രചന : അജികുമാർ നാരായണൻ✍
ഒരുതാലിച്ചരടിന്റെ പുണ്യമായ്
ഒരുജന്മമറിയുമെൻ പൊന്നഴകേ
ഒരിക്കലും നിലയ്ക്കാത്ത പ്രവാഹമായി
ഒഴുകിപ്പരക്കുകയെന്നിൽ നീയും!
ഓർമ്മകൾക്കെന്നും വസന്തമല്ലോ
ഓമനിച്ചീടുവാനെന്നുമെന്നും
ഓരോ യുഗങ്ങളിൽ കാത്തുനിൽക്കും
ഒന്നായൊരാത്മാവിൻ സത്യമല്ലോ!
എന്നിലെയാത്മ പ്രകാരമായ്
എന്നിലെയെന്നെയറിയുന്നവൾ
എന്നാത്മ സത്യപ്രകാശമായ്
എന്നിലായെന്നും നിറയുന്നവൾ!
ഒരുനിമിഷം നീയെന്റെ സോദരിയും
മറുനിമിഷമമ്മതൻ വാത്സല്യവും,
കാമുകിയായ് , പ്രാണന്റെ പാതിയായ്
കാവ്യപ്രതീതിക്കു ബിംബമല്ലോ!
നിന്നിലോ ഞാനാണതെന്ന സത്യം
എന്നിലോ നീതന്നെ തെളിയുന്നതും
നമ്മളിലെപ്പോഴും ജീവൻ തുടിക്കുന്ന
നിയുക്തമായുള്ള സ്പന്ദനങ്ങൾ!
പ്രാരാബ്ധക്കൂരയിൽ കൂട്ടുവന്ന്
പ്രാണന്റെ സംഗീതം പകർന്നവളെ
പഴിവാക്കു ചൊല്ലാതെ, പിഴവില്ലാതെ
പഴയമനസ്സിൻ തെളിച്ചമായ് !
തീവ്രമായ് നിന്നെ പ്രണയിച്ചിടാൻ
തീരങ്ങൾ -ഓളങ്ങൾ പോലെയാകാൻ
താണ്ടണം ദൂരങ്ങളേറെയാണെങ്കിലും
താങ്ങായ് ,തണലായ് ഒപ്പമല്ലോ!
വേർപ്പിനാൽ ചന്തം ചമച്ചവളും
വിറയില്ലാതൊട്ടുമേ തലകുനിക്കേ
വേർപെടാച്ചരടിന്റെ മന്ത്രമായ്
മംഗല്യസൂത്രമണിയിച്ചു ഞാൻ!
ആകാശത്താരകൾ കണ്ണു ചിമ്മി
ആത്മഹർഷത്തിൻ പുഞ്ചിരിയാൽ
നേരിവർക്കാനന്ദ പുളകമായ്
നേരായമാർഗ്ഗം തെളിഞ്ഞ് നിന്നു !