രചന : ഹരിഹരൻ✍
ഒരുകണക്കിന് എൻ്റെ ഭാര്യ പറഞ്ഞതല്ലേ ശരി ?
അറിവിൻ്റെ ഭണ്ഡാരം ആണ് പുസ്തകം എന്നുകരുതി വാങ്ങിവായിച്ച എല്ലാ പുസ്തകങ്ങളും ജീവിതകാലം മുഴുവനും ഇങ്ങനെ സൂക്ഷിച്ചുവെക്കണോ ?
ഞാനും അങ്ങനെ ചിന്തിച്ചുതുടങ്ങി.
ഈ വാങ്ങിക്കൂട്ടിയ പുസ്തകങ്ങളിൽ കൊള്ളാവുന്നവ വിരളം !
അവയാണെങ്കിൽ ഈയ്യിടെ ഗ്രന്ഥശാലയിൽ/
ക്ലാസ് ലൈബ്രറിയിൽ കൊടുത്തു.
എനിക്ക് തോന്നുന്നില്ല ഈ കിടക്കുന്ന ചവറ് പുസ്തകങ്ങൾ ഇനിയും തുറന്ന് വായിക്കുമെന്ന്.
അല്ലേലും ഈ ഡിജിറ്റൽ ലോകത്ത് മൊബൈലിൽ നോക്കിത്തീരുന്നില്ല. സമയക്കുറവ് തന്നെയാണ് കാരണം.
പിന്നെ നമുക്ക് സ്വന്തമായ ലോകവും ചെറുതാവുകയല്ലേ.
മുത്തച്ഛൻ്റെകാലത്ത് ഒരു പത്ത് ലൈബ്രറിയ്ക്ക് വീട്ടിൽത്തന്നെ ഇടമുണ്ടായിരുന്നു. ഇന്നോ !
സ്ഥലം പകുത്ത് പകുത്ത് നല്ലൊരടുക്കള അഥവാ കിടപ്പുമുറി പണിയാൻ പോലും സ്ഥലമില്ലാതായിരിക്കുന്നു.
ഈയ്യിടെ ചേച്ചി വിളിച്ചു.
ഇവിടെയുള്ള നിൻ്റെ പുസ്തകങ്ങളൊക്കെ വേഗം വന്ന് കൊണ്ടുപൊയ്ക്കോ എന്ന് പറഞ്ഞു.
അവയിൽ കൂടുതലും എൻ്റെ പഠനകാലത്തെ
പുസ്തകങ്ങളാണ്.
ചേച്ചി പുതിയ വീട്ടിലേയ്ക്ക് താമസമാവും മുമ്പ് അവിടെനിന്നിങ്ങെടുക്കാൻ. എൻ്റെ പുസ്തകങ്ങളുമായി ഇനിയും ഒരു വീടുമാറ്റം അസാദ്ധ്യം ആണെന്ന്.
എങ്ങനെ കൊണ്ടുവരാൻ !
പുസ്തകങ്ങൾ നശിപ്പിച്ചുകളയുകയെന്നാൽ അത് നമ്മുടെ സംസ്കാരത്തിനുചേർന്നതല്ല.
ഭാര്യാഗൃഹത്തിലുമുണ്ട് എൻ്റെ വിലപിടിച്ച കുറേ നിധികൾ. അവ ഇപ്പോൾ ചിതൽ തിന്നുകൊണ്ടിരിക്കുന്നു.
ഈ മായാപുസ്കതലോകത്ത്
എൻ്റെ കടലാസ് പുസ്തകങ്ങൾക്ക് എവിടെ സ്ഥാനം ?
ഞാൻ വീണ്ടും ചിന്തിച്ചു.
ഒരുകണക്കിന് ഭാര്യ പറഞ്ഞതല്ലേ ശരി,
കഴിച്ച ഭക്ഷണങ്ങൾ ആരും സൂക്ഷിക്കുന്നില്ലല്ലോ. അതേപോലെത്തന്നെയല്ലേ വായിച്ച പുസ്തകങ്ങളും ?