പക്ഷികൾ ദേശാടനം നടത്തുമാകാശത്തിൽ,
മത്സ്യങ്ങൾ യഥേഷ്ടമായ് നീന്തുന്ന സമുദ്രത്തിൽ
ഇല്ലെല്ലോ അതിരുകളില്ലെല്ലോ രാജ്യങ്ങളും
പിന്നെന്തേ മനുഷ്യരീ മണ്ണിതിലതിരിട്ടു
മണ്ണിനെ വിഭജിച്ചു യുദ്ധത്തിനൊരുങ്ങുന്നു?

സ്വാർത്ഥത മനമേറി
തീർത്തതാമതിരിലായ്
നിസ്വാർത്ഥർ മരിക്കുന്നുവായുധം ചലിക്കവേ
ഭൂമിയിൽ ബുദ്ധിയേറെയുള്ളതാം ജീവികളീ
ഭൂമിയിൽ പരസ്പരം കൊല്ലുന്നു നിർദ്ദയമായ്

തീരട്ടെ നിരർത്ഥക ദുരയുമഭിമാനോം
വാഴട്ടെ ലോകത്തൊന്നായ് മാനുഷർ നിർഭയരായ്
ഭൂമിയെച്ചുട്ടുകൊല്ലാനൊരുക്കിവച്ചിട്ടുള്ള
ആയുധക്കുമ്പാരങ്ങൾ ശാശ്വതം നശിക്കട്ടെ

രാജ്യങ്ങൾ രാജ്യാന്തരത്തർക്കങ്ങൾ നിലയ്ക്കട്ടെ
ഭൂമിയിൽ സമാധാനമെന്നേക്കും പുലരട്ടെ
മാനുഷർ മഹാമാരി ഭീതിയാലൊതുങ്ങവേ
ഭൂമിയിൽ മഹായുദ്ധകാഹളം മുഴക്കുന്നോർ
മാനുഷ വംശംതന്നെ നശിക്കാൻ നിദാനമാം
നാശത്തെ വഹിക്കുന്നോർ ഓർക്കണം നാമാ സത്യം…

എൻ.കെ അജിത്ത് ആനാരി

By ivayana