രചന : വൈഗ ക്രിസ്റ്റി✍
എൻ്റെ അഭിപ്രായത്തോട്
നീയൊരിക്കലും
യോജിച്ചേക്കില്ല …
അത്ഭുതമെന്നാൽ ,
കാത്തിരിപ്പിൻ്റെ ഇടവഴിയിലേക്ക്
ഓർക്കാപ്പുറത്ത് അഴിച്ചുവിട്ട കടിഞ്ഞാണില്ലാത്ത കുതിരകളാണെന്ന്
നീയെന്നോടെപ്പോഴേ പറഞ്ഞിരിക്കുന്നു
എനിക്കറിയാം ,
നിറയെ മുറിവുകളുള്ള
എണ്ണമറ്റ അത്ഭുതങ്ങൾ
നിൻ്റെ ഹൃദയത്തെ
കലക്കിക്കളഞ്ഞിട്ടുണ്ടെന്ന്
കുഞ്ഞായിരിക്കുമ്പോൾ ,
ഇവനെൻ്റെയല്ലെന്ന്
അപ്പച്ചൻ ഇട്ടേച്ചു പോയത് ,
അമ്മയുടെ പ്രാക്കിൻ്റെ
മേൽക്കൂരയ്ക്ക് താഴെ
ഒരു നിഴലു പോലെ വളർന്നത്
വിങ്ങുന്ന ഹൃദയം പറിച്ചു നൽകിയിട്ടും
കാമുകി ഒരു ചിരി കൊണ്ട്
പ്രണയത്തെ കഴുകിക്കളഞ്ഞത് ,
അങ്ങനെയെന്തെല്ലാം
നീയത്ഭുതത്തോടെ
നോക്കി നിന്നിരിക്കുന്നുവെന്ന്
എനിക്കറിയാം
ഒരു മുറിപ്പാടു പോലുമില്ലാതെ
നിൻ്റെ ഹൃദയം
കീറിപ്പോയത് നിനക്കെന്നും
അത്ഭുതമായിരുന്നു
എനിക്കെന്നാൽ ,
അതങ്ങനെയായിരുന്നില്ല
അലസൻ്റെ ഒഴിവുദിവസം പോലെയായിരുന്നു
എൻ്റെ അത്ഭുതങ്ങൾ .
ഒരു പുഴയിലേക്ക് നോക്കിയിരിക്കേ ,
അന്നത്തെ ദിവസം
ഒന്നും ചെയ്യാനില്ലാത്ത ,
ഒരാൾക്ക് മാത്രം
അനുഭവിക്കാൻ കഴിയുന്ന
കൗതുകം എന്നിലുണ്ടാകുന്നു
അതിൻ്റെ ഉത്ഭവം,
ഒരുകല്ലിൽ തട്ടിത്തെറിക്കുന്ന
ഒരുതുള്ളി പുഴ
എല്ലാം എനിക്ക് അത്ഭുതങ്ങൾ
നൽകുന്നു .
പുഴ ഒഴുകുമ്പോൾ
കവിതയാകുന്നു
നിൻ്റെ പാദം അതിൽ നനയ്ക്കൂ
അതിൻ്റെ ആഴം
നിൻ്റെ മുറിവുകളെ മുത്തുന്നത്
നിനക്കറിയാനാവും
കരിയിലകൾ
ചിറകുവിരിച്ച് പറക്കുന്നതും
മണ്ണിനുള്ളിൽ
ഒരു വിത്ത് കുതറിപ്പിടയുന്നതും
നിനക്കറിയാനാവും
പുഴ നിന്നോടെല്ലാം പറഞ്ഞുതരും
നിൻ്റെ
അത്ഭുതങ്ങളുടെ മേൽ
പുഴനിറഞ്ഞൊഴുകും
ദിവസം മുഴുവൻ
ഒന്നും ചെയ്യാനില്ലാത്തവൻ്റെ
വിശുദ്ധിയിൽ ,
നീ പുഴയിലേക്കിറങ്ങുക
നനയുക …
നനയുക …