രചന : ശ്രീകുമാർ എം പി✍
കണ്ണീരിൽ കുതിർന്നു ചിരി വന്നാൽ
കാന്തിയൊന്നുണ്ടൊ യതിനു മീതെ !
മഴയിൽ കുളിച്ചു വെയിൽ വന്നാൽ
മനോഹരമതു കണ്ടീടുവാൻ !
മാരിവില്ലവിടെ പൂത്തുലയും
വർണ്ണങ്ങൾ പീലി വിടർത്തിയാടും
കദനമുരുകി ശില്പമാകും
കമനീയകാന്തി ചൊരിഞ്ഞു നില്ക്കും
മേലേന്നു വീഴ്കെ ചിറകു വന്നാൽ
വീഴില്ല പിന്നെ പറക്കാം മെല്ലെ
കയ്യിലൊരു ദീപം വന്നുചേർന്നാൽ
കാണുമൊ പിന്നെയിരുളെവിടേം !
ചെന്താമരപ്പൂ വിരിയുമെങ്കിൽ
ചേറും ചെളിയും മിത്രമല്ലെ
നിരാശയ്ക്കു മേൽ ചിരി വിരിഞ്ഞാൽ
തോറ്റു നിരാശ ജയിച്ചു നമ്മൾ
ഒന്നു മനസ്സു മടിച്ചു പോകാം
പിന്നെ പ്രവൃത്തിയുദിച്ചുയരും
കൈവിട്ടു പോകുന്നതൊന്നുമില്ല
കൈവശം വന്നവ മാത്രമല്ലെ
കാലമൊരു കാര്യം കരുതുന്നുണ്ടാം
കർമ്മങ്ങൾ ധർമ്മത്തിൽ ചെയ്ക നമ്മൾ
മുന്നിലൊരു വഴിയുണ്ടെന്നാലും
അന്ധകാരത്താലതു കാണില്ല
” ഞാനെ”ന്ന ഭാവത്തിൽ പോയീടുമ്പോൾ
തന്റെ പരിമിതി താനറിയും
പിന്നെ തെളിഞ്ഞു നിവർന്നു നിന്നാൽ
“ഞാനില്ലാ” നൻമകൾ പൂത്തുവരും
പിന്നെയീ ലോകവും താനും തന്റെ
കർമ്മവുമൊന്നായൊഴുകും വീണ്ടും.