനിയായ് മാറിയോൾ
പാതിയും കൂട്ടരും സുഖ നിദ്ര പൂകുമ്പോൾ
വാവക്ക് കൂട്ടായുറങ്ങാതിരുന്നവൾ
ദാഹാർത്തനായി കരഞ്ഞുള്ള കുഞ്ഞിനായ്
മാന്ത്രിക വിരലോടി അമ്മിഞ്ഞ നൽകിയോൾ
അക്ഷരലോകത്തെ കൗതുക കൂട്ടുകൾ
ആദ്യമായുണ്ണിക്ക് ഓതി കൊടുത്തവൾ
വാവ തൻ വാശിയും പാതി തന്നിഷ്ടവും
സ്നേഹ ചരടതിൽ രസതന്ത്രമാക്കിയോൾ
ഒട്ടേറെ രാവതിൽ ഉണ്ണാതുറങ്ങാതെ
പാതിക്കായ് മക്കൾക്കായ് കാത്തിട്ടിരുന്നവൾ
ഒട്ടേറെ ലോകങ്ങൾ ചുറ്റിലുമുണ്ടേലും
കൂട്ടിനും മക്കൾക്കായ് ജീവിതം തീർത്തവൾ
വാവയായ് പെങ്ങളായ് മാറിയ നേരത്ത്
പൂമ്പാറ്റയായങ്ങ് പാറി പറന്നവൾ
ജീവിത സന്ധ്യയിൽ മുത്തശ്ശിയായ് മാറി
ആത്മിയ ലോകത്തെ വാരി പുണർന്നവൾ
ഒട്ടേറെ നാരിമാർ ചരിതം രചിച്ചേലും
ഉണ്ടേറെ നാരിമാർ ചെളിയതിൽ വീണവർ
ദൈവമന്നെ ചൊല്ലി നാരിയെ സൃഷ്ടിച്ചു
വാരിയെല്ലൊന്ന് വളഞ്ഞതിനാൽ
അതിനാലെ ശ്രദ്ധയാൽ പൊട്ടാതെ നോക്കിയാൽ
മാറ്റിടാം നാരിയെ പൂങ്കരളായ്.