രചന : രാജേഷ് കോടനാട് ✍

നാൽപതു കഴിഞ്ഞവരുടെ
റീയൂണിയനിൽ നിന്നാണ്
അടുക്കളയിൽ
എന്നോ കളഞ്ഞു പോയ
ഒരു പുഞ്ചിരി
അവർക്ക് വീണുകിട്ടിയത്.
അന്ന് നഷ്ടപ്പെട്ട അധരാഭരണം
തിരിച്ചു കിട്ടിയപ്പോൾ
അതിലെ മുത്തുകൾ
അന്നത്തേതിനേക്കാൾ
ശോഭിക്കുന്നുണ്ടായിരുന്നു.
പതിറ്റാണ്ടുകൾക്കിപ്പുറം
കടുംമഞ്ഞ നിറത്തിലുള്ള
പിയോണികൾ
അന്നു തന്നെയാണ്
പൂത്തുലഞ്ഞത്.
ഗ്രൂപ്പുകയറിൽ തളച്ചിട്ട
നാൽപതുകളെ
വസന്തത്തിൻ്റെ വെയിലാൽ
ഫ്ലാഷ് അടിക്കുമ്പോൾ
ചാടിയ വയറുകളിൽ
ഒരു ഹാഫ് സാരി
ഓടിക്കേറും
ചിലരിൽ,
ചുരുക്കം ചില ചുരിദാറുകളും.
ആണുങ്ങൾക്കാണെങ്കിൽ
മരുഭൂമിയായ ശിരസ്സിൽ
പരുവ തളിർക്കും.
അടിവയറ്റിൽ
ഒരു കമ്പിത്തീവണ്ടിയുടെ ഇരമ്പൽ
ഉയർന്നുപൊങ്ങി ഇല്ലാതാവും.
അന്നത്തെ മിണ്ടാപ്രാണികൾ
കവികളാവും
വായാടികൾ ഋഷികളാവും
വിപ്ലവകാരികൾ
ധ്യാനനിമഗ്നരാവും
പുസ്തകപ്പുഴുക്കൾ
ടൈൽസിൻ്റെ മേസ്തിരികളാവും
ക്ലാസ്സ് കട്ടു ചെയ്ത്
നൂൺഷോ കണ്ടവരെല്ലാം
ഭാര്യ ഉറങ്ങുമ്പോൾ
പോൺ സൈറ്റുകളിൽ അലയും.
ബാച്ച് മീറ്റിംഗ് ഒരു കണ്ണടയാണ്
സീറോ പോയിൻ്റിലും
തെളിഞ്ഞു കാണുന്ന
പുത്തൻ കണ്ണട!

By ivayana