രചന : പി സി സന്തോഷ്‌ ബാബു✍

നഗരം
ഇരുൾക്കണ്ണടയ്ക്കുന്ന
പരാജിതർക്കിടയിൽ
നിന്നുകത്തുന്നുണ്ട്.
തെരുവുകൾ
രുധിരചുംബനങ്ങളാൽ
ദുരിതം
പിറവിയെടുത്ത
അനേകം
പ്രാണൻ
നിസ്സഹായരായി അലയുന്നിടം.
വാതിലുകളില്ലാത്ത
ശീതികരിക്കാത്ത
മണ്ണിലെ
മേഘമുറികൾ
ഇവിടം,
കണ്ണീരുറക്കമില്ലാത്തവർ
ചുറ്റും.
നെഞ്ചുപൊട്ടി
കനവൊട്ടി
ഒരിരുൾ വഴിയും
തെളിയാതെ
പാപാശാപങ്ങളുടെ
ബീജം പേറി
പൊക്കിൾക്കൊടിയറ്റവർ
പുലരുന്ന തെരുവുമിവിടം.
ഓരോ
ധനുവിലും
തണുത്തുവിറങ്ങലിച്ച്
പ്രതീക്ഷകളുടെ
നിയോൺ രശ്മികളില്ലാത്ത
ഹൃദയഞരമ്പുകളെ
പിടിച്ചുടച്ച്
കടിച്ചോടുന്ന
കാലത്തെ നോക്കി
നിർവികാരരായിരിക്കുന്ന
കോലങ്ങളുടെ
നരകമാണിവിടം.
ഓരോ
രാവറുതികഴിയുമ്പോഴും
നഗരമാന്യതയുടെ
ബീജം പേറുന്നവർ അലയുന്ന
ഈ ഗർഭപാത്രത്തിൽ
മേനി മിനുക്കി
രസച്ചായം
തേച്ചുപിടിപ്പിപ്പിക്കാനാകാതെ,
ഉറ്റവരവരകാശികളില്ലാതെ,
ഉയിരൊടുങ്ങുങ്ങും വരെ
നഷ്ടകാമുകിയാം
നഗരത്തെ
പ്രണയിക്കുന്നവരേ
നിങ്ങൾ
സ്വർഗ്ഗനേരവകാശികൾ.!

By ivayana