രചന : വേണുക്കുട്ടൻ ചേരാവെള്ളി✍️
അത്തൽ പറഞ്ഞു കൊണ്ടിത്തിളായ്
വന്നവർ
ശാഖികൾ തല്ലിക്കൊഴിച്ചു മെല്ലെ
വൃക്ഷത്തിനാധാരമെന്റെ പേർക്കെന്റെ പേർക്കാർപ്പൂ വിളിച്ചൂ രസിച്ചു മെല്ലെ
ജാതി മതത്തിന്റെ വേരുകളൊക്കെയും ആഴത്തിലോട്ടങ്ങിറക്കി മെല്ലെ
അമ്മിഞ്ഞ നൽകുവാനിടമില്ലാ വിധമെല്ലാ
പാൽ ഞരമ്പിലുമമ്പേ വിഷം നിറച്ചു
അഭയമായ് നിലനിന്ന ഹരിത വർണ്ണത്തിനെ തൃണമുണങ്ങുന്നൊരു കോലമാക്കി
വേരിൽ ജലം തരും പ്രകൃതി മുഴുവനും തിന്നുവാൻ മതമന്നു ചൊല്ലിയത്രേ
തണൽ നഷ്ടമായുള്ള വേനലിൻ തീച്ചൂടിൽ
ദൈവ കോപത്തെ തിരഞ്ഞു മെല്ലെ
ഉണ്ണിക്കിടാക്കളോടോടി നടക്കുന്ന
കന്നാലി തന്റെ കഴുത്തറത്തു
എന്നിട്ടും തീർന്നില്ല വേനലും ദാഹവും
സ്വയം രക്തമൂറ്റിക്കുടിക്കുകിലും
മതമില്ല ജാതി വയറ്റിലാണുള്ളൊരു
ജഠരാഗ്നി തന്റെ കിതപ്പടക്കാൻ
മുള പൊട്ടുവാനുള്ള വിത്തുകൾ പോലും ആർത്തി അത്യാർത്തിയിൽ ചുട്ടു തിന്നു
ശേഷിച്ചതിന്നായ് പരതിയാൽ കിട്ടുമോ
എല്ലാം നിനക്കായ് നിനച്ചൊരന്നം
പച്ചപ്പ് മാറിയ ഊഷര ഭൂമിയും
വറ്റി മറഞ്ഞ കടലുമെല്ലാം
കൺ കൊണ്ടീ നാൾകളെക്കാണാം മടിയാതെ
കേവലമല്പ ദിനം കഴിഞ്ഞാൽ
മതവും കാണില്ല മദിയും കാണില്ല കുണ്ടിലാണ്ടുള്ളൊരു കണ്ണിലപ്പോൾ
ഇന്നലെയുള്ളവർ
ഇന്നേക്ക് വച്ചപോൽ
നാളേക്കായ് ഇന്നേ
കരുതി വയ്ക്കാം