രചന : മാധവി ടീച്ചർ, ചാത്തനത്ത്✍

ധനുമാസക്കാറ്റിലെൻ മുറ്റത്തെ മാവിന്റെ
മോഹം തളിർത്തു ചാഞ്ചാടിടുമ്പോൾ
പൂന്തളിർ നൃത്തച്ചുവടുകൾ വെക്കുന്ന
ചാരുതയിൽ മനം തുടിച്ചിടുമ്പോൾ

മാന്തളിരേറെ മുകർന്നിടാൻ മോഹമായ്
കൂകിയണത്തൊരു പൂങ്കുയിലാൾ
എതിർപ്പാട്ടുമൂളി ഞാൻ നില്ക്കവേ മാവിൻ്റെ
തുഞ്ചത്തൊരണ്ണാരക്കണ്ണനെത്തി.

പൂവാലിത്തത്തമ്മ മെല്ലെപ്പറന്നെത്തി
പൂഞ്ചിറകഴകായ് മിനുക്കിടുമ്പോൾ
പീലിക്കുടയും നിവർത്തി മയൂരവും
വർണ്ണമനോഹര നൃത്തവുമായ്.

കളിയും,ചിരിയുമായ് ഞങ്ങൾ നിൽക്കേയതാ
പൂച്ചക്കുറിഞ്ഞിയൊന്നരികിലെത്തി.
ചിരിതൂകി കഥയേറെ ചൊല്ലുവാൻ കൂട്ടിനായ്
വായാടിക്കിളിയുമാ കൊമ്പിലെത്തി.

പാട്ടും, കഥകളും ഏറെ രസങ്ങളും
മേളമായ് താളമായ് ആഘോഷമായ്.
മാന്തളിർചൂടിയ ചക്കരമാവിന്റെ
മാനസം പൂത്തുതളിർത്തതുപോൽ .

ഹൃത്തിലൊരായിരം സ്വപ്നവുമായി ഞാൻ
മുറ്റത്തെമാവിന്റെ ചോട്ടിൽനിൽക്കെ
ബാല്യമോഹങ്ങളെ തൊട്ടുണർത്തീടുന്ന
കുയിൽപ്പാട്ടിന്നീണം കുതൂഹലമായ് ..!!

മാധവി ടീച്ചർ,

By ivayana