രചന : മനോജ്.കെ.സി.✍️

ആത്മാവിനേറ്റം പ്രിയമുള്ളൊരാളേ…
അഴകോലുമീ ധനുമാസ കുളിരും പ്രഭാതത്തിൽ
ഏറെ നിറമാർന്ന മോഹത്തിരമാലയോടെ
ഞാൻ,
നിന്നരികിലണഞ്ഞേറെ
ഉത്സാഹമോടുരിയാടിയ മൊഴികൾക്ക്
മറുമൊഴി നൽകാതെ
നിന്നിൽ ചുഴ്ന്നു നിഴലാടിയ വിമൂകത
എന്നിൽ നിറശോഭയോടെ
ജ്വലിച്ചൊരാ നെയ്ദീപനാളത്തിൽ
കരിനിഴൽ കുത്തുകൾ തീർത്തെൻ
കരളിനെയാകേ,
ഞെരിച്ചുടച്ചപ്പോൾ
അത്,
എന്തിനാൽ,
ആയിടാമെന്ന…
വല്ലായ്മയൊരു,
ചെറുയാവിയായി…
ചുറ്റിലും വായുവിലെവിടെയോ
ഒതുങ്ങി നിശബ്ദമായി…
കൂർത്ത വിഷാദമുള്ളിനാൽ
കോറി
നിണം മൊലിച്ചിറങ്ങിയ
പ്രാണനിൽ
നിൻ മൗനം കോരിയിട്ട
കല്ലുപ്പിൻ
അഗാധനൊമ്പര
കനൽമഴയാൽ,
പൊള്ളിയടരുന്നുവീ
യാദിമദ്ധ്യാന്തരഹിതമാ
മുൾച്ചോദനാദണ്ഡകം…
നിന്നിൽ നിന്ന് എന്നിലേക്കും,
എന്നിൽ നിന്ന് നിന്നിലേക്കും,
ആഴത്തിൽ പടർന്നൂർന്നിറങ്ങിയ
ആത്മശാഖിതൻ,
തരളിതവേരിൻ,
ഇളം,
നാഡീപടലങ്ങളെയടർത്തി…
അറത്തുമാറ്റുന്നുവോ
നീ നിന്നിലെ
നിസ്സംഗബലിഷ്ഠകരങ്ങളാൽ…
നാം
അന്യോന്യ –
മന്തരാളങ്ങളിൽ…
ഊടും പാവുമായി
അനുനിമിഷം
നെയ്തുകൂട്ടിയ
നമ്മിലെ കനവുകളുടെ
കനവുകളുടെ
കുരൽനാവിനെ,
പതിയെ
പതിയെ
ഞെരിച്ച് നീ
മൃതിദേവതയ്ക്കൊരു
ബലിതൂവിടാനായി,
അനുരാഗസ്ഥായിതലങ്ങളിൽ
തന്നെയൊരു
കുരുതിപീഠത്തിന്നൊരുക്കങ്ങൾ മുളപൊട്ടി നിന്നതോ
നിന്നിൽ ഘനീഭവിച്ചോരാ അഗാധമൗനം…

മനോജ്.കെ.സി.

By ivayana