മാസങ്ങൾക്കുശേഷം
പഴയ കേസിന്റെ ഒരു പേപ്പർ വാങ്ങാൻ ഇന്ന് കോടതിയിൽ പോകേണ്ടിവന്നു.

പുറത്തെ വലിയ ക്യൂവിൽ നിന്ന് അരമണിക്കൂറിനുശേഷം അകത്തുകയറി.

ആവശ്യപ്പെട്ട പേപ്പർ ഓൺലൈൻ വഴിയാണെന്നും അതിനായി കോണ്ടാൽറ്റ്‌ ചെയ്യാൻ ഒരു നമ്പരും മെയിൽ ഐഡിയും മാത്രമാണു അവർ തന്നത്‌.

“പുറത്തുപോയി വിളിക്കൂ. കാര്യം പറഞ്ഞ്‌ കേസ്‌ നമ്പർ കൊടുത്താൽ എങ്ങനെ അപ്പ്ലൈ ചെയ്യാം എന്നവർ പറഞ്ഞുതരും”
എന്ന് പറഞ്ഞ്‌ അവർ എന്നെ പുറത്തേക്കയച്ചു.

പലതവണ വിളിച്ചെങ്കിലും കോൾ എടുക്കുകയുണ്ടായില്ല.

വ്യക്തത വരുത്താതെ തിരികെപ്പോയാൽ ഭാരിച്ച ടാക്സിക്കാശുകൊടുത്ത്‌ പിന്നെയും വരണമല്ലോ എന്നോർത്ത്‌ ശ്രമിച്ചുകൊണ്ടേയിരുന്നു.

അകലെനിന്നും നടന്നുവന്ന ഒരാൾ നേരെ എന്റടുത്തുവന്ന് ചോദിച്ചു:

“അകത്തേക്ക്‌ വിടുന്നുണ്ടോ?
എന്തൊക്കെ പ്രികോഷൻസ്‌ വേണം?
ഗ്ലൗസ്‌ നിർബന്ധമാണോ?”

“വേണ്ട. മാസ്കും എതിറാസ്‌ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസും മതി. വിടുന്നുണ്ട്‌. ആ ക്യൂവാണു.”

ഞാൻ കൈചൂണ്ടിയ ഇടത്തേക്ക്‌ അയാൾ നടന്നുപോയി.

പിന്നെയും അഞ്ചാറുതവണ അവരുതന്ന നമ്പരിലേക്ക്‌ വിളിച്ച്‌ പ്രതികരണം ഇല്ലാഞ്ഞതിനാൽ ഞാൻ തിരികെപ്പോകാനായി നടക്കുമ്പോൾ അയാൾ പിറകിൽനിന്ന് വിളിച്ചു.

“ഭായ്‌. താങ്ക്സ്‌.”

ഞാൻ ചിരിച്ചുകൊണ്ട്‌ കൈവീശി.

ഡ്രസ്‌ കോഡ്‌ ഒക്കെ കണ്ടാൽ ഒരു P.R.O. ലുക്ക്‌ ഉള്ളതോണ്ട്‌ എനിക്ക്‌ പെട്ടെന്ന് മനസിൽത്തോന്നി.

എനിക്കാവശ്യമുള്ള കാര്യത്തെക്കുറിച്ച്‌ അയാൾക്കറിയാമെങ്കിലോ?
ഒന്ന് ചോദിച്ചു നോക്കിയാലോ.

വീണ്ടും തിരിഞ്ഞ്‌ നോക്കിയപ്പോൾ അയാൾ റോഡ്‌ ക്രോസ്‌ ചെയ്യാൻ നിൽക്കുകയാണു.

“ഭായ്‌…!”
ഞാൻ വിളിച്ചപ്പോൾ അയാൾ നിന്നു.

ഞാൻ അടുത്തേക്ക്‌ ചെന്നപ്പോൾ അയാൾ ചോദിച്ചു.

“എന്തുപറ്റി?”

“ഒരു ചെറിയ കാര്യം അറിയാനുണ്ടാർന്നു.
അറിയുന്നതാണേൽ പറഞ്ഞുതരുമോ.
അകത്തുനിന്ന് ഒന്നും പറഞ്ഞില്ല. എനിക്ക്‌ അറബി അറിയില്ല. ഇപ്പോ സ്റ്റാഫുകൾ വളരെ കുറവായതോണ്ടും കൗണ്ടറുകൾ വർക്കിംഗ്‌ അല്ലാത്തോണ്ടും ചോദിക്കാൻ വേറാരുമില്ല. ഹിന്ദി അറിയാവുന്ന ഓഫീസ്‌ ബോയ്‌ പോലും.”

“ശരി വരൂ ആ തണലത്തേക്ക്‌ നിൽക്കാം. ഞനൊരു കോളിലാണു. ഇത്‌ കഴിഞ്ഞ്‌ വിശദമായി നോക്കാം.”

അപ്പോളാണു അയാളൊരു വയർലസ്‌ ഹെഡെസ്റ്റ്‌ / ഇയർബഡ്‌ വച്ചിരിക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചത്‌.

സോറി അറിഞ്ഞില്ലാർന്നു. കോൾ കഴിഞ്ഞിട്ടുമതി.

ഞങ്ങൾ രണ്ടാളും തണലിലേക്ക്‌ മാറി നിന്നു.

അയാൾ കോടതിയുമായി സംബന്ധിച്ച ചിലകാര്യങ്ങളാണു ഫോണിൽ സംസാരിക്കുന്നതെന്ന് എനിക്ക്‌ മനസിലായി.
(മൂന്ന് വർഷത്തോളം ഇതിന്റെ പിറകെ നടന്നോണ്ട്‌ ഹുകൂമി, തമീസ്‌,
തൻഫീസ്‌ അങ്ങനെ കുറച്ച്‌ വാക്കുകളൊക്കെ കോടതിക്കകത്തും മറ്റും ഒരുപാട്‌ കേട്ട ഓർമ്മയുണ്ട്‌.)

രണ്ടുമൂന്ന് മിനുറ്റ്‌ ഫോണിൽ സംസാരിച്ചശേഷം അയാൾ ചോദിച്ചു.

“നിങ്ങൾക്കെന്താ അറിയേണ്ടത്‌.”

ഞാൻ ആ പേപ്പറിന്റെ പേരു പറഞ്ഞു.

അയാൾ ഫോൺ എനിക്ക്‌ തന്നിട്ട്‌ പറഞ്ഞു.

“ദാ ഈ വിഷയത്തിൽ എന്നെക്കാൾ നല്ല അറിവുള്ള ആളാണു. നേരിട്ട്‌ സംസാരിക്കൂ.”

ഞാൻ ഫോൺ വാങ്ങി.
ഒരു ഏഴക്ക നമ്പർ.

സാധാരണ പോലീസ്‌, മിനിസ്ട്രി, ഹ്യൂമൻ റൈറ്റ്സ്‌, സി ഐ ഡി ഡിപ്പാർട്ടുമെന്റുകളിൽനിന്നൊക്കെ ഏഴക്ക നമ്പരുകളിൽനിന്ന് കോളുകൾ വരാറുള്ളത്‌ ഞാനോർത്തു.

ഹാവൂ.
ഇതിലേതോ വകുപ്പിലെ
ഉദ്യോഗസ്ഥനാണു.
കൃത്യമായ
ഇൻഫർമ്മേഷൻ കിട്ടുമല്ലോ.
എനിക്കാശ്വാസമായി

ഞാനയാളോട്‌ സംസാരിച്ചു.
അയാൾ കൃത്യമായി,
പോകേണ്ട സ്ഥലവും,
ഫ്ലോർ നമ്പരും,
കൗണ്ടർ നമ്പരും,
സമയവുമടക്കം
എല്ലാം പറഞ്ഞുതന്നു.

ഫോൺ തന്നയാൾ അൽപം
അകലത്തിൽ
നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ നന്ദി പറഞ്ഞശേഷം
ഫോൺ തിരികെനൽകി.

നന്ദി പറഞ്ഞു പോകാൻ നേരം
ഞാനയാളോട്‌ പറഞ്ഞു.

“നിങ്ങളെപ്പോലെ മിനിസ്ട്രിയിലോ,
പോലീസിലോ, സി ഐ ഡിയിലോ
ആരെങ്കിലുമുണ്ടെങ്കിൽ രക്ഷപ്പെട്ടേനെ.
ഇങ്ങനെ
അലയേണ്ടിവരില്ലാർന്നു എനിക്ക്‌.”

അയാൾ നിർവ്വികാരനായി,
മെല്ലെ പറഞ്ഞു:

“നിങ്ങൾ സംസാരിച്ചത്‌ എന്റെ ജ്യേഷ്ഠനോടാണു.
അദ്ധേഹം ജയിലിലാണു.”

തലക്ക്‌ കൂടം കൊണ്ടുള്ള അടിയേറ്റപോലെ
ഞാൻ മരവിച്ചുനിന്നു.

പെട്ടെന്ന്
സ്വബോധം തിരിച്ചെടുത്ത്‌
ചോദിച്ചു.

“ജയിലിൽ?”

“അതെ.!
ഒരു ചെക്കുകേസിൽ പെട്ടതാ.
എനിക്കിവിടെ അധികമാരെയും പരിചയമൊന്നുമില്ല.
എന്ത്‌ ചെയ്യണമെന്നറിയില്ല.
അതുകൊണ്ട്‌;
അദ്ധേഹത്തെ ഇറക്കാൻ എന്ത്‌ ചെയ്യണമെന്ന്
അദ്ധേഹത്തോടുതന്നെ ചോദിച്ചുമനസിലാക്കി,
അതിനനുസരിച്ച്‌
കാര്യങ്ങൾ ചെയ്യുകയാണു ഞാൻ.
ശരി പോട്ടെ.
വേറൊരാളെ കാണാനുണ്ട്‌.”

പറയാൻ വീണ്ടുമൊരു
നന്ദിവാക്കോ, ആശംസയോ ഇല്ലാതെ
ഞാൻ സ്തംഭിച്ച്‌ നിൽക്കേ,
അയാൾ
തന്റെ പ്രതിസന്ധികളെയെന്നവണ്ണം
റോഡുമുറിച്ചുകടന്നിരുന്നു…

By ivayana