ജയരാജ്‌ പുതുമഠം ✍

ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തിയപ്പോൾ കൃത്യവിലോപത്തിന്‌ പിടിക്കപ്പെട്ട ഭോജനാലയങ്ങളുടെ വൻനിര ഏതൊരു മലയാളിയെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായി തീർന്നിരിക്കുന്നു.
ഭക്ഷണമാണ് ആരോഗ്യമെന്നും, അതുതന്നെയാണ് ജീവന് ആധാരമായി ഭവിക്കുന്നതെന്നുമുള്ള വിജ്ഞാനം വിളമ്പുന്ന സംസ്കാരമുള്ളിടത്താണ് ഈ തോന്നിവാസം അരങ്ങേറുന്നത് എന്നത് ഏറെ വിസ്മയിപ്പിക്കുന്നു.
സസ്യഭോജനാലയങ്ങളും, സസ്യേതര ഭോജനാലയങ്ങളും ഈ ചതിപ്രയോഗങ്ങളിൽ ഭിന്നരല്ല.


ആരോഗ്യവും, രുചിയും പ്രധാനം ചെയ്യുന്നതെന്ന് പരസ്യങ്ങൾ നൽകിയും മറ്റും പൊതുജനങ്ങളെ ആകർഷിച്ചു് തങ്ങളുടെ വർണ്ണാഭമായ ശീതളിമയിലേക്ക് ഒരു അഭിസാരികയെപ്പോലെ പരവതാനികളൊരുക്കി മാരകമായ മാറാരോഗങ്ങൾക്ക് കാരണമായേക്കാവുന്ന അഴുകിയ ആഹാരങ്ങൾ വിളമ്പി വഞ്ചിക്കുന്ന സംസ്കാരമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

പലപ്പോഴും അധികാരികളുടെ കുറ്റകൃത്യ പട്ടികയിൽ ഒരേ നാമത്തിലുള്ള ഹോട്ടലുകൾ തന്നെ ആവർത്തിച്ചു് വരുന്ന അത്യപൂർവ്വമായ സാഹസക്രിയയും ജീവനിൽ കൊതിയുള്ള ജനങ്ങളിൽ ഞെട്ടലുളവാക്കുന്നുണ്ട്.
പിടിക്കപ്പെടുന്ന ഹോട്ടലുകളുടെ നാമം വെളിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ പലപ്പോഴും വിമുഖത പ്രകടിപ്പിക്കുന്നതിന്റെ രഹസ്യങ്ങൾ ജനങ്ങൾക്ക്‌ വ്യക്തമാകുന്നുണ്ടെങ്കിലും ‘പത്രധർമ്മ’ ത്തെ വാഴ്ത്തുന്നു.


ഇതിന്‌ ശാശ്വതമായ പരിഹാരമില്ലേ?
“Food saftey department കാർ പറയുന്നപോലെയൊന്നും സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ ആർക്കും കഴിയില്ല”എന്നാണ്
ചില ഹോട്ടലുടമകളുടെ മുടന്തൻ ന്യായം.
അതുശരിയോ..?


എന്നുവെച്ചാൽ “ഞങ്ങൾ ഏത് ചീഞ്ഞഴുകിയ ശവങ്ങളും വിൽക്കും താനാരുവാ ചോദിക്കാൻ” എന്നാണോ ധ്വനി.
അതുകൊണ്ട് വിശക്കുന്നവന്റെ രക്ഷയെ മാനിച്ച് ഒന്നിലേറെത്തവണ പിടിക്കപ്പെടുന്ന ‘മാന്യ’ ഭക്ഷണശാലകളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നതിന്റെ തൊട്ടടുത്ത്‌ തങ്ങൾ എത്രതവണ ഹെൽത്ത്‌ വകുപ്പിന്റെ പരിശോധനയിൽ പിടിക്കപ്പെട്ടവരാണെന്ന’ബഹുമതി പത്രവുംകൂടി അധികാരികളുടെ കയ്യൊപ്പോടുകൂടിയത് പ്രദർശിപ്പിക്കുന്നത് നന്നായിരിക്കും!

ജയരാജ്‌ പുതുമഠം

By ivayana