രചന : ബിനു. ആർ.✍

പോകാം… പോകാം… പോകാം
നമ്മുക്കീതിരക്കില്ലാ വഴിയിറമ്പിലൂടെ
കെണിവയ്ക്കാൻ കാത്തിരിക്കും മനുഷ്യമൃഗമില്ലാത്ത
തൊടികളിലൂടെ പോയകാലത്തിന്റെ മാധുര്യമോർത്ത്.
കളകളാരവം പൊഴിക്കും തോടിന്നരുകിലിരുന്നെനിക്ക്
വെള്ളത്തിൽ നീന്തിത്തുടിക്കും
സ്വർണ്ണമീനിനെ കൈയ്യെത്തിപ്പിടിക്കാം.
വാഴക്കൂമ്പിൻപൂവൊരുക്കി എനിക്ക്
തേനൂറ്റിക്കുടിക്കാം
തോക്കിന്മുനയെത്താത്തിടത്തിലേക്ക്
വാലുയർത്തി ചിലുചിലാരവം പൊഴിച്ചു
പ്ലാവിൻകൊമ്പത്തൂടെ പാഞ്ഞു നടക്കാം.
കൂടിന്നകത്തടയിരിക്കും
കോഴിപ്പിടപോൽ
വീടിന്നകത്തു പമ്മിയിരിക്കും
ഇരുകാലികൾ
നമ്മെക്കണ്ടാലും കാണാത്തപോൽ
മൊബൈലിൽ കുത്തിയിരുപ്പുണ്ടാവും.
അവരുടെ മടിയിലൂടെ
തൊങ്ങൽചാട്ടംചാടി
അലോലമാടി അടുക്കളയിലേക്ക്
കടന്നുചെല്ലാം.
അടുപ്പിൻതട്ടിലിരിക്കും പൂവാലിപയ്യിൻ
പാലൊന്നു തട്ടിമറിച്ചിട്ടു കുടിച്ചാലോ
അറിയുവതില്ല അവരാരുമേ, ടീവിയിൽ
സിനിമയിൽ കണ്ണുമിഴിച്ചിട്ടുണ്ടാവും.
ഇനിയുമിതുപോലൊരു നല്ല കാലം
വരുമെന്നു നിനക്കുവാനാവതല്ലെങ്കിലും
കാണാത്തൊരു, ഇവർ ചൊല്ലും,
വൈറസ്സിനോടായ് നന്ദിയേറെ ചൊല്ലീടാം.

By ivayana