രചന : മൻസൂർ നൈന✍
വീട്ടിൽ തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല .
വിശാലമായ മുറ്റങ്ങളും നിവധി മുറികളും .
എല്ലാവർക്കും വേണ്ടി പുകയുന്ന അടുപ്പും ,
വാട്ടർ അതോറിറ്റിയെ ഭയപ്പെടാതെ
കോരിക്കുടിക്കാൻ കിണറ്റിലെ കുളിരുള്ള വെള്ളവും ,
കിണറിലേക്ക് ഊർന്നിറങ്ങി വെള്ളവുമായി
കയറി വരുന്ന ബക്കറ്റിൽ നിന്ന് തലവഴി
വെള്ളമൊഴിക്കുമ്പോൾ കിട്ടുന്ന സുഖവും
മനസിന്റെ കുളിരും
ഇടിച്ചും പൊടിച്ചും അരച്ചും അടുപ്പത്ത്
വേവുന്ന ഭക്ഷണത്തിന്റെ രുചിയും .
ഒരു പ്രത്യേക താളത്തിൽ ഉയർന്നു
പൊങ്ങുന്ന ഉരലുകളും , അമ്മിയിൽ അരയുന്ന ഈണവും …..
പിന്നീടത് ഒരു സ്‌ഫോടനത്തിലൂടെ
ചിന്നിച്ചിതറി തെറിച്ചു വീണു
കൊച്ചു കുടുംബങ്ങളായി രൂപ മാറ്റം വന്നു .
ഓരോ കൊച്ചു കുടുംബളിലും
തങ്ങൾ സൃഷ്ട്ടിച്ച രാജ്യത്തിലെ
രാജാവും രാജ്ഞിയുമായി അവർ വാണു ….
മഹാവിസ്ഫോടനത്തിലൂടെ ചിന്നി ചിതറിയവർക്ക്
വീടു വെക്കാൻ സ്ഥലമില്ലാതായി .
സിഗററ്റ് കൂടുകൾ പോലെ
കുറഞ്ഞ സ്ഥലങ്ങളിൽ വീടുകൾ അടക്കി വെച്ചു .
നിർമ്മാണ പ്രവർത്തനങ്ങൾക്കായി ,
നിർമ്മാണ വസ്തുക്കൾക്കായി
അവർ ഭൂമിയെ ചൂഴ്ന്നെടുത്തു .
ഭക്ഷണങ്ങളുടെയും മറ്റും ലഭ്യത കുറവ്
അവരെ കൃത്രിമത്വത്തിലേക്ക് തള്ളിവിട്ടു .
എല്ലായിടത്തും പാക്കറ്റ് ഫുഡുകൾ , റെഡിമെയ്ഡ് ഫുഡുകൾ .
ആഘോഷങ്ങൾ പോലും അവർ കാറ്ററിങ്ങുകാർക്ക് വിട്ടു നൽകി …
ആശ്വസിപ്പിക്കാനും ആശ്വാസ വാക്കുകൾ പറയാനും
അടുത്ത് ആളില്ലാതായപ്പോൾ അവർ
മക്കളെ കൗൺസിലിങ്ങുകാരെ ഏൽപ്പിച്ചു .
സ്വന്തം കൂട്ടുകാരെയും ബന്ധുക്കളെയും
അവർക്ക് വിശ്വാസമില്ലാതായി .
അവർ ഈവൻ മാനേജ്മെന്റുകാരെ വിശ്വസിച്ചു ,
എല്ലാം പൊങ്ങച്ചമായി .
ബന്ധുക്കളുമായുള്ള ബന്ധങ്ങൾക്ക് പകരം
റെസിഡൻസ് ഓണേഴ്‌സ് അസോസിയേഷനും
ഫ്ലാറ്റ് ഔനേർസ് അസോസിയേഷനുമായി .
ദുഖങ്ങളും വിഷമങ്ങളും പങ്കു വെക്കാൻ
ആളില്ലാതെ എല്ലാം ഉള്ളിലൊതുക്കി
അവസാനം കാർഡിയാക് സ്പെഷിലിസ്റ്റുകൾക്ക് മുൻപിലും
ദുഃഖം പങ്കു വെച്ചു .
മക്കൾ മറ്റു കൂടുകൾ തേടി പോയപ്പോൾ
ഇവർ കണ്ണിൽ കണ്ണിൽ നോക്കിയിരിപ്പായി .
മക്കൾ വല്ലപ്പോഴും കടന്നു വരുന്ന വിരുന്നുകാരായി .
കല്യാണങ്ങൾ ബസ് സ്റ്റാന്റിലൊ , എയർപ്പോർട്ടിലോ
ഒത്തു കൂടുന്ന ആൾക്കൂട്ടം പോലെയായി .
കുറച്ചു നേരം കൂടിയ ശേഷം
അവർ പല വാഹനങ്ങളിൽ യാത്രയാവുന്നു .
ഉള്ളിലെ അസ്വസ്ഥതകളിൽ
അവർ ചിരിക്കാൻ മറന്നു പോയി ,
തമാശകൾ അവരെ അസ്വസ്ഥരാക്കി ……