രചന : വാസുദേവൻ. കെ. വി✍
മൂന്ന് നിയമസഭാ സാമാജികരെ സഭ നിയന്ത്രിക്കാൻ പ്രതീകാത്മകമായി പ്രതിഷ്ഠിച്ച് നവോത്ഥാന സംരക്ഷകർ എന്ന് പ്രഖ്യാപിച്ചപ്പോൾ മുതിർന്ന സാമാജികൻ സംശയമുയർത്തി. ചെയറിനെ മാഡം എന്നാണോ സംബോധന ചെയ്യേണ്ടതെന്ന്. ജന്മഭൂമിയെ മാതാവായി കാണുന്ന നമ്മൾക്ക് രാഷ്ട്രപതി പദത്തിൽ സ്ത്രീ എത്തുമ്പോഴും സംശയം, അവരെ രാഷ്ട്രപത്നി എന്നു വിളിക്കാനാവുമോ? ലോക സഭയിലെ പ്രതിപക്ഷ നേതാവ് പ്രസിഡണ്ടിനെ അങ്ങനെ സംബോധന ചെയ്തു . പതി എന്ന വാക്കിന് യജമാനന്‍, നേതാവ്, പ്രഭു എന്നൊക്കെയാണ് വിവക്ഷ . പദവിയെയാണ് സംബോധന ചെയ്യേണ്ടത്. വ്യക്തിയെ അല്ലല്ലോ. അവിടം ന്യൂട്രൽ ആക്കേണ്ടതല്ലേ അനിവാര്യം?
പ്രസിഡന്റ് , സിറ്റിസൺ , ഡോക്ടർ , എഞ്ചിനീയർ , പെയിന്റർ , ഡ്രൈവർ , ബാർബർ , ടീച്ചർ , നേഴ്സ് , ഫ്രണ്ട് തുടങ്ങിയവ സർവ്വനാമങ്ങൾക്കും നമ്മൾ ഇത്തരം പെൺവേഷം അറിയിക്കുന്നു. ‘ലേഡി ഡോക്ടര്‍’ , ഗേൾ ഫ്രണ്ട് ,‘മെയില്‍ നേഴ്സ്’ എന്നൊക്കെയും നമ്മൾ വിഭാഗീകരിക്കുന്നു.ഔദ്യോഗിക മുദ്രകൾ ഇരുവർക്കും ഒന്നുതന്നെയെങ്കിലും .
സമത്വത്തിന് മുറവിളി കൂട്ടുന്നചില സ്ത്രീ സുഹൃത്തുക്കൾ പേരിനോടൊപ്പം വൈവാഹിക അവസ്ഥകൂടി ചേര്‍ക്കുന്നു . പുരുഷന് അത് നിര്‍ബന്ധമല്ല.
പെണ്‍കുട്ടിയുടെ പേരിന് മുന്‍പില്‍ കുമാരി എങ്കിൽ വിവാഹിതയാണെന്ന് പ്രഖ്യാപിക്കാൻ മിസ്സിസ് ചേർത്ത്. സ്വാതന്ത്ര്യവും,സ്വത്വവും, സ്വശ്ര യവും സ്വയം പ്രഖ്യാപിക്കുന്നവർ പുരുഷനാമവും, ജാതിപ്പേരും വാലായി കൂടെകൂട്ടുന്നു.
നമ്മുടെ ശ്രേഷ്ഠ ഭാഷയിലും കാണാനാവുന്നു ആൺകോയ്മ. ഇപ്പോഴും സര്‍വ്വ നാമങ്ങള്‍ മൂന്നു വിധമാണ്. ഉത്തമ പുരുഷന്‍, മധ്യമ പുരുഷന്‍, പ്രഥമ പുരുഷന്‍.
മലയാളത്തേക്കാള്‍ ഭേദമാണ് ഇംഗ്ലീഷിൽ ജൻഡർ ന്യൂട്രലിറ്റി . അവിടെ പദങ്ങള്‍ ഏറെയും ന്യൂട്രല്‍ ആണ്.
രാഷ്ട്രഭാഷ ഹിന്ദിയിൽ . അങ്ങേയറ്റം സ്ത്രീവിരുദ്ധത. അചേദന വസ്തുകൾക്ക് വരെ ലിംഗഭേദം.
ഇതര ലിംഗസ്വഭാവമുള്ളവരെ നമ്മൾ “ഷീ മേയ്ൽ ” എന്നാണ് സംബോധന. അവിടെയും പെൺവിരുദ്ധത ഉറപ്പാക്കുന്നു.
അക്ഷരമാലയിലെ അക്ഷരങ്ങൾ തൂത്തെറിഞ്ഞ നമ്മൾ ഇനിയെന്ന് തിരുത്തും ഭാഷയിലെ ലിംഗാക്ഷേപങ്ങൾ?? അക്ഷരങ്ങളിൽ,വാക്കുകളിൽ, നാമങ്ങളിൽ ശുദ്ധി വരുത്തി സമത്വം കൈവരിക്കേണ്ടതുണ്ട്.
അടിസ്ഥാനമാറ്റങ്ങള്‍ അടിത്തട്ടില്‍ നിന്നല്ലേ തുടങ്ങേണ്ടത് . ആശയങ്ങളുടെ, ചിന്തയുടെ, കാഴ്ചപ്പാടുകളുടെ ശബ്ദരൂപമാണ് ഭാഷ. മാറ്റങ്ങള്‍ അവിടെ കൊണ്ടുവരാനാവട്ടെ നമുക്ക്.